ഗോവ ഫോമിൽ തിരിച്ചെത്തി, നോർത്ത് ഈസ്റ്റിന്റെ വല നിറച്ചു

എഫ് സി ഗോവ ഫോമിൽ ഇല്ല എന്ന വിഷമം ഇന്ന് ലൊബേരയുടെ ടീം തീർത്തിരിക്കുകയാണ്. ഗോവയിൽ നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റിന്റെ വല നിറച്ചാണ് എഫ് സി ഗോവ കളി അവസാനിപ്പിച്ചത്. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു ഇന്ന് ഗോവ വിജയിച്ചത്. രണ്ടാം പകുതിയിലാണ് കളിയിലെ ആറു ഗോളുകളും പിറന്നത്.

അവസാന മൂന്ന് മത്സരങ്ങളും വിജയിക്കാത്ത എഫ് സി ഗോവയ്ക്ക് ഇന്ന് ജയം അത്യാവശ്യമായിരുന്നു. ആദ്യ പകുതിയിൽ തന്നെ നിരവധി അവസരങ്ങൾ എഫ് സി ഗോവ സൃഷ്ടിച്ചു എങ്കിലും ഗോൾ പിറന്നില്ല. കളിയുടെ രണ്ടാം പകുതിയിൽ ആക്രമണത്തിന് മൂർച്ച കൂട്ടിയ എഫ് സി ഗോവ തുടരെ തുടരെ ഗോൾ അടിച്ചു. ആദ്യം 59ആം മിനുട്ടിൽ കോറോ ആണ് ഗോവയെ ലീഡിൽ എത്തിച്ചത്. ജാക്കിചന്ദിന്റെ ക്രോസിൽ നിന്നായിരുന്നു കോറോയുടെ ഗോൾ.

കളിയുടെ 69ആം മിനുട്ടിൽ ഒരു ചിപ്പിലൂടെ എഡു ബേഡിയ ഗോവയെ 2-0 എന്ന സ്കോറിൽ എത്തിച്ചു. അടുത്ത മിനുട്ടിൽ ഹ്യൂഗോ ബോമസ് ഗോവയുടെ മൂന്നാം ഗോൾ നേടി. ആ ഗോളോടെ നോർത്ത് ഈസ്റ്റ് കളിയിലെ പ്രതീക്ഷ അവസാനിപ്പിച്ചു. കളിയുടെ 85ആം മിനുട്ടിൽ കൊറെ തന്റെ കളിയിലെ രണ്ടാം ഗോളും ലീഗിലെ 10ആം ഗോളും നേടി. പലാങ്കയാണ് ഗോവയുടെ അഞ്ചാം ഗോൾ നേടിയത്. കളിയുടെ അവസാന നിമിഷം ഓഗ്ബചെയാണ് നോർത്ത് ഈസ്റ്റിന്റെ ആശ്വാസ ഗോൾ നേടിയത്.

ഈ വിജയത്തോടെ ഗോവ നാലാം സ്ഥാനത്ത് എത്തി. ഗോവയ്ക്ക് 20 പോയന്റാണ് ഉള്ളത്. 20 പോയന്റ് തന്നെ നോർത്ത് ഈസ്റ്റിന് ഉണ്ടെങ്കിലും മോശം ഗോൾ ഡിഫറൻസ് ആയതിനാൽ അഞ്ചാം സ്ഥാനത്താണ് അവർ ഇപ്പോൾ ഉള്ളത്.