Picsart 22 12 17 21 56 05 915

പത്താം തോൽവിയിൽ നോർത്ത് ഈസ്റ്റ്, വീണ്ടും വിജയവുമായി ഗോവ

ഐഎസ്എൽ തുടർച്ചയായ പത്താം മത്സരത്തിലും തോൽവി വഴങ്ങി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ഇന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് എഫ്സി ഗോവ വിജയം കണ്ടെത്തി. എഡു ബെഡിയ, ഐകർ ഗ്വാറോച്ചെന എന്നിവരാണ് ഗോവക്ക് വേണ്ടി ഗോളുകൾ നേടിയത്. നോർത്ത് ഈസ്റ്റിന്റെ ആശ്വാസ ഗോൾ ജോർദാൻ നേടി. തോൽവി പരമ്പര തുടരുന്ന നോർത്ത് ഈസ്റ്റ് അവസാന സ്ഥാനത്ത് തന്നെ തുടരുകയാണ്. തുടർച്ചയായ രണ്ടാം വിജയം നേടിയ ഗോവ അഞ്ചാം സ്ഥാനത്തേക്ക് കയറി.

സ്വന്തം തട്ടകത്തിൽ ഗോവക്ക് തന്നെ ആയിരുന്നു മത്സരത്തിൽ മേധാവിത്വം. പന്ത് കൈവശം വെക്കുന്നതിലും അവർ തന്നെ മുന്നിൽ നിന്നു. പത്താം മിനിറ്റിൽ ഗോവ ആദ്യ ഗോൾ നേടി. ഇടത് വിങ്ങിൽ നിന്നും നോവയുടെ ക്രോസ് ആൾക്കൂട്ടത്തിനിടയിൽ നിന്നും എഡു ബെഡിയ വലയിൽ എത്തിച്ചു. ഇരുപതാം മിനിറ്റിൽ ഗോവ ലീഡ് വർധിപ്പിച്ചു. വീണ്ടും ഒരിക്കൽ കൂടി നോർത്ത് ഈസ്റ്റിന്റെ പ്രതിരോധത്തിലെ വീഴ്ച്ചകൾ കണ്ട ഗോൾ ആയിരുന്നു ഇത്. ഫ്രീകിക്കിലൂടെ എത്തിയ അവസരത്തിൽ ബ്രണ്ടൻ ഫെർണാണ്ടസിന്റെ ശ്രമം തടുത്തെങ്കിലും ഗതി മാറി ഗ്വാറോച്ചെനയുടെ അടുത്തെത്തിയപ്പോൾ താരം മികച്ചൊരു ഷോട്ടിലൂടെ പന്ത് വലയിൽ എത്തിച്ചു. പിന്നീട് അൻവർ അലിയുടെ ശ്രമങ്ങൾ നിർഭാഗ്യം കൊണ്ട് ലക്ഷ്യത്തിൽ എത്താതെ പോയി. അവസാന മിനിറ്റുകളിൽ പന്ത് എതിരാളികൾക്ക് വിട്ടു കൊടുത്ത ഗോവ എക്സ്ട്രാ ടൈമിൽ പെനാൽറ്റി വഴങ്ങുകയായിരുന്നു. കിക്ക് എടുത്ത ജോർദാൻ അനായാസം പന്ത് വലയിൽ എത്തിച്ചു.

Exit mobile version