ആദ്യ ജയം തേടി ചാമ്പ്യന്മാർ ഇന്ന് നോർത്ത് ഈസ്റ്റിനെതിരെ

ഐ എസ് എൽ അഞ്ചാം സീസണിലെ ആദ്യ ജയം തേടി നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ് സി ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ഇന്ന് ചെന്നൈയുടെ ഹോം ഗ്രൗണ്ടായ മരീന അരീനയിലാണ് മത്സരം നടക്കുക‌. ലീഗിൽ കളിച്ച രണ്ടു മത്സരങ്ങളും പരാജയപ്പെട്ടു നിൽക്കുകയാണ് ചെന്നൈയിൻ എഫ് സി. ബെംഗളൂരു എഫ് സിയോടും എഫ് സി ഗോവയോടും ആയിരുന്നു പരാജയങ്ങൾ.

മറുവശത്ത് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആകട്ടെ അവരുടെ ഏറ്റവും മികച്ച തുടക്കങ്ങളിൽ ഒന്നിലാണ്. രണ്ട് മത്സരങ്ങളിൽ നാലു പോയന്റ് ഉണ്ട് ഈൽകോ ഷറ്റോരിയുടെ ടീമിന്. അവസാന മത്സരത്തിക് എ ടി കെ കൊൽക്കത്തയെ എവേ മത്സരത്തിൽ പരാജയപ്പെടുത്തിയ ആത്മവിശ്വാസവും നോർത്ത് ഈസ്റ്റിന് ഉണ്ട്. ചെന്നൈയിനെതിരെ മികച്ച റെക്കോർഡ് ഉണ്ട് എന്നതും നോർത്ത് ഈസ്റ്റിന് പ്രതീക്ഷ നൽകുന്നു. നോർത്ത് ഈസ്റ്റ് ഐ എസ് എല്ലിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ളത് ചെന്നൈയിനെതിരെ ആണ്.

ഇന്ന് ഗോൾ കീപ്പർ രഹ്നേഷ് ഇല്ലാതെ ആകും നോർത്ത് ഈസ്റ്റ് ഇറങ്ങുക. അച്ചടക്ക നടപടി നേരിട്ടതിനാലാണ് രഹ്നേഷിന് ഇന്ന് കളിക്കാൻ കഴിയാത്തത്. രഹ്നേഷിന് പകരം പവൻ കുമാർ ഇന്ന് നോർത്ത് ഈസ്റ്റ് വല കാക്കും. ചെന്നൈയിനിൽ പ്രധാന താരങ്ങൾ ഒക്കെ ഇന്ന് ഉണ്ടാകും എങ്കിലും പരിശീലകൻ നിർണായക മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്. സ്ട്രൈക്കർ ജെജെയുടെ ഫോമാണ് ചെന്നൈയിന്റെ പ്രധാന തലവേദന.

Previous articleഇറ്റലി – അമേരിക്ക സൗഹൃദ മത്സരം ബെൽജിയത്തിൽ
Next articleഫ്ലെച്ചര്‍ തിളങ്ങി, ബാല്‍ക്ക് ലെജന്‍ഡ്സിനെ കീഴടങ്ങി നാംഗാര്‍ഹാര്‍ ലെപ്പേര്‍ഡ്സ്