ചുവപ്പ് കാർഡ് പൂനെയെ ചതിച്ചു, മിക്കുവിന്റെ ഇരട്ട ഗോളിൽ ബെംഗളൂരു കുതിപ്പ്

- Advertisement -

പൂനെയിൽ ഇന്ന് പൂനെ സിറ്റിക്ക് നിർഭാഗ്യത്തിന്റെ രാത്രി. ഇന്ന് ലീഗ് ടോപ്പറായ ബെംഗളൂരു എഫ് സിക്കെതിരെ സ്വന്തം നാട്ടിൽ ഇറങ്ങിയ പൂനെയ്ക്ക് തകർപ്പൻ തുടക്കമായിരുന്നു ലഭിച്ചത്. ആദ്യ 55 മിനുട്ടുകൾ കണ്ടവർ ഒക്കെ ബെംഗളൂരു എഫ് സി ഈ‌ മത്സരം ജയിക്കുമെന്ന് കരുതിക്കാണില്ല. എന്നാൽ 55ആം മിനുട്ടിലെ ഒരു ചുവപ്പ് കാർഡ് പൂനെയുടെ എല്ലാ പ്രതീക്ഷയും തകർക്കുക ആയിരുന്നു.

ഒരു ഗോളിന് പിറകിൽ നിന്ന ശേഷം 3-1 എന്ന വിജയമാണ് ബെംഗളൂരു ഇന്ന് സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ ആതിഥേയരെന്ന ആധിപത്യം ശരിക്ക് തെളിയിച്ച പൂനെ സിറ്റി ആദിൽ ഖാന്റെ ഹെഡറിലൂടെ മുന്നിൽ എത്തുകയും ചെയ്തു. ആദിൽ ഖാന്റെ ഈ‌ സീസണിലെ രണ്ടാം ഗോളായിരുന്നു ഇന്ന് പിറന്നത്.

55ആം മിനുട്ടിൽ പൂനെയുടെ ബൽജിത് സാഹ്നി മത്സരത്തിലെ രണ്ടാം മഞ്ഞകാർഡും ചുവപ്പ് കാർഡും വാങ്ങി പുറത്ത് പോയതോടെ ബെംഗളൂരുവിന് തിരിച്ചുവരാൻ അവസരം ഒരുങ്ങുക ആയിരുന്നു. 64ആം മിനുട്ടിൽ ഒരു മികച്ച ടീം ഗോളിലൂടെ മിക്കു ബെംഗളൂരുവിന് സമനില നേടികൊടുത്തു. 78ആം മിനുട്ടിൽ വീണ്ടും മിക്കുവിന്റെ ഇടം കാൽ ഷോട്ട് പൂനെയുടെ വലകുലുക്കി.

മിക്കുവിന് ഇന്നത്തെ ഇരട്ട ഗോളോടെ ആറു ഗോളുകളായി ഈ‌ സീസണിൽ.കളിയുടെ അവസാന നിമിഷത്തിൽ സുനിൽ ഛേത്രി ആണ് ബെംഗളൂരുവിന്റെ മൂന്നാം ഗോൾ നേടിയത്.

ഇന്നത്തെ ജയത്തോടെ അഞ്ചു മത്സരങ്ങളിൽ 12 പോയന്റായി ബെംഗളൂരുവിന്. മലയാളി താരം ആഷിഖ് കുരുണിയൻ ഇന്ന് രണ്ടാം പകുതിയിൽ പൂനെയ്ക്കായി ഇറങ്ങിയിരുന്നു എങ്കിലും പത്തുപേരുമായി കളിച്ച പൂനെയിൽ ആഷിഖിനും അത്ഭുതങ്ങൾ കാണിക്കാൻ കഴിയുമായിരുന്നില്ല‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement