കലിപ്പും കടവും ചെന്നൈയിന്റെ നെഞ്ചത്ത്!!! ഇതാവണമെടാ കേരള ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യൻ സൂപ്പർ ലീഗിൽ വമ്പൻ തിരിച്ചു വരവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ഒരു വര്ഷത്തിലേറത്തെ കാത്തിരിപ്പിന് ശേഷം ഹോം ഗ്രൗണ്ടിൽ ഒരു ജയം ബ്ലാസ്റ്റേഴ്‌സ് നേടി. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിൻ എഫ്‌സിയെ പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുമായി മതേ പോപ്ലാനിക്കും മലയാളി താരം സഹൽ അബ്ദുൾ സമദുമാണ് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഗോളടിച്ചത്. ഈ സീസണിൽ കൊച്ചിയിലെ ആദ്യ ജയമാണ് ബ്ലാസ്റ്റേഴ്‌സ് നേടിയത്.

തുടക്കം മുതൽക്ക് തന്നെ ഇരു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും മുന്നേറ്റം കൊടുത്താലും ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത് നിന്നായിരുന്നു. കരൺ ജിത്ത് സിങ്ങിന്റെ തകർപ്പൻ സേവുകൾ എന്നാൽ ബ്ലാസ്റ്റേഴ്‌സിന് തലവേദനയായി. എന്നാൽ ആദ്യ പകുതിയിൽ തന്നെ കരൺജിത്തിന്റെ പിഴവ് മുതലെടുത്ത് പോപ്ലാനിക് തന്റെ ആദ്യ ഗോൾ നേടി. ഇരുപത്തി മൂന്നാം മിനുട്ടിൽ ഒരു മികച്ച ഹെഡ്ഡറിലൂടെ പോപ്ലാനിക് ലീഡ് നേടി.

രണ്ടാം പകുതിയിലും കൊച്ചിയിലെ കളി ബ്ലാസ്റ്റേഴ്‌സിന്റെ കീഴിൽ തന്നെയായിരുന്നു. മത്സരം പുനരാരംഭിച്ച് ഏറെ വൈകാതെ അന്പത്തിയഞ്ചാം മിനുട്ടിൽ പോപ്ലാനിക്കിലൂടെ ലേറ്റ് രണ്ടായി ഉയർത്തി ബ്ലാസ്റ്റേഴ്‌സ്. ഈ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിലെ 200 ആം ഗോൾ നേടി പോപ്ലാനിക്. ഏറെ വൈകാതെ വിജയത്തിനൊപ്പം ഇരട്ടി മധുരവുമായി സഹലിന്റെ ഗോൾ പിറന്നു. മികച്ചോരു ഗോളുമായി ആരാധകരുടെ മനം കവർന്നു സഹൽ. ഇന്നത്തെ ജയത്തോടെ പതിനാലു പോയിന്റുമായി എട്ടാം സ്ഥാനത്തേക്കുയർന്നു ബ്ലാസ്റ്റേഴ്‌സ്.