രക്ഷകന്‍ റഹുബ്ക, അമ്പതാം മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിനു സമനില

- Advertisement -

കേരളത്തിന്റെ രക്ഷകനായി വീണ്ടും പോള്‍ റഹുബ്ക. പഴയ ആശാനോടും ശിക്ഷ്യന്മാരോടും പോയിന്റ് പങ്കു വെച്ച് പിരിയുമ്പോള്‍ കേരള ബ്ലാസ്റ്റേഴ്സ് നന്ദി പറയേണ്ടത് ഈ കാവാല മാലാഖയോടാണ്. മത്സരത്തിന്റെ അവസാന നിമിഷത്തില്‍ കൊച്ചിയിലെ ആരാധകരെ നിശബ്ദമാക്കാന്‍ പോന്ന ബെല്‍ഫോര്‍ട്ട് ഹെഡറാണ് കേരളത്തിന്റെ ഗോള്‍കീപ്പര്‍ തട്ടിയകറ്റിയത്. ആദ്യ പകുതിയിലും തകര്‍പ്പന്‍ സേവുകളുമായി കേരളത്തിന്റെ രക്ഷകനായി മാറിയിരുന്നു റഹുബ്ക. ഇരു ടീമുകളും വിരലിലെണ്ണാവുന്ന അവസരങ്ങള്‍ മാത്രം സൃഷ്ടിച്ച മത്സരത്തില്‍ ഗോള്‍ നേടാനാകാതെ പോയതോടെ കേരള ബ്ലാസ്റ്റേഴ്സും ജംഷദ്പൂര്‍ എഫ്സിയും തങ്ങളുടെ രണ്ടാം മത്സരത്തിലും സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ആദ്യ കളിയേക്കാള്‍ മികച്ച രീതിയില്‍ കളിച്ച കേരള ബ്ലാസ്റ്റേഴ്സ് ടീമിനു തന്നെയായിരുന്നു ആദ്യ പകുതിയില്‍ മുന്‍തൂക്കം. കൂടുതല്‍ സമയം പൊസഷനും കൈവശം വയ്ക്കുവാന്‍ കേരളത്തിനു സാധിച്ചുവെങ്കിലും ഗോള്‍ കണ്ടെത്താന്‍ അവര്‍ക്കായില്ല. മധ്യ നിരയില്‍ ബെര്‍ബറ്റോവ് ആണ് കളി നിയന്ത്രിച്ചത്. ആദ്യ പകുതിയില്‍ രണ്ട് മികച്ച അവസരമാണ് കേരളത്തിനു ലഭിച്ചത്. 10ാം മിനുട്ടില്‍ ഇയാന്‍ ഹ്യൂം ഗോള്‍ മുഖത്തേക്ക് നല്‍കിയ മികച്ച ക്രോസ് സികെ വിനീത് ഹെഡ് ചെയ്ത് പുറത്തേക്ക് കളയുകയായിരുന്നു. 16ാം മിനുട്ടില്‍ ബെര്‍ബറ്റോവിന്റെ ശ്രമവും സുബ്രതപോള്‍ തടയുകയായിരുന്നു.

30ാം മിനുട്ടില്‍ പെനാള്‍ട്ടി ബോക്സിനു പുറത്ത് കിട്ടിയ ഫ്രീകിക്ക് എടുത്തെ മെമോ കേരള ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പര്‍ പോള്‍ റഹുബ്കയില്‍ നിന്ന് മികച്ച ഒരു സേവ് പുറത്തെടുക്കുകയായിരുന്നു. റീബൗണ്ട് കിട്ടിയ ജെറി ഗോള്‍ മുഖത്തേക്ക് വീണ്ടും പന്ത് അടിച്ചെങ്കിലും പോള്‍ റഹുബ്ക വീണ്ടും രക്ഷകനായെത്തി. കൂടുതല്‍ മികച്ച അവസരങ്ങളൊന്നും ഇരു ടീമുകള്‍ക്കും സൃഷ്ടിക്കാനാകാതെ പോയപ്പോള്‍ മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ചു.

രണ്ടാം പകുതിയിലും മികച്ച നീക്കങ്ങള്‍ കണ്ടെത്താന്‍ ടീമുകള്‍ പാട് പെട്ടതോടെ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. മത്സരത്തില്‍ പൊസഷനും പാസ്സിംഗ് കൃത്യതയിലുമെല്ലാം മുന്‍തൂക്കം ബ്ലാസ്റ്റേഴ്സിനായിരുന്നു. ഫൗളുകളുടെ എണ്ണത്തിലും ആതിഥേയര്‍ തന്നെയായിരുന്നു മുന്നില്‍. ജംഷദ്പൂരിന്റെ മലയാളി പ്രതിരോധ താരം അനസിനു പരിക്കേറ്റത് ടീമിനു തിരിച്ചടിയായി.

കേരളത്തിനായി രണ്ടാം പകുതിയില്‍ ഇയാന്‍ ഹ്യൂമിനു പകരം സിഫെനിയോസും ജാക്കിചന്ദിനു പകരം പ്രശാന്ത് മോഹനും പെക്കൂസണിനു പകരം മിലന്‍ സിംഗും കളത്തിലിറങ്ങി. അധിക സമയത്തിനു തൊട്ടുമുമ്പ് കേരളത്തിന്റെ രക്ഷകനായി മാറുകയായിരുന്നു ഗോള്‍കീപ്പര്‍ പോള്‍ റഹുബ്ക. ബെല്‍ഫോര്‍ട്ടിന്റെ ഗോളെന്നുറപ്പിച്ച ഹെഡ്ഡര്‍ താരം പറന്ന് തട്ടിയകറ്റുകയായിരുന്നു. ജംഷദ്പൂരിന്റെ മെഹ്താബ് ഹൊസൈന്‍ ആണ് കളിയിലെ താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement