ഐ.എസ്.എല്ലിൽ ഇന്ന് എ.ടി.കെ – ബെംഗളൂരു സൂപ്പർ പോരാട്ടം

- Advertisement -

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കഴിഞ്ഞ തവണത്തെ റണ്ണേഴ്‌സ് അപ്പ് ആയ ബെംഗളൂരു എഫ്.സി എ.ടി.കെയെ നേരിടും. എ.ടി.കെയും ഹോം ഗ്രൗണ്ടായ വിവേകാനന്ദ യുബ ഭാരതി ക്രിരംഗൻ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്.സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് എ.ടി.കെ ഇന്നിറങ്ങുന്നത്. അതെ സമയം പൂനെയിൽ വെച്ച് പൂനെ സിറ്റിയെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് ബെംഗളൂരു ഇന്നിറങ്ങുന്നത്.

ആദ്യ രണ്ടു ഹോം മത്സരങ്ങളിൽ പരാജയപ്പെട്ട എ.ടി.കെ തുടർന്നങ്ങോട്ട് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. കഴിഞ്ഞ മൂന്ന് കളികളിൽ രണ്ടു ജയവും ഒരു സമനിലയുമായിരുന്നു എ.ടി.കെയുടെ സമ്പാദ്യം. അഞ്ചു വർഷം ബെംഗളൂരു ജേഴ്സിയിൽ കളിച്ച ജോൺ ജോൺസൻ എ.ടി.കെ ജേഴ്സിയിൽ ബെംഗളൂരുവിനെ നേരിടുന്നു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. മികച്ച ഫോമിലുള്ള മാനുവൽ ലാൻസറൊട്ടേയും കാലു ഉച്ചേയിലുമാണ് എ.ടി.കെയുടെ പ്രതീക്ഷകൾ.

അതെ സമയം കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റായ ബെംഗളൂരു കഴിഞ്ഞ സീസണിൽ പുറത്തെടുത്ത മികച്ച ഫോം തുടരുന്ന കാഴ്ചയാണ് ഈ സീസണിലും കണ്ടത്.  സുനിൽ ഛേത്രിയും മികുവും ചേർന്ന ആക്രമണ നിര ഏതു പ്രധിരോധ നിരയെയും കീറി മുറിക്കാൻ ശക്തിയുള്ളവരാണ്. ഈ സീസണിൽ ഏറ്റവും കുറവ് ഗോൾ വഴങ്ങിയ ടീമും ബെംഗളൂരു ആണെന്നിരിക്കെ എ.ടി.കെ ആക്രമണ നിര ബെംഗളൂരു പ്രതിരോധ നിരയെ എങ്ങനെ മറികടക്കുമെന്ന് കാത്തിരുന്ന് കാണാം.

 

Advertisement