മുൻ ചാമ്പ്യന്മാരുടെ പോരാട്ടം, എടികെ ചെന്നൈയിനെതിരെ

Jyotish

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് മുൻ ചാമ്പ്യന്മാരുടെ പോരാട്ടം. ചെന്നൈയിലെ‌ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ രണ്ട് തവണ ചാമ്പ്യന്മാരായ എടികെ കൊൽക്കത്തയെ ആണ് ചെന്നൈയിൻ നേരിടുക. ഇരു ടീമുകളും ഇതുവരെ 12 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. 38 ഗോളുകൾ പിറന്ന മത്സരങ്ങളിൽ 3 ജയം ചെന്നൈയിൻ നേടിയപ്പോൾ 5 ജയം എടികെക്കായിരുന്നു. ഇന്ന് വൈകിട്ട് 7.30 ആണ് കിക്കോഫ്. എടികെ ഒരു മത്സരത്തിൽ ജയവും ഒന്നിൽ ജയവുമാണുള്ളത്. അതേ സമയം ചെന്നൈയിൻ ഒരു തോൽവിയും ഒരു സമനിലയുമാണ് വഴങ്ങിയത്.

ഈ സീസണിൽ ട്രാൻസ്ഫർ മാർക്കറ്റിൽ ഏറെ പണമൊഴുക്കിയ എടികെ വമ്പൻ നിരയുമായാണ് എത്തിയത്. എന്നാൽ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനോട് അപ്രതീക്ഷിതമായ തോൽവി ആണ് എടികെ വഴങ്ങിയത്. എന്നാൽ കന്നിക്കാരായ ഹൈദരാബാദിനെതിരെ എടികെ ഗോൾ മഴ പെയ്യിച്ചു. എഡു ഗാർസിയ -റോയ് കൃഷ്ണ-സൂസെരാജ് സഖ്യം ഏതൊരു പ്രതിരോധനിരയേയും വെല്ലുവിളിക്കാൻ പോന്നതാണ്. ആദ്യ കളിയിൽ ഗോവയോട് തോൽക്കാനായിരുന്നു ചെന്നൈയിന്റെ വിധി. എന്നാം രണ്ടാം മത്സരത്തിൽ മുംബൈയോട് ഗോൾ രഹിത സമനില വഴങ്ങാൻ ആയിരുന്നു ചെന്നൈയിന്റെ വിധി. ഈ സീസണിൽ ഒരൊറ്റ ഗോൾ പോലും നേടാൻ ചെന്നൈയിനായിട്ടില്ല.