പതിവു തെറ്റിച്ച് ബ്ലാസ്റ്റേഴ്സ്, ഇത്തവണ തോല്‍വി

സമനിലയുടെ പരമ്പരയ്ക്ക് അവസാനമിട്ട് കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് പരാജയം. സ്വന്തം ഗ്രൗണ്ടിൽ നടന്ന മത്സരത്തില് ലീഗ് ടേബിളിൽ താഴെ തട്ടിൽ കിടന്നിരുന്ന പുനെ സിറ്റിയോടാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരാജയം ഏറ്റുവാങ്ങിയത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു പുനെ വിജയം കണ്ടത്. ഐഎസ്എൽ ചരിത്രത്തിൽ ആദ്യമായാണ് പുനെ കേരള ബ്ലാസ്റ്റേഴ്‌സിനെ കൊച്ചിയിൽ തോല്പിക്കുന്നത്.

ലഭിച്ച അവസരങ്ങൾ മുതലാകുന്നതിൽ പരാജയപ്പെട്ടാണ് ബ്ലാസ്റ്റേഴ്‌സ് പുനെയോട് പോലും തോൽവി വഴങ്ങിയത്. മത്സരത്തിന്റെ 20ആം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം കീറി മുറിച്ചു മലയാളി താരം ആഷിക് നൽകിയ പാസിൽ നിന്നും മാഴ്‌സലിഞൊ ആണ് പുനെയുടെ വിജയ ഗോൾ നേടിയത്. മാഴ്‌സലിഞൊയുടെ ഷോട്ട് തടയാൻ ശ്രമിച്ച മലയാളി താരം അനസിന്റെ കാലിൽ തട്ടി പന്ത് ഡിഫ്ലക്റ്റ് ചെയ്ത് ധീരജിനെ മറികടന്നു പോസ്റ്റിൽ കയറുകയായിരുന്നു.

രണ്ടാം പകുതിയിൽ കൂടുതല് ആക്രമിച്ചു കളിച്ച ബ്ലാസ്റ്റേഴ്‌സിന് വിലങ്ങു തടിയായി നിന്നത് പുനെ ഗോൾ കീപ്പർ കമൽജിത് ആയിരുന്നു. പ്രശാന്തിന്റെയും ജിൻകന്റെയും മികച്ച രണ്ടു ശ്രമങ്ങൾ കമൽജിത് തട്ടിയകറ്റി. 11 കോർണർ കിക്കുകൾ ലഭിച്ച ബ്ലാസ്റ്റേഴ്‌സ് അതിൽ ഒന്നിൽ പോലും വിജയിച്ചിരുന്നില്ല.