പൂനെ സിറ്റി ഇന്ന് ഡെൽഹി ഡൈനാമോസിനെതിരെ

- Advertisement -

രണ്ട് ദിവസങ്ങളുടെ ഇടവേളയ്ക്കു ശേഷം ഇന്ന് ഐ എസ് എല്ലിൽ വീണ്ടും പന്തുരുളും. പൂനെയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ പൂനെ സിറ്റിയുടെ ഓറഞ്ച് ആർമി ഡെൽഹി ഡൈനാമോസിനെയാണ് നേരിടുന്നത്.

കഴിഞ്ഞ സീസണിലെ ഐ എസ് എല്ലിൽ കളം നിറഞ്ഞാടിയ മാർസലീനോയും ആൽഫാരോയും പൂനെ സിറ്റി ജേഴ്സിയിൽ ഇന്നാദ്യമായി ഇറങ്ങും. ഇരുവരുടേയും സാന്നിദ്ധ്യത്തിൽ തന്നെയാകും പൂനെ സിറ്റിയുടെ പ്രതീക്ഷയും. മുൻ ഡെൽഹി താരമായ കീൻ ലൂയിസും പൂനെ നിരയിലുണ്ട്. കഴിഞ്ഞ സീസണിൽ ഡെൽഹിയിൽ മാർസലീനോ-കീൻ ലൂയിസ് സഖ്യം മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചത്. ആ മികവ് ഡെൽഹിക്കെതിരെയും തുടരുമോ എന്നതാണ് പൂനെ ആരാധകർ നോക്കുന്നത്.

ഇതുവരെ‌ പ്ലേ ഓഫിന് യോഗ്യത നേടിയിട്ടില്ല എന്ന ചീത്തപേര് മാറ്റേണ്ടതുണ്ട് പൂനെ സിറ്റിക്ക്. റാങ്കോ പോപോവിച് ആണ് പൂനെയുടെ ഇത്തവണത്തെ പരിശീലകൻ. ഈ മൂന്ന് സീസണുകളിൽ 6 തവണ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ഒറ്റ ഒരു തവണ മാത്രമാണ് പൂനെയ്ക്ക് ജയിക്കാൻ ആയത്. ആ മോശം റെക്കോർഡ് ആകും പോപോവിചിന് ആദ്യം തകർക്കേണ്ടത്.

മൂന്നു സീസണുകളിൽ രണ്ടു തവണ പ്ലേ ഓഫിൽ എത്തിയിട്ടും ഫൈനൽ കാണാൻ കഴിയാതെ വിഷമിച്ച ഡെൽഹിക്കും ഈ‌ സീസണിൽ പലതും തെളിയിക്കേണ്ടതുണ്ട്. കഴിഞ്ഞ തവണത്തേത് പോലെ പേരു കേട്ടാൽ തന്നെ എതിരാളികൾ ഭയക്കുന്ന സ്ക്വാഡ് ഇത്തവണ ഡെൽഹിക്കില്ല. എങ്കിലും പുതിതായി എത്തിയ കാലു ഉച്ചെയെ പോലുള്ള താരങ്ങൾ മികവിലേക്ക് ഉയരുമെന്നാണ് ഡെൽഹി പ്രതീക്ഷ. സ്പെയിനിലും ഖത്തറിലും പ്രീ‌സീസൺ നടത്തിയാണ് ഡെൽഹി ഐ എസ് എല്ലിനായി ഒരുങ്ങിയത്.

ഇന്ന് വൈകിട്ട് 8 മണിക്കാണ് മത്സരം. കളി തത്സമയം ഏഷ്യാനെറ്റ് മൂവീസിലും സ്റ്റാർ നെറ്റ്‌വർക്കിലും കാണാം. മലയാളി താരമായ ആഷിഖ് കുരുണിയൻ പൂനെ സിറ്റി സ്ക്വാഡിലുണ്ട്. ആഷികിന് തന്റെ അരങ്ങേറ്റം നടത്താൻ സാധിക്കുമോ എന്നത് അറിയാൻ കാത്തിരിക്കണം

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement