ഐ എസ് എൽ ഇന്ന് മുതൽ വീണ്ടും, വിജയിക്കാത്ത ടീമും പരാജയമറിയാത്ത ടീമും നേർക്കുനേർ

- Advertisement -

ഇടവേള കഴിഞ്ഞ് ഐ എസ് എൽ ഫുട്ബോൾ ഇന്ന് തിരിച്ചെത്തുന്നു. ഇന്നത്തെ മത്സരത്തിൽ പൂനെ സിറ്റി ജംഷദ്പൂരിനെ നേരിടും. ലീഗിൽ ഇതുവരെ ഒരു മത്സരം പോലും ജയിക്കാത്ത ടീമാണ് പൂനെ സിറ്റി എങ്കിൽ മറുവശത്ത് ഒരു പരാജയം പോലും അറിയാത്ത ജംഷദ്പൂരാണ് ഉള്ളത്. തങ്ങളുടെ ആദ്യ വിജയം തന്നെയാകും ആതിഥേയരായ പൂന ഇന്ന് ലക്ഷ്യം വെക്കുന്നത്.

ഇയാൻ ഹ്യൂമിന്റെ ടീമിലേക്കുള്ള വരവ് പൂനെയ്ക്ക് പ്രതീക്ഷ നൽകുന്നു. സ്ട്രൈക്കർ അൽഫാരോ ലോണിൽ എ ടി കെയിലേക്ക് പോയ സ്ഥാനത്തേക്കാണ് ഇയാൻ ഹ്യൂം എത്തിയിട്ടുള്ളത്. ഹ്യൂമിന്റെ പൂനെ അരങ്ങേറ്റം ഇന്ന് നടക്കും. പക്ഷെ മാസങ്ങൾ ആയി ഫുട്ബോൾ കളിക്കാത്ത ഹ്യൂം ആദ്യ ഇലവനിൽ ഉണ്ടായേക്കില്ല. സ്റ്റാങ്കോവിച് പരിക്ക് മാറി എത്തിയതിനാൽ അദ്ദേഹം ആദ്യ ഇലവനിൽ ഉണ്ടാകും.

മറുവശത്ത് പ്രമുഖ താരങ്ങൾ ഇല്ലാതെയാണ് ജംഷദ്പൂർ ഇറങ്ങുന്നത്. ഓസ്ട്രേലിയൻ സൂപ്പർ താരം ടിം കാഹിൽ ഇന്ന് കളിക്കില്ല. ഇന്നലെ ഓസ്ട്രേലിയക്കായി അന്താരാഷ്ട്ര മത്സരം കളിച്ച കാഹിൽ ഇതുവരെ ടീമിനൊപ്പം ചേർന്നിട്ടില്ല. അനിശ്ചിത കാലത്തേക്ക് വിലക്ക് നേരിടുന്ന ഗൗരവ് മുഖിയും ഇന്ന് കളിക്കില്ല. ഇന്ത്യക്കൊപ്പം ജോർദാനിൽ യാത്ര ചെയ്തിരുന്ന സുമീത് പസ്സിയും ഇന്ന് ഇറങ്ങിയേക്കില്ല.

ഏഴു മത്സരങ്ങൾ കഴിഞ്ഞപ്പോൾ അഞ്ചു സമനിലകളും രണ്ട് വിജയവും ഉള്ള ജംഷദ്പൂർ ഇപ്പോൾ ലീഗിൽ നാലാം സ്ഥാനത്താണ്. അവസാന സ്ഥാനത്താണ് പൂനെ സിറ്റി ഉള്ളത്.

Advertisement