
കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ പൂനെ സിറ്റിയെ 2-1 നു തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സ് ലീഗില്‍ മൂന്നാമതെത്തി. 18 പോയിന്റുകളോടു കൂടി കൊല്ക്കത്തയ്ക്കൊപ്പമാണെങ്കിലും ഗോള്‍ ശരാശരി പ്രകാരം കൊല്‍ക്കത്ത രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 7ാം മിനുട്ടില്‍ ഡക്കന്‍സ് നാസണും 57ാം മിനുട്ടില്‍ ക്യാപ്റ്റന്‍ ആരോണ്‍ ഹ്യൂഗ്സും കേരളത്തിനായി ഗോളുകള്‍ നേടിയപ്പോള്‍ പൂനെയ്ക്കായി ഇഞ്ച്വറി ടൈമില്‍ അനിബാല്‍ റോഡ്രിഗസ് ഗോള്‍ മടക്കി.
മത്സരത്തിലുടനീളം മികച്ച മുന്നേറ്റങ്ങളോടു കൂടി കേരളമാണ് ആധിപത്യം പുലര്‍ത്തിയത്. അമ്പതിനായിരത്തിലധികം വരുന്ന കാണികളെ ആവേശക്കടലാക്കി ഏഴാം മിനുട്ടില്‍ നാസണ് കേരളത്തിനായി ആദ്യ ഗോള്‍ നേടി. പൂനെ ഡിഫന്‍സിലെ പിഴവ് മുതലെടുത്ത നാസണ് എഡെല്‍ ബെറ്റേയെ കബിളിപ്പിച്ച് പന്ത് വലയിലാക്കുകയായിരുന്നു. സിസോക്കയും അനിബാലും അരാറ്റ സുമിയുമെല്ലാം ഗോള്‍ മടക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ആദ്യ പകുതി അവസാനിക്കുന്നതിനു മുമ്പ് ലീഡുയര്‍ത്താനുള്ള വിനീതിന്റെ ശ്രമം ബെറ്റേ തടയുകയായിരുന്നു.
രണ്ടാം പകുതിയില്‍ നാസണിന്റെയും ബെല്‍ഫോര്‍ട്ടിന്റെയും ഷോട്ടുകള്‍ പ്രതിരോധ മതിലില്‍ തട്ടിപ്പോകുന്ന കാഴ്ചയാണ് കൊച്ചി സ്റ്റേഡിയം കണ്ടത്. 57ാം മിനുട്ടില്‍ വിനീത് ഗോള്‍ മുഖത്തേക്ക് ലോബ് ചെയ്ത പന്ത് ഉയര്‍ന്ന് ചാടിയ ഹ്യുഗ്സ് ഹെഡ് ചെയ്ത് വലയിലാക്കുകയായിരുന്നു. മിനുട്ടുകള്‍ക്ക് ശേഷം നാസണിനു പകരം ഇറങ്ങിയ ജെര്‍മ്മന്റെ ഉഗ്രനൊരു ലോംഗ് റേഞ്ച് ഷോട്ട് ബെറ്റേ മികച്ച സേവിലൂടെ രക്ഷപ്പെടുത്തുകയായിരുന്നു.
മത്സരം അവസാന നിമിഷങ്ങളിലേക്കെത്തിയപ്പോള്‍ ജോനാഥന് ലൂക്കയ്ക്ക് പകരമിറങ്ങിയ ട്രാവോരയുടെ ഒരു ക്ലോസ് റേഞ്ച് ഷോട്ടിനെ മികച്ചൊരു സേവിലൂടെ തടഞ്ഞ സന്ദീപ് നന്ദി സ്കോര്‍ നില മാറ്റമില്ലാതെ തുടരാനനുവദിച്ചു. ഇഞ്ച്വറി ടൈമിന്റെ അവസാനത്തില്‍ പെനാള്‍ട്ടി ബോക്സിനു തൊട്ടു വെളിയില്‍ നിന്ന് ലഭിച്ച ഫ്രീകിക്ക് ഗോളാക്കി മാറ്റി അനിബാല്‍ റോഡ്രിഗസ് ലീഡ് കുറച്ചുവെങ്കിലും സമനില ഗോള്‍ നേടുവാനുള്ള സമയം പൂനെയ്ക്ക് ലഭ്യമല്ലായിരുന്നു.
ആരോണ്‍ ഹ്യുഗ്സിനെയാണ് ഹീറോ ഓഫ് ദി മാച്ചായി തിരഞ്ഞെടുത്തത്.