ചൂട് പിടിച്ച് ദക്ഷിണേന്ത്യൻ നാട്ടങ്കം

kbfc vs chennaiyin fc
- Advertisement -

വിവാദങ്ങൾക്ക് നടുവിലാകും ഇന്നത്തെ കേരള ബ്ലാസ്റ്റേഴ്സ്, ചെന്നൈയിൻ എഫ്.സി മത്സരം നടക്കുക. കേരളത്തിനെതിരായ കഴിഞ്ഞ മത്സരത്തിൽ അപമര്യാദയായി പെരുമാറിയതിന് വിലക്ക് നേരിട്ട ചെന്നൈ കോച്ച് മാർകോ മാരാസിക്കെതിരെ സിദാൻ്റ മുഖം മൂടി അണിഞ്ഞ് പ്രതിഷേധിക്കാനാണ് കേരള ബ്ലാസ്‌റ്റേഴ്സ് ഫാൻസിൻ്റെ തീരുമാനം. ഗോവക്കെതിരായ നാടകീയ വിജയത്തിൻ്റെ ആത്മവിശ്വാസത്തിൽ വരുന്ന കേരളത്തിന് വിജയം ആദ്യ നാലിലേക്കുള്ള വഴി തുറക്കും. ഇപ്പോൾ 9 മത്സരങ്ങളിൽ നിന്ന് 12 പോയിൻ്റാണ് കേരളത്തിനുള്ളത്.

കഴിഞ്ഞ മത്സരത്തിൽ സ്റ്റാക് ആണു ഗോൾ വല കാത്തതെങ്കിലും ഈ മത്സരത്തിൽ പരിചയസമ്പന്നനായ സന്ദീപ് നന്ദി തിരിച്ചെത്തിയേക്കും. ഐയർലെൻ്റിനായി ലോകകപ്പ് യോഗ്യതാ മത്സരം കളിക്കാൻ പോയ മാർക്വീ താരം ആരോൺ ഹ്യൂസിനെ ഈ മത്സരത്തിലും കേരളത്തിന് നഷ്ടമാവും. എന്നാൽ എ.എഫ്.സി കപ്പ് ഫൈനലിൽ നിന്ന് ബാഗ്ലൂർ നിരയിൽ നിന്നെത്തുന്ന റിനോ ആൻ്റോ പ്രതിരോധനിരയിൽ എത്തുന്നത് കേരളത്തിന് കരുത്താവും. ജിംഗൻ, ഹെങ്ബർട്ട് എന്നിവരsങ്ങിയ പ്രതിരോധത്തിൽ റിനോ കൂടി ചേരുമ്പോൾ കോപ്പൽ ഹോസുവിനെ മധ്യനിര കളിപ്പിക്കാനും സാധ്യതയുണ്ട്. മധ്യനിരയിൽ അസ്രാക് മഹ്മതിനൊപ്പം ടീമിൻ്റെ ഹൃദയമായി മാറിയ മെഹ്താബ് ഹുസൈൻ ഇറങ്ങും. മുന്നേറ്റത്തിൽ മൈക്കൾ ചോപ്ര, ബെൽഫോർട്ട് എന്നിവർക്കൊപ്പം കഴിഞ്ഞ കളിയിൽ ഗോവക്കെതിരെ വിജയഗോൾ കണ്ടത്തിയ സി.കെ വിനീത് എത്തിയേക്കും. അങ്ങനെയെങ്കിൽ മുഹമ്മദ് റാഫിയുടെ സ്ഥാനം ബെഞ്ചിലാവും.

മറുവശത്ത് ചാമ്പ്യന്മാരുടെ സ്ഥിതി ആശാവഹമല്ല. കഴിഞ്ഞ 4 കളികളിലായി വിജയം കാണാൻ ചെന്നൈയിക്കായിട്ടില്ല. കഴിഞ്ഞ മത്സരത്തിൽ ഡൽഹിയോടേറ്റ 4 – 1 ൻ്റെ കനത്ത പരാജയത്തിൽ നിന്നാണവർ ഈ മത്സരത്തിനെത്തുക. 8 കളികളിൽ നിന്ന് 10 പോയിന്റുമായി ഏഴാമതുള്ള ചെന്നൈക്ക് അതിനാൽ തന്നെ ഈ മത്സരത്തിൽ വിജയം കാണേണ്ടത് നിർബന്ധമാണ്. ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രതിഷേധങ്ങൾക്ക് കളത്തിൽ മറുപടി നൽകാനാവും മറ്റരാസിയും സംഘത്തിൻ്റേയും ശ്രമം.

കഴിഞ്ഞ മത്സരങ്ങളിൽ കെറിനെ ഗോൾ വല കാക്കാൻ ഏൽപ്പിച്ച മറ്റരാസി ഈ മത്സരത്തിൽ ചിലപ്പോൾ കരൺജിത്ത് സിങിനെ തിരിച്ച് വിളിച്ചേക്കും. പ്രതിരോധത്തിൽ മാർക്വീ താരം ജോൺ ആർനെ റൈസിനൊപ്പം ക്യാപ്റ്റൻ ബെർണാഡ് മെൻ്റി എന്നിവർകൊപ്പം എലി സാബിയ കളിച്ചേക്കും. സമീപകാല പ്രകടനങ്ങളുടെ വെളിച്ചത്തിൽ വലിയ ഉത്തരവാദിത്യമാവും ഇവർക്കുണ്ടാവുക. മധ്യനിരയിൽ ഡച്ച് താരം ഹാൻസ് മുൾഡറാണ് ചെന്നൈയുടെ പ്രധാന കരുത്ത്. ഒപ്പം തോയി സിങ്, അനിരുദ് താപ്പ, അഭിഷേക് ദാസ് തുടങ്ങിയ ഇന്ത്യൻ താരങ്ങളുമുണ്ട്. മുന്നേറ്റത്തിൽ ജെജെ, പെലൂസോ എന്നിവർകൊപ്പം സുചി, ഡുഡു എന്നിവരിൽ ഒരാൾ ഇറങ്ങും. റൊട്ടേഷൻ പോളിസി നടപ്പാക്കുന്ന മാറ്റരാസി ടീമിൽ മാറ്റങ്ങൾ വരുത്താൻ മടിക്കില്ല.

സൂപ്പർ ലീഗിലെ ആദ്യ സീസണിലെ കൊച്ചിയിൽ നടന്ന മത്സരത്തിൽ ആദ്യ പാദത്തിൽ നേടിയ ഒരു വിജയം മാത്രമാണ് കേരളത്തിന് ചെന്നൈക്കെതിരെ പറയാനുള്ള നേട്ടം. 7 പ്രാവശ്യം പരസ്പരം ഏറ്റ് മുട്ടിയതിൽ 4 മത്സരങ്ങളിലും ചെന്നൈ വിജയം കണ്ടപ്പോൾ രണ്ട് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. ഈ സീസണിൽ മുമ്പ് ഏറ്റ് മുട്ടിയപ്പോൾ ചെന്നൈയിൽ വിരസമായ ഗോൾരഹിത സമനിലയായിരുന്നു ഫലം. വൈകിട്ട് 7 മണിക്ക് കൊച്ചിയിൽ നടക്കുന്ന മത്സരം തൽസമയം സ്റ്റാർ സ്പോർട്സിലും ഏഷ്യാനെറ്റ് മൂവീസിലും ഹോട്ട്സ്റ്റാറിലും ജിയോ ടി.വിയിലും കാണാവുന്നതാണ്.

Advertisement