അവസാന അങ്കത്തിൽ ജയം ലക്ഷ്യമാക്കി എടികെ ഡൽഹി ഡൈനാമോസിനെതിരെ

ഇന്ത്യൻ സൂപ്പർ ലീഗിലെ അവസാന ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിൽ എടികെ ഡൽഹി ഡൈനാമോസിനോട് ഏറ്റുമുട്ടും. ഇരു ടീമുകളും ജയത്തോടെ സീസൺ അവസാനിപ്പിക്കാനാണ് ശ്രമിക്കുക. കൊൽക്കത്തയിൽ നടക്കുന്ന സൂപ്പർ പോരാട്ടത്തിൽ ജയമാണ് ഇരു ടീമുകളുടെയും ലക്ഷ്യം. ഇന്നത്തെ ജയം എടികെക്ക് ടോപ്പ് സിക്‌സിൽ സീസൺ അവസാനിപ്പിക്കാനുള്ള അവസരം നൽകും. ഇന്ത്യൻ സമയം 7.30pm ആണ് കിക്കോഫ്.

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ സമനിലകളായിരുന്നു കൂടുതൽ. നാല് സമനിലകൾ സംഭവിച്ചപ്പോൾ മൂന്ന് ജയവുമായി മേൽക്കൈ എടികെക്കാണ്. ഡൽഹി ഡൈനാമോസിന് രണ്ടു ജയം മാത്രമാണ് സ്വന്തമാകാനായത്. കോപ്പലാശാന്റെ എടികെക്ക് ഈ സീസണിൽ തിരിച്ചടിയായത് താരങ്ങളുടെ പരിക്കാണ്. ടോപ്പ് ഫോർ ഫിനിഷ് തന്നെ എ ടികെക്ക് നഷ്ടമാക്കിയത് പരിക്കും ഗോളടിക്കാൻ സാധിക്കാത്തതുമാണ്. ഈ സീസണിൽ ആകെ 16 ഗോളുകൾ മാത്രമാണ് എടികെ നേടിയത്. കലാശപ്പോരാട്ടത്തിലും പരിക്ക് വില്ലനാണ്. മാനുവൽ ലാൻസറോട്ടയും എവർട്ടൻ സാന്റോസും പരിക്കിന്റെ പിടിയിലാണ്.

ഇന്ത്യൻ സൂപ്പർ ലീഗ് അവസാന ഘട്ടത്തോടടുത്തപ്പോൾ വമ്പൻ തിരിച്ചു വരവാണ് ഡൽഹി ഡൈനാമോസ് നടത്തിയത്. നിലവിൽ തുടർച്ചയായ 6 മത്സരങ്ങളിൽ അപരാജിതരാണ് ഡൽഹി. സൂപ്പർ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ബെംഗളൂരു എഫ്സിയെയും പൂനെ സിറ്റി എഫ്സിയെയും അട്ടിമറിക്കാൻ ഡൽഹിക്ക് സാധിച്ചിരുന്നു. ഒരു വമ്പൻ വിജയത്തോടു കൂടി ഈ സീസൺ അവസാനിപ്പിക്കാനാണ് ഡൽഹി ഡൈനാമോസിന്റെ ശ്രമം.