പെനാൾട്ടി തടഞ്ഞിട്ട് ഹീറോ ആയി രെഹ്നേഷ്, നോർത്ത് ഈസ്റ്റിന് ആദ്യ തോൽവി

Img 20201218 211010

ഐ എസ് എല്ലിൽ ഈ സീസണിൽ ഗംഭീര ഫോം തുടരുന്ന മലയാളി ഗോൾകീപ്പർ ടി പി രെഹ്നേഷ് ഇന്നും ജംഷദ്പൂരിന്റെ ഹീറോ ആയി. ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ജംഷദ്പൂർ പരാജയപ്പെടുത്തിയപ്പോൾ ഒരു പെനാൾട്ടി സേവുമായാണ് രെഹ്നേഷ് താരമായത്. നോർത്ത് ഈസ്റ്റിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ജംഷദ്പൂർ പരാജയപ്പെടുത്തിയത്.

ഇന്ന് ആദ്യ പകുതിയിൽ ഇരു ടീമുകളും കരുതലോടെയാണ് കളിച്ചത്. എന്നാൽ രണ്ടാം പകുതിയിൽ കളി കുറച്ചു കൂടെ ഓപ്പൺ ആയി. 53ആം മിനുട്ടിൽ യുവതാരം അനികേത് ജാഥവ് ആണ് ജംഷസ്പൂരിന് ലീഡ് നൽകിയത്. ജാക്കിചന്ദ് സിങിന്റെ പാസിൽ നിന്നായിരുന്നു അനികേതിന്റെ ഗോൾ. താരത്തിന്റെ ഈ സീസണിലെ ആദ്യ ഗോളാണിത്. അനികേത് മത്സരത്തിൽ ഉടനീളം മികച്ചു നിന്നു.

കളിയുടെ 65ആം മിനുട്ടിലാണ് രെഹ്നേഷ് ജംഷദ്പൂരിന്റെ ഹീറോ ആയത്. നോർത്ത് ഈസ്റ്റിന് ലഭിച്ച പെനാൾട്ടി എടുത്ത സില്ലയുടെ ശ്രമം മനോഹരമായ ഒരു ഫുൾ ഡൈവ് സേവിലൂടെ ആണ് രെഹ്നേഷ് സേവ് ചെയ്തത്. ഈ സേവാണ് ടീമിന്റെ വിജയം ഉറപ്പിച്ചതും. ഈ വിജയത്തോടെ പത്തു പോയിന്റുമായി അഞ്ചാം സ്ഥാനത്ത് എത്താൻ ജംഷദ്പൂരിനായി. നോർത്ത് ഈസ്റ്റിനും 10 പോയിന്റാണ് ഉള്ളത്. നോർത്ത് ഈസ്റ്റിന്റെ സീസണിലെ ആദ്യ പരാജയമാണിത്.

Previous articleകവാനി പരിക്ക് മാറി എത്തി, ലീഡ്സിന് എതിരെ കളിക്കും
Next articleഅടുത്ത ടെസ്റ്റിൽ പൃഥ്വി ഷാക്ക് അവസരം ലഭിക്കില്ല: സഹീർ ഖാൻ