ലാൽദന്മാവിയ റാൾട്ടെ ഈസ്റ്റ് ബംഗാൾ വിട്ട് പുതിയ ഹൈദരബാദ് ടീമിൽ

ഈസ്റ്റ് ബംഗാളിനായി കഴിഞ്ഞ ഐ ലീഗ് സീസണിൽ അത്ഭുതങ്ങൾ കാണിച്ച ലാൽദന്മാവിയ റാൾട്ടെയെ ക്ലബിനൊപ്പം നിർത്താനുള്ള ഈസ്റ്റ് ബംഗാൾ ശ്രമങ്ങൾ പാളി. റാൾട്ടെയും ഈസ്റ്റ് ബംഗാളും തമ്മിൽ പുതിയ കരാർ ഒപ്പുവെക്കാൻ ആവാത്തതോടെ താരം ക്ലബ് വിടാൻ തീരുമാനിച്ചു. ഹൈദരബാദിൽ നിന്ന് ഐ എസ് എല്ലിലേക്ക് എത്തുന്ന പുതിയ ക്ലബിൽ ആയിരിക്കും ഇനി റാൾട്ടെ കളിക്കുക.

പൂനെ സിറ്റിക്ക് പകരം ഐ എസ് എല്ലിൽ എത്തുന്ന ഹൈദരാബാദ് ക്ലബുമായി കരാറിൽ എത്തുന്ന ആദ്യ താരമായും റാൾട്ടെ മാറി. കഴിഞ്ഞ സീസണിൽ ഗോളുകളും അസിസ്റ്റുകളുമായി ഈസ്റ്റ് ബംഗാളിന്റെ മുന്നേറ്റത്തിലെ പ്രധാന പോരാളി ആയിരുന്നു റാൾട്ടെ.

കഴിഞ്ഞ ഐ ലീഗ് സീസണിൽ 8 ഗോളുകളും മൂന്ന് അസിസ്റ്റും റാൾട്ടെ ഈസ്റ്റ് ബംഗാളിന് സംഭാവന ചെയ്തു. മിസോറാം സ്വദേശിയായ ലാൽദന്മാവിയ റാൾട്ടെ 2017 സീസണിലായിരുന്നു ഈസ്റ്റ് ബംഗാളിൽ എത്തിയത്. മുമ്പ് ഐസാളിന്റെ താരമായിരു‌ന്നു. ഇതിനകം തന്നെ ജോബി ജസ്റ്റിനെ നഷ്ടമായ ഈസ്റ്റ് ബംഗാൾ അറ്റാക്കിംഗ് നിരയിൽ നിന്ന് ഒരു താരത്തെ കൂടെ നഷ്ടപ്പെടുത്തുന്നതോടെ ക്ലബിന്റെ നില പരിതാപകരമാകും.