ഫ്ലാഷ് ഫ്ലാഷ് ഉദാന്ത!!! നോർത്ത് ഈസ്റ്റിനെ പുറത്താക്കി ബെംഗളൂരു ഫൈനലിൽ

ബെംഗളൂരു എഫ് സി തുടർച്ചയായ രണ്ടാം ഐ എസ് എല്ലിലും ഫൈനൽ ഉറപ്പിച്ചു. ആദ്യ പാദത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടിൽ 2-1ന് പരാജയപ്പെട്ട ബെംഗളൂരു എഫ് സിക്ക് ഇന്ന് വിജയിച്ചേ മതിയാവുമായിരുന്നുള്ളൂ. തീർത്തും ആക്രമണ ഫുട്ബോൾ കാഴ്ചവെച്ച ബെംഗളൂരു 3-0ന്റെ ഏകപക്ഷീയ വിജയം ഇന്ന് സ്വന്തമാക്കി. അതോടെ അഗ്രിഗേറ്റ് സ്കോറിൽ 4-2 എന്ന നിലയിൽ ബെംഗളൂരു ഫൈനലിൽ എത്തി. ഇന്ന് ബെംഗളൂരു എഫ് സിയുടെ ഹീറോ ആയത് ഉദാന്ത സിംഗ് എന്ന ഫ്ലാസ് ഉദാന്ത ആയിരുന്നു. മൂന്നിൽ രണ്ട് ഗോളുകളും ഒരുക്കി കൊടുത്തത് ഉദാന്ത ആയിരുന്നു.

ഇന്ന് തുടക്കം മുതൽ ബെംഗളൂരു അറ്റാക്കാണ് കണ്ടത്. ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾക്ക് മുന്നിൽ എത്താനുള്ള അവസരം ബെംഗളൂരു എഫ് സിക്ക് ഉണ്ടായി. വെനിസ്വേലൻ സ്ട്രൈക്കർ മികുവിനായിരുന്നു മൂന്ന് സുവർണ്ണാവസരങ്ങളും തുലച്ചത്. മികുവിന്റെ ആ മിസ്സുകൾ കാരണം മത്സരം ആദ്യ പകുതിയിൽ 0-0 എന്ന നിലയിൽ തന്നെ അവസാനിച്ചു.

രണ്ടാം പകുതിയിൽ മികു തന്നെ ആണ് അവസാനം ബെംഗളൂരുവിന്റെ രക്ഷയ്ക്ക് എത്തിയത്. വലതു വിങ്ങിൽ നിന്ന് ഉദാന്ത കൊടുത്ത് ക്രോസ് ഒരു മികച്ച ഫിനിഷിലൂടെ മികു വലയിൽ എത്തിച്ചു. മികുവിന്റെ ഐ എസ് എൽ കരിയറിലെ 20ആം ഗോളായിരുന്നു ഇത്. ആ ഒരു ഗോൾ മാത്രം മതിയായിരുന്നു ബെംഗളൂരുവിന് വിജയിക്കാൻ. പക്ഷെ എന്നിട്ടും അറ്റാക്ക് ചെയ്യാൻ തന്നെ ബെംഗളൂരു തീരുമാനിച്ചു. ഒരു കൗണ്ടർ അറ്റാക്കിൽ സ്വന്തം ഹാഫിൽ നിന്ന് പന്തുമായി ഫ്ലാഷ് പോലെ കുതിച്ച ഉദാന്ത ഒറ്റയ്ക്ക് കുതിച്ച് ഗോളിയെ ചിപ് ചെയ്തു. പന്ത് ബാറിൽ തട്ടി തിരിച്ചു വന്നപ്പോൾ ദിമാസ് പന്ത് ടാപിന്നിലൂടെ വലയിൽ എത്തിച്ചു. കളിയുടെ അവസാന നിമിഷം ഒരു കൗണ്ടറിലൂടെ ഛേത്രി മൂന്നാം ഗോളും നേടി നോർത്ത് ഈസ്റ്റിന്റെ അവസാന പ്രതീക്ഷയും തകർത്തു.

മുംബൈയിൽ നടക്കുന്ന ഫൈനലിൽ എഫ് സി ഗോവ ആകും ബെംഗളൂരുവിന്റെ എതിരാളികൾ. എഫ് സി ഗോവ മുംബൈ സെമിയുടെ രണ്ടാം പാദം ഇനിയും നടക്കാൻ ഉണ്ടെങ്കിലും ആദ്യ പാദത്തിലെ 5-1ന്റെ വിജയം ഗോവയെ ഏതാണ്ട് ഫൈനലിൽ എത്തിച്ചിരിക്കുകയാണ്.