ഒരു ഗോൾ, ഒരു അസിസ്റ്റ്, ജംഷദ്പൂരിന്റെ പ്ലേ ഓഫ് സ്വപനം തകർത്ത് ആഷിഖ് കുരുണിയൻ

ജംഷദ്പൂരിന്റെ പ്ലേ ഓഫ് സ്വപ്നങ്ങൾ ഇനി കണക്കിൽ മാത്രം ബാക്കി. ഏറെ നിർണായകമായിരുന്ന ഇന്നത്തെ മത്സരത്തിൽ ജംഷദ്പൂർ പൂനെ സിറ്റിയോട് ദയനീയമായി തന്നെ പരാജയപ്പെട്ടു. തികച്ചും ഏകപക്ഷീയമായ മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു പൂനെ സിറ്റിയുടെ വിജയം. മലയാളി താരം ആഷിക് കുരുണിയന്റെ മിന്നും പ്രകടനം തന്നെ ഇന്ന് പൂനെ ജേഴ്സിയിൽ കാണാൻ കഴിഞ്ഞു. ഒരു അസിസ്റ്റും ഒരു ഗോളും ആഷിഖ് ഇന്ന് സ്വന്തമാക്കി.

റോബിൻ സിംഗിലൂടെ കളിയുടെ തുടക്കത്തിൽ തന്നെ പൂനെ സിറ്റി ലീഡ് എടുത്തിരുന്നു. ആദ്യ പകുതി അവസാനിക്കും മുമ്പ് മാർസെലീനോയിലൂടെ രണ്ടാം ഗോളും പൂനെ നേടി. രണ്ടാം പകുതിയിൽ ജംഷദ്പൂരിന് വലിയ വെല്ലുവിളി ആയിരുന്നു തിരിച്ചുവരിക എന്നത്. എന്തായാലും ജയിക്കേണ്ട മത്സരമായത് കൊണ്ട് ആക്രമിച്ചു കളിക്കാൻ തന്നെ ജംഷദ്പൂർ നിന്നു. അതിനവർ വലിയ വില കൊടുക്കേണ്ടി വന്നു.

ആദ്യ 65ആം മിനുട്ടിൽ ആഷിഖിന്റെ പാസിൽ നിന്ന് റോബിൻ സിംഗ് ലീഡ് മൂന്നാക്കി ഉയർത്തി. റോബിൻ സിംഗിന്റെ അവസാന രണ്ട് മത്സരത്തിലെ മൂന്നാം ഗോളാണിത്. ഇടതു വിങ്ങിലൂടെ ഒറ്റക്ക് മുന്നേറി അവസാനമാണ് റോബിൻ സിംഗിന് ഗോളടിക്കാനുള്ള പാസ് ആഷിഖ് കൊടുത്തത്. അഞ്ചു മിനുട്ടിന് ശേഷം ആഷിഖ് പൂനെയുടെ ജയം ഉറപ്പിച്ച നാലാം ഗോളും നേടി. ഒരു വലം കാൽ ഷോട്ടിലൂടെ ആയിരുന്നു ആഷിഖ് ജംഷദ്പൂർ വല കുലുക്കിയത്.

76ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ കാൽവോ ജംഷദ്പൂരിന്റെ ആശ്വാസ ഗോൾ നേടി. ഈ പരാജയത്തോടെ പ്ലേ ഓഫ് എന്ന പ്രതീക്ഷ ജംഷദ്പൂരിന് ഏതാണ്ട് അവസാനിച്ചു. ഇപ്പോൾ 23 പോയന്റാണ് ജംഷദ്പൂരിന് ഉള്ളത്. ഇനി രണ്ട് മത്സരങ്ങൾ മാത്രമെ ശേഷിക്കുന്നുള്ളൂ എന്നത് കൊണ്ട് അത്ഭുതങ്ങൾ നടന്നാൽ മാത്രമെ ജംഷദ്പൂർ പ്ലേ ഓഫിൽ കടക്കാൻ സാധ്യതയുള്ളൂ എന്ന് തന്നെ പറയാം.