റെനെ പോയി, റെനെ കൊണ്ടു വന്ന താരങ്ങളോ?

മോശം പ്രകടനമായിരുന്നു എങ്കിലും റെനെ മുളൻസ്റ്റീന്റെ രാജി ഫുട്ബോൾ ലോകത്തിന് അപ്രതീക്ഷിതമായിരുന്നു. റെനെ രാജി വെക്കാനുള്ള കാരണം മാനേജ്മെന്റിന്റെ സമ്മർദ്ദമാണെന്നും ടീമിനകത്തെ രാഷ്ട്രീയമാണെന്നും ഒക്കെ അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. പക്ഷെ ഇതിന്റെ ഒക്കെ ഇടയിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആശങ്ക ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ വിദേശ താരങ്ങളെ കുറിച്ചാകും.

റെനെ മുളൻസ്റ്റീൻ കൊണ്ടുവന്ന സൂപ്പർ സൈനിംഗ്സ് ആയ ഡിമിറ്റാർ ബെർബറ്റോവും വെസ് ബ്രൗണും ടീമിനെ വിട്ടുപോകുമോ എന്നതാണ് പുതിയ ആശങ്ക. ഇരുതാരങ്ങളും റെനെ മുളൻസ്റ്റീൻ എന്ന കോച്ച് ഒരൊറ്റ കാരണം കൊണ്ടായിരുന്നു കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. ബെർബറ്റോവും ബ്രൗണും വിവിധ സന്ദർഭങ്ങളിൽ അത് വ്യക്തമാക്കിയിട്ടും ഉണ്ട്.

പരിക്കേറ്റ ബെർബറ്റോവ് അവസാന നാലു മത്സരങ്ങളായി ബ്ലാസ്റ്റേഴ്സിനൊപ്പം ഇല്ല. താരം കരാർ റദ്ദാക്കും എന്നും ഇനി തിരിച്ച് ടീമിനൊപ്പം വരില്ല എന്നും സ്ഥിതീകരിക്കാത്ത വാർത്തകൾ വരുന്നുണ്ട്. ജനുവരിയിൽ എട്ടാം വിദേശ താരത്തെ സൈൻ ചെയ്യാൻ ഇരിക്കുന്ന ബ്ലാസ്റ്റേഴ്സിന് പുതിയ തലവേദന ആവുകയാണ് റെനെയുടെ രാജി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial