കോറോയുടെ ഗോളിൽ എഫ് സി ഗോവ ഒരടി മുന്നിൽ

എഫ് സി ഗോവയുടെ ആദ്യ ഹോം മത്സരം ആദ്യ പകുതി അവസാനിക്കുമ്പോൾ ഗോവ ഒരു ഗോളിന് മുന്നിൽ നിൽക്കുന്നു. മുംബൈ സിറ്റിക്കെതിരെ കളിയുടെ തുടക്കത്തിൽ തന്നെ നേടിയ ഗോളാണ് ഗോവയെ മുന്നിൽ എത്തിച്ചത്. കളിയുടെ ആറാം മിനുട്ടിൽ ലഭിച്ച പെനാൾട്ടിയിൽ നിന്നായിരുന്നു ഗോവയുടെ ഗോൾ. ഒരു കൗണ്ടർ അറ്റാക്കിൽ മുംബൈ ഡിഫൻസിനെ ഗോവ പ്രതിരോധത്തിൽ ആക്കിയപ്പോൾ സൗവികിന് കോറോയെ പെനാൾട്ടി ബോക്സിൽ വീഴ്ത്തുക അല്ലാതെ വേറെ വഴി ഉണ്ടായില്ല.

പെനാൾട്ടി എടുത്ത കോറോ ഒരു പിഴവും ഇല്ലാതെ കിക്ക് ലക്ഷ്യത്തിൽ എത്തിച്ചു. ഗോൾ ഒന്ന് മാത്രമെ പിറന്നുള്ളൂ എങ്കിലും നിരവധി അവസരങ്ങൾ പിറന്ന ആദ്യ പകുതിയാണ് കഴിഞ്ഞത്. മുംബൈ സിറ്റിക്ക് സമനിലയിൽ എത്താൻ ഒരു സുവർണ്ണാവസരം റാഫേൽ ബാസ്റ്റോസിലൂടെ ലഭിച്ചിരുന്നു. പക്ഷെ ഗോളിന് തൊട്ടു മുന്നിൽ നിന്ന് എടുത്ത താരത്തിന്റെ ഷോട്ട് ത്രോയിൽ കലാശിക്കുകയാണ് ചെയ്തത്.