ബെംഗളൂരുവിന്റെ രക്ഷകനായി ഉദാന്ത സിങ്, ലീഗിൽ ഒന്നാമത്

ഐഎസ്എല്ലിൽ ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആതിഥേയരായ ബെംഗളൂരു എഫ്‌സിക്ക് വിജയം. ഡൽഹി ഡൈനാമോസിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബെംഗളൂരു എഫ്‌സി മറികടന്നത്. ബെംഗളൂരു എഫ്‌സിക്ക് വേണ്ടി ഉദാന്ത സിങ് ആണ് വിജയ ഗോൾ നേടിയത്. വിജയത്തോടെ ലീഗ് പട്ടികയിൽ ഒന്നാമതെത്താൻ ബെംഗളൂരുവിനയായി.

ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയ മത്സരത്തിൽ ഫിനിഷിങിലെ പിഴവാണ് ഡെൽഹി ഡൈനാമോസിന് തിരിച്ചടിയായത്. 6 ഷോട്ട് ഓണ് ടാർഗറ്റുകൾ ഉതിർത്തു എങ്കിലും ഒന്നും ഗോളാക്കി മാറ്റാൻ ഡെൽഹിക്കായില്ല. ഗോളൊന്നും പിറക്കാതിരുന്ന ആദ്യ പകുതിയും, രണ്ടാം പകുതിയും അവസാനിക്കാറായപ്പോൾ ആണ് വിജയ ഗോൾ പിറന്നത്. മത്സരം സമനിലയിൽ കലാശിക്കും എന്നു തോന്നിയ നിമിഷത്തിൽ 87ആം മിനിറ്റിൽ ആണ് ഉദാന്ത സിങ് ഗോൾ കണ്ടെത്തിയത്.

വിജയത്തോടെ ബെംഗളൂരു എഫ്‌സിക്ക് 7 മത്സരങ്ങളിൽ നിന്നായി 19 പോയിന്റ് ആയി. 8 മത്സരങ്ങളിൽ നിന്നും 16 പോയിന്റുള്ള എഫ്‌സി ഗോവ ആണ് രണ്ടാമത്.