ആദ്യ സെമിയിൽ പൂനെ സിറ്റിയും ബെംഗളൂരുവും നേർക്കുനേർ

- Advertisement -

ഐ എസ് എൽ സീസണിലെ ആദ്യ സെമി ഫൈനലിലെ ഒന്നാം പാദ മത്സരത്തിൽ ഇന്ന് പൂനെ സിറ്റി ലീഗ് ഘട്ടത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ബെംഗളൂരു എഫ് സിയെ നേരിടും. പൂനെയുടെ സ്വന്തം ഗ്രൗണ്ടായ ശ്രീ ശിവ് ഛത്രപതി സ്പോർട്സ് കോംപ്ലക്സിൽ വെച്ചാണ് മത്സരം. ആദ്യ ഐ എസ് എൽ സീസണിൽ സെമിയിൽ എത്തിയ ബെംഗളൂരു സീസണിലുടനീളം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അതെ സമയം കഴിഞ്ഞ നാല് സീസൺ ഐ എസ് എൽ കളിച്ച പൂനെ ആദ്യമായാണ് സെമിയിലെത്തുന്നത്.

ലീഗ് ഘട്ടത്തിൽ  ബെംഗളുരുവിനെതിരെ രണ്ടു മത്സരങ്ങളിലും ജയം സ്വന്തമാക്കാൻ പൂനെക്കായിരുന്നില്ല. ആദ്യ മത്സരത്തിൽ സ്വന്തം ഗ്രൗണ്ടിൽ ബെംഗളുരുവിനോട്  3-1 ന് തോറ്റ പൂനെ ബെംഗളുരുവിന്റെ ഗ്രൗണ്ടിൽ 1-1 ന് സമനില പിടിച്ചിരുന്നു.  അതെ സമയം ബെംഗളൂരു അവസാനം കളിച്ച 8 മത്സരങ്ങളിൽ അവർ ജയിക്കാതെ പോയ ഏക മത്സരവും പൂനെയോട് ആയിരുന്നു. ലീഗിൽ ഏറ്റവും കുറവ് ഗോൾ വഴങ്ങിയ ബെംഗളൂരു പ്രതിരോധത്തെ മറികടക്കാൻ മർസെലിഞ്ഞോയും അൽഫാറോയും മികച്ച പ്രകടനം പുറത്തെടുക്കേണ്ടി വരും.

അവസാനം കളിച്ച എട്ടു മത്സരങ്ങളിൽ തോൽവിയറിയാതെയാണ് ബെംഗളൂരു പൂനെയെ നേരിടുന്നത്. അതിൽ ഏഴ് മത്സരങ്ങളും അവർ ജയിക്കുകയും ചെയ്തിരുന്നു. മികച്ച ഫോമിലുള്ള മികുവിലും ഇന്ത്യൻ താരം ഛേത്രിയിലുമാണ് ബെംഗളൂരുവിന്റെ ഫൈനൽ പ്രതീക്ഷകൾ. മികു ലീഗ് ഘട്ടത്തിൽ 14 ഗോൾ നേടിയപ്പൾ ഛേത്രി 10 ഗോൾ നേടിയിരുന്നു.

ലീഗ് ഘട്ടത്തിൽ 18 മത്സരങ്ങളിൽ നിന്ന് 30 പോയിന്റ് നേടിയ ലീഗിൽ നാലാമതായാണ് സെമി ഫൈനലിന് യോഗ്യത നേടിയത്. ബെംഗളൂരു ആവട്ടെ 18 മത്സരങ്ങളിൽ നിന്ന് 40 പോയിന്റുമായി ഒന്നാം സ്ഥാനം ഉറപ്പിച്ചാണ് സെമിയിലെത്തിയത്. രണ്ടാം പാദ സെമി ഫൈനൽ മത്സരം മാർച്ച് 11ന് ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ വെച്ച് നടക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement