മറുപടി തലകൊണ്ട്, അതാണ് മുഹമ്മദ് റാഫി!!

- Advertisement -

കേരളത്തിന്റെ സ്വന്തം ഹെഡ്മാസ്റ്റർ മുഹമ്മദ് റാഫി എന്ന റാഫിച്ചയ്ക്ക് ഗംഭീര അരങ്ങേറ്റമാണ് ചെന്നൈയുടെ നീല ജേഴ്സിയിൽ ഇന്നലെ ലഭിച്ചത്. 30 ലക്ഷം കൊടുത്ത് റാഫിയെ ചെന്നൈ സ്വന്തമാക്കിയപ്പോൾ വിമർശിച്ചവർക്കൊക്കെ മറുപടി കൊടുക്കാൻ തൃക്കരിപ്പൂരിന്റെ കരുത്തുറ്റ സ്ട്രൈക്കർക്ക് വേണ്ടി വന്നത് നിമിഷങ്ങൾ മാത്രം.

ആദ്യ മത്സരത്തിൽ ചെന്നൈയിൻ റാഫിയെ ബെഞ്ചിൽ ഇരുത്തിയപ്പോൾ റാഫിക്ക് തന്റെ കഴിവ് തെളിയിക്കാൻ അടുത്തൊന്നും അവസരം ഉണ്ടാകില്ലെ എന്ന തോന്നൽ ഫുട്ബോൾ നിരീക്ഷകർക്ക് ഉണ്ടായിരുന്നു. എന്നാൽ രണ്ടാം മത്സരത്തിൽ ചെന്നൈയിൻ കോച്ച് ഗ്രിഗറി റാഫിക്ക് അവസരം കൊടുത്തു. സബ്ബായി കളത്തിൽ എത്തിയ റാഫിക്ക് മൂന്നു മിനുട്ട് പോലും വേണ്ടി വന്നില്ല ഗ്രിഗറിയുടെ ഇഷ്ടം സമ്പാദിക്കാനും ഗോൾ വലയിൽ പന്തെത്തിക്കാനും.

ചെന്നൈയിന്റെ ഫ്രീകിക്ക് നോർത്ത് ഈസ്റ്റ് ഗോൾകീപ്പർ രഹ്നേഷിന്റെ ദേഹത്ത് തട്ടി ഉയർന്നപ്പോൾ റാഫിയിലെ പൗച്ചർ ഭാവം പന്തിലേക്ക് റാഫിയെ എത്തിക്കുകയായിരുന്നു. റാഫിയുടെ റൺ കണ്ട് എത്തിയ ഡിഫൻഡർ ഹക്കു ഒരു ഓവർ ഹെഡ് കിക്കുമായി പന്ത് റാഫിയിൽ നിന്ന് തട്ടി അകറ്റാൻ ശ്രമിച്ചു എങ്കിലും അതിനൊക്കെ മുമ്പ് ഗോൾ വല കുലുങ്ങിയിരുന്നു.

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി അവസാന വട്ടം ജേഴ്സി അണിഞ്ഞപ്പോഴും റാഫി ഗോൾ നേടിയിരുന്നു. അന്ന് ഐ എസ് എൽ ഫൈനലിൽ സ്കോർ ചെയ്യുന്ന ആദ്യ മലയാളിയും മൂന്നാമത്തെ ഇന്ത്യക്കാരനും എന്ന റെക്കോർഡ് റാഫി സ്വന്തമാക്കി. ഐ എസ് എല്ലിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ മലയാളി എന്ന റെക്കൊർഡും ഇപ്പോൾ റാഫിയുടെ ഒപ്പമാണ്. പ്രീസീസണിൽ ഐസാൾ എഫ് സിക്കെതിരെ ചെന്നൈയിൻ ജയിച്ചപ്പോൾ പിറന്ന ഏകഗോളും റാഫിയുടെ വക ആയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement