സി കെ വിനീതിന്റെ ആദ്യ ഗോളും ചെന്നൈയിനെ രക്ഷിച്ചില്ല

ഐ എസ് എല്ലിൽ ഈ സീസണിൽ ചെന്നൈയിന് രക്ഷയില്ല എന്നത് ഉറപ്പിച്ച് പറയാം. ഇന്ന് പൂനെ സിറ്റിക്ക് എതിരായ മത്സരം ലീഡ് എടുത്ത ശേഷം ചെന്നൈയിൻ കൈവിടുന്നതാണ് ഇന്ന് കണ്ടത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ചെന്നൈയിനെ ഇന്ന് പൂനെ സിറ്റി പരാജയപ്പെടുത്തിയത്. പുതിയ പരിശീലകനു കീഴിൽ മികച്ച ഫോമിലേക്ക് ഉയരാൻ പൂനെ സിറ്റിക്ക് കഴിയുന്നതാണ് കാണാൻ കഴിഞ്ഞത്.

കേരള ബ്ലാസ്റ്റേഴ്സ് വിട്ട് ചെന്നൈയിൽ എത്തിയ സി കെ വിനീതാണ് ചെന്നൈയിന് ഇന്ന് പ്രതീക്ഷ നൽകിയത്. 57ആം മിനുട്ടിൽ ഒരു ക്ലോസ് റേഞ്ച് എഫേർട്ടിൽ നിന്നായിരുന്നു സി കെ തന്റെ ആദ്യ ചെന്നൈയിൻ ഗോൾ നേടിയത്. പക്ഷേ ആ ലീഡിൽ പിടിച്ചു നിൽക്കാൻ ചെന്നൈയിന് ആയില്ല. മാർസെലീനോയുടെ പെട്ടെന്നുള്ള ഇരട്ട ഗോൾ പ്രഹരം കളി പൂനെയുടെ വരുതിയിലാക്കി. 59 ആം മിനുട്ടിലും 60ആം മിനുട്ടിലും ആയിരുന്നു മാർസെലീനോയുടെ ഗോളുകൾ. മാർസലീനോയുടെ രണ്ടാം ഗോൾ ഒരുക്കിയത് ആഷിക് കുരുണിയനായിരുന്നു.

ഈ വിജയം പൂനെ സിറ്റിയെ 14 പോയന്റിൽ എത്തിച്ചു. ഇപ്പോഴും ഏഴാം സ്ഥാനത്താണ് പൂനെ ഉള്ളത്. 5 പോയന്റ് മാത്രമുള്ള ചെന്നൈയിൻ ലീഗിൽ അവസാനം തന്നെയാണ്.