കലാശപ്പോരാട്ടത്തിനായി ചെന്നൈയിൻ ഗോവയിൽ

ഇന്ത്യൻ സൂപ്പർ ലീഗിലെ കലാശപ്പോരാട്ടത്തിനായി ചെന്നൈയിൻ എഫ്‌സി എഫ്‌സി ഗോവയെ നേരിടും. ഗോവയിലെ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ആയിരിക്കും ഇന്ത്യൻ സൂപ്പർ ലീഗിലെ ചെന്നൈയിന്റെ സീസൺ അവസാനിക്കുക. ഇന്ത്യൻ സൂപ്പർ ലീഗിൽ ഇതിനു മുൻപ് ഇരു ടീമുകളും ഏറ്റുമുട്ടുമ്പോൾ ഗോൾ മഴ പെയ്തിരുന്നതിനാൽ ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ മുഴുവൻ ശ്രദ്ധയും ഇന്ന് ഗോവയിലായിരിക്കും. ഇന്ത്യൻ സമയം 7.30pm ആണ് കിക്കോഫ്.

ഈ സീസണിൽ ഏറ്റവുമധികം കിരീട സാധ്യത കൽപ്പിക്കുന്ന ടീമാണ് എഫ്‌സി ഗോവ. സീസണിൽ ഉടനീളം മികച്ച പ്രകടനം കാഴ്ച വെക്കാൻ ഗോവയ്ക്ക് സാധിച്ചു. 35 ഗോളുകൾ ആണ് ഗോവ അടിച്ച് കൂട്ടിയത്. ഇതിൽ പതിനാലും ലീഗിലെ ടോപ്പ് സ്കോററായ കൊറോയിൽ നിന്നും പിറന്നതാണ്. അപ്രതീക്ഷിതമായി ബെംഗളൂരുവിനോടേറ്റ പരാജയം മറക്കാൻ ഒരു ജയമാണ് ഗോവയ്ക്ക് ആവശ്യം. ഇന്ന് ജയിച്ചാൽ പോയന്റ് നിലയിൽ രണ്ടാം സ്ഥാനത് ഗ്രൂപ്പ് സ്റ്റേജ് അവസാനിപ്പിക്കാൻ അവർക്കാകും.

നിലവിലെ ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യന്മാരായ ചെന്നൈയിൻ ഈ സീസണിൽ അവസാനസ്ഥാനത്താണ്. ഈ സീസണിൽ ആകെ രണ്ടു ജയം നേടാൻ മാത്രമാണ് അവർക്ക് കഴിഞ്ഞത്. എഎഫ്സി ക്വാളിഫയർ വരുന്നതിനു മുൻപായി ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കാൻ ഒരു ജയം ചെന്നൈയിൻ ആവശ്യമാണ്. ജെജെയും സികെ വിനീതും അടക്കമുള്ള പരിചയസമ്പന്നമായ അക്രമണനിര നാളെ അദ്‌ഭുതങ്ങൾ കാണിക്കുമോ എന്ന് കണ്ടറിയാം.