ജംഷഡ്‌പൂരിനെ മറികടന്ന് പൂനെ ഒന്നാം സ്ഥാനത്ത്

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

പ്ലേ ഓഫ് സ്ഥാനം മുൻപിൽ കണ്ട് പൂനെക്കെതിരെ ഇറങ്ങിയ ജംഷഡ്‌പൂരിന് തോൽവി. 2 – 1 നാണ് ജംഷഡ്‌പൂർ പൂനെയോട് തോൽവിയേറ്റുവാങ്ങിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ടു നിന്നതിന് ശേഷമാണു ജംഷഡ്‌പൂർ തോൽവി വഴങ്ങിയത്.

മത്സരത്തിന്റെ തുടക്കം മുതൽ മികച്ച പ്രകടനമാണ് പൂനെ കാഴ്ചവെച്ചത്. പക്ഷെ ആദിൽ ഖാനും അൽഫാറോക്കും കിട്ടിയ അവസരങ്ങൾ അവർക്ക് മുതലാക്കാനായില്ല. തുടർന്നാണ് ജംഷഡ്‌പൂർ മത്സരത്തിൽ ഗോൾ നേടിയത്. പെനാൽറ്റി ബോക്സിലേക്ക് വന്ന പന്ത് ക്ലിയർ ചെയ്യുന്നതിൽ പൂനെ ഗോൾ കീപ്പർ വിശാൽ കെയ്തും സാഹിലും പിഴവുവരുത്തിയപ്പോൾ പന്ത് ലഭിച്ച വെല്ലിങ്ടൺ പ്രിയോരി ഗോളകുകയായിരുന്നു.

തുടർന്ന് ആദ്യ പകുതിയിലെ ഇഞ്ചുറി ടൈമിൽ സമനില നേടാൻ പൂനെക്ക് മികച്ച അവസരം ലഭിച്ചെങ്കിലും അൽഫാറോ അവിശ്വാസിനയമായ രീതിയിൽ അവസരം നഷ്ട്ടപെടുത്തുകയായിരുന്നു. ഗോൾ കീപ്പർ മറികടന്ന അൽഫാറോ പക്ഷെ ഗോൾ ലൈനിൽ നിലയുറപ്പിച്ച യുംനം രാജുവിനെ മറികടക്കാനായില്ല.

രണ്ടാം പകുതിയിൽ രണ്ടു മാറ്റങ്ങളുമായാണ് പൂനെ ഇറങ്ങിയത്. അതിന്റെ പ്രതിഫലമെന്നോണം മികച്ച പ്രകടനം പുറത്തെടുത്ത പൂനെ 62ആം മിനുട്ടിൽ സമനില പിടിച്ചു. ഗുർതേജ് സിങ്ങാണ് സമനില ഗോൾ നേടിയത്. മാഴ്‌സെലോയുടെ കോർണറിൽ നിന്ന് ഹെഡറിലൂടെയാണ് ഗുർതേജ് സിങ് സമനില ഗോൾ നേടിയത്. സമനില പിടിച്ചെടുത്തതോടെ ആക്രമണം അഴിച്ചുവിട്ടു പൂനെ അൽഫാറോയിലൂടെ മത്സരത്തിൽ ലീഡ് നേടി. ഇത്തവണയും ഗോളിന് വഴി ഒരുക്കിയത് മാഴ്‌സെലോ ആയിരുന്നു.

തുടർന്നും മികച്ച ആക്രമണം കാഴ്ചവെച്ച പൂനെ വീണ്ടും ഗോളിനടുത്തെത്തിയെങ്കിലും  സുബ്രതോ പോളിന്റെ മികച്ച രക്ഷപെടുത്തലാണ് കൂടുതൽ ഗോൾ വഴങ്ങുന്നതിൽ നിന്ന് രക്ഷപെട്ടത്.

തുടർന്ന് മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ സമനില നേടാനുള്ള വെല്ലിങ്ടന്റെ അവസരം ഗോൾ ലൈനിൽ ആദിൽ ഖാൻ തടഞ്ഞതോടെ തുടർച്ചയായ മൂന്ന് വിജയം എന്ന കോപ്പലശാന്റെ ശ്രമം അവസാനിക്കുകയായിരുന്നു.

ജയത്തോടെ പൂനെ സിറ്റി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. ജംഷഡ്‌പൂർ ഇപ്പോഴും അഞ്ചാം സ്ഥാനത്താണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial