primus mobile
primus mobile

മരണപോരാട്ടത്തിന് ലീഗിലെ അവസാനക്കാർ

ലീഗിൽ 7ാം സ്ഥാനത്തുള്ള പൂനെയും 8ാമതുള്ള ഗോവയും തമ്മിലുള്ള മത്സരം ഇരു ടീമുകൾക്കും ജീവൻമരണ പോരാട്ടമാവും. സീസൺ ആദ്യം ഗോവക്കെതിരെ നേടിയ വിജയത്തിനു ശേഷം ഒരു വിജയം സ്വന്തമാക്കാൻ പൂനെയ്ക്കായിട്ടില്ല. സീസണിൽ ഇത് വരെ നാട്ടിൽ ജയിക്കാനും അവർക്കായിട്ടില്ല. പലപ്പോഴും വ്യക്തിഗത മികവ് മാത്രമായി ടീമിൻ്റെ പ്രകടനങ്ങൾ ഒതുങ്ങുന്നു എന്നതാണ് ഹെബ്ബാസിനെ അലട്ടുന്ന പ്രശ്നം. നാട്ടിൽ ഇത് വരെ ഗോവക്കെതിരെ തോറ്റില്ലെന്നതും കളിച്ച 7 മത്സരങ്ങളിലും സീക്കോക്കെതിരെ ഹെബ്ബാസ് പരാജയമറിഞ്ഞിട്ടില്ല എന്നതും ഗോവക്ക് ആശ്വാസം പകരുന്ന കാര്യങ്ങളാണ്.

ആറു മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റ് മാത്രമാണ് പൂനെക്ക് ഇത് വരെ നേടാനായത്. എഡൽ തന്നെയാവും ഗോൾ വല കാക്കുക. പെരേരകൊപ്പം മികച്ച ഇന്ത്യൻ താരങ്ങളായ രാഹുൽ ബെക്കെ, നാരായൺ ദാസ് എന്നിവരാവും പ്രതിരോധത്തിൽ. ഇവരുടെ പരിചയക്കുറവ് ടീമിന് പലപ്പോയും വിനയാകാറുണ്ട്. മധ്യനിരയിൽ മാർക്വീ താരം മുഹമ്മദ് സിസോക്കോ ടീമിൻ്റെ പ്രധാന കരുത്താണ്. സിസോകോക്ക് ഒപ്പം ജൊനാഥൻ ലൂക്ക, അറാറ്റ ഇസുമി എന്നീ താരങ്ങളും ഉണ്ട്. മുമ്പ് ഗോവക്കെതിരെ ഗോൾ നേടിയ എൻ്റോയോക്ക് മുന്നേറ്റത്തിൽ ഇടം കിട്ടിയേക്കില്ല. മുൻ മത്സരങ്ങളിൽ നന്നായി കളിച്ച ടാറ്റോക്ക് ഒപ്പം ട്രറോറയാവും മുന്നേറ്റത്തിൽ ഇറങ്ങാൻ സാധ്യത.

മറുവശത്ത് ഗോവയുടെ സ്ഥിതിയും ഒട്ടും ആശ്വാസകരമല്ല. 7 മത്സരങ്ങളിൽ വെറും 4 പോയിൻ്റ് മാത്രം സ്വന്തമാക്കാനായ അവർ ലീഗിൽ അവസാന സ്ഥാനത്താണ്. ഗോൾ കീപ്പറെ മാറ്റിയിട്ടും മെച്ചപ്പെടാത്ത പ്രതിരോധം, ഒരുപാട് അവസരങ്ങൾ തുറന്നിട്ടും വേണ്ട ഗോൾ കണ്ടത്താനാവാത്ത മുന്നേറ്റനിര ഇങ്ങനെ സീക്കോയെ അലട്ടുന്ന പ്രശ്നങ്ങൾ അനവധിയാണ്. ആദ്യ സീസണെ അനുസ്മരിപ്പിച്ച് ഈ ടീമിനെ മുൻ സീസനുകൾ പോലെ സെമിയിൽ എത്തിക്കുക അത്ര എളുപ്പമല്ലെന്ന് സീക്കോക്കറിയാം. സീസണാദ്യം പൂനെയോടേറ്റ പരാജയത്തിന് വിജയത്തോടെ കണക്ക് തീർക്കേണ്ടത് ഗോവയുടെ നിലനിൽപ്പിൻ്റെ പ്രശ്നമാണ്.

സുഭാഷിഷ് റോയ് ചൗധരി തന്നെയാവും ഗോളിൽ. പ്രതിരോധത്തിൽ മാർക്വീ താരം ലൂസിയാനോകൊപ്പം ഗ്രിഗറി അർനോളിനാവും പ്രതിരോധത്തിൻ്റെ ചുമതല. എന്നാൽ ഇവരുടെ വേഗക്കുറവ് പലപ്പോയും ഗോവക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു അതിനാൽ തന്നെ സീക്കോ ചിലപ്പോൾ മാറ്റത്തിന് തയ്യാറായേക്കും. മധ്യനിരയിൽ ഫോമിലേക്ക് ഉയരുന്ന സൂചനകൾ നൽകുന്ന റോമിയോ ഫെർണാണ്ടസിനും ജോഫ്രക്കും ഒപ്പം അധ്യാനിച്ച് കളിക്കുന്ന റിച്ചാർൽയ്സൻ ഫെലിസ്ബിനോ ഇറങ്ങും. മുന്നേറ്റമാവും സീക്കോയെ ഏറ്റവും കൂടുതൽ അലട്ടുക. എന്നാലും ഇത് വരെ ഫോമിലെത്താത്ത റോബിൻ സിങിനൊപ്പം റാഫേൽ കോഹ്ലോ മുന്നേറ്റത്തിൽ തുടരാനാണ് സാധ്യത.

കണക്കുകളിൽ പൂനെക്കാണ് മുൻതൂക്കം. പരസ്പരം ഏറ്റ് മുട്ടിയ 5 മത്സരങ്ങളിൽ 3 എണ്ണത്തിൽ അവർ ജയിച്ചപ്പോൾ ഒരു മത്സരം മാത്രമാണ് ഗോവക്ക് ജയിക്കാനായത്, മറ്റൊരു മത്സരം സമനിലയിലും അവസാനിച്ചു. ഇരു ടീമുകൾക്കും വിജയം പ്രധാനമായതിനാൽ നല്ലൊരു പോരാട്ടം തന്നെ പ്രതീക്ഷിക്കാം. വൈകിട്ട് 7 മണിക്ക് പൂനെയിൽ നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിലും ഏഷ്യാനെറ്റ് മൂവീസിലും ഹോട്ട്സ്റ്റാറിലും തൽസമയം കാണാം.

Leave a Comment