ജീസസ് ജിമിനസ് തിരികെയെത്തി, കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷക്ക് എതിരായ ടീം പ്രഖ്യാപിച്ചു

ഇന്ന് കൊച്ചിയിൽ വെച്ച് ഒഡീഷ എഫ് സിയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പ് പ്രഖ്യാപിച്ചു. അവസാന മൂന്ന് മത്സരങ്ങൾ പരിക്ക് കാർണം നഷ്ടപ്പെട്ട ജീസസ് ജിമിനസ് സ്ക്വാഡിലേക്ക് മടങ്ങിയെത്തിയതാണ് പ്രധാന വാർത്ത. ജീസസും വിബിനും ബെഞ്ചിൽ ആണുള്ളത്.

സച്ചിൻ സുരേഷ് കേരള ബ്ലാസ്റ്റേഴ്സിന്റെ വല കാക്കുന്നു. നവോച, ഐബാൻ, ഹോർമിപാം, പ്രിതം എന്നിവരാണ് ഡിഫൻസിൽ ഉള്ളത്.

കോഫ്, ഫ്രെഡി എന്നിവർ മധ്യനിരയിൽ ഇറങ്ങുന്നു. ലൂണ, പെപ്ര, നോഹ, കുറോ എന്നിവർ അറ്റാക്കിൽ ഇറങ്ങുന്നു.

ഗോളുമായി മലയാളി താരം സനാൻ, മുംബൈ സിറ്റിയെ തകർത്ത് ജംഷദ്പൂർ

ൽമുംബൈ ഫുട്‌ബോൾ അരീനയിൽ ചെന്ന് മുംബൈ സിറ്റി എഫ്‌സിയെ 3-0ന് തോൽപ്പിച്ച് ജംഷഡ്പൂർ എഫ്‌സി. ഈ ജയത്തോടെ ജംഷദ്പൂർ പോയിൻ്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. അവർക്ക് 14 മത്സരങ്ങളിൽ നിന്ന് 27 പോയിൻ്റായി.

രണ്ടാം പകുതിയുടെ 64-ാം മിനിറ്റിൽ ജംഷഡ്പൂർ എഫ്.സി മലയാളി താരം മുഹമ്മദ് സനാനിലൂടെ ലീഡ് എടുത്തു. ഇമ്രാൻ ഖാൻ്റെ ക്രോസിൽ നിന്ന് ആയിരുന്നു സനാന്റെ മികച്ച ഫിനിഷ്.

86-ാം മിനിറ്റിൽ അതിവേഗ കൗണ്ടറിലൂടെ സന്ദർശകർ ലീഡ് ഇരട്ടിയാക്കി. സീമിൻലെൻ ഡൂംഗൽ മുറെയ്‌ക്ക് ഒരു ലോംഗ് ബോൾ ലോഞ്ച് ചെയ്തു, അവൻ ശാന്തമായി പന്ത് ടിപി റെഹനേഷിന് മുകളിലൂടെ വലയിലേക്ക് എത്തിച്ചു. 2-0.

അധികസമയത്ത് അവസാന ഗോൾ വന്നു, ബോക്‌സിനുള്ളിൽ തട്ടിമാറ്റിയ പന്ത് ജാവി ഹെർണാണ്ടസ് മുതലാക്കി ജംഷഡ്പൂർ എഫ്‌സിയുടെ മൂന്നാം ഗോൾ നേടി.

കൊൽക്കത്ത ഡർബിയിൽ മോഹൻ ബഗാന് ജയം

കൊൽക്കത്ത ഡർബിയിൽ മോഹൻ ബഗാന് വിജയം. ഇന്ന് ഐ എസ് എല്ലിൽ നടന്ന മത്സരത്തിൽ എതിരില്ലാത്താ ഒരു ഗോളിനാണ് ഈസ്റ്റ് ബംഗാളിനെ മോഹൻ ബഗാൻ തോൽപ്പിച്ചത്. മത്സരത്തിന്റെ രണ്ടാം മിനുറ്റിൽ ആയിരുന്നു മോഹൻ ബഗാാന്റെ ഗോൾ.

മത്സരം ആരംഭിച്ച് 1 മിനുറ്റും 38 സെക്കൻഡും ആകവെ ജാമി മക്ലരനിലൂടെ ആണ് മോഹൻ ബഗാൻ ലീഡ് എടുത്തത്. ഇതിനു ശേഷം കളി നിയന്ത്രിക്കാൻ ബഗാനായി. രണ്ടാം പകുതിയിൽ 65ആം മിനുറ്റിൽ ഈസ്റ്റ് ബംഗാളിന്റെ സൗവിക് ചക്രവർത്തി ചുവപ്പ് കണ്ട് പുറത്തായതോടെ ഈസ്റ്റ് ബംഗാൾ കൂടുതൽ പ്രതിരോധാത്തിലായി.

ഈ വിജയത്തോടെ മോഹൻ ബഗാൻ 15 മത്സരങ്ങളിൽ നിന്ന് 35 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ്‌. ഈസ്റ്റ് ബംഗാൾ 14 പോയിന്റുമായി 11ആം സ്ഥാനത്താണ്.

മൊഹമ്മദൻസ് ബെംഗളൂരു എഫ്‌സിയെ ഞെട്ടിച്ചു!! 88ആം മിനുറ്റിലെ ഗോളിൽ ജയം

88-ാം മിനിറ്റിൽ മിർജലോൽ കാസിമോവിൻ്റെ ഫ്രീകിക്ക് ഗോളിൽ മൊഹമ്മദൻ എസ്‌സി ബെംഗളൂരു എഫ്‌സിയെ തോൽപ്പിച്ചു. ബെംഗളൂരവിൽ വന്നാണ് 1-0ന്റെ നാടകീയമായ വിജയം മൊഹമ്മദൻസ് നേടിയത്. ഈ ഫലം 15 മത്സരങ്ങളിൽ നിന്ന് 10 പോയിൻ്റുമായി മുഹമ്മദൻ എസ്‌സിയെ പട്ടികയിൽ 12-ാം സ്ഥാനത്തേക്ക് ഉയർത്തി. 15 കളികളിൽ നിന്ന് 27 പോയിൻ്റുമായി ബെംഗളൂരു എഫ്‌സി രണ്ടാം സ്ഥാനത്ത് തുടർന്നു.

കണ്ഠീരവയിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും വ്യക്തമായ അവസരങ്ങൾ സൃഷ്ടിക്കാൻ പാടുപെടുന്നതിന് സാക്ഷിയായി. , രണ്ടാം പകുതിയുടെ അവസാനം, കാസിമോവ് ഒരു മാന്ത്രിക നിമിഷം സൃഷ്ടിച്ചു, നേരിട്ടുള്ള ഫ്രീ-കിക്ക് ലക്ഷ്യത്തിൽ എത്തിച്ച് താരം സമനില തകർത്ത് മുഹമ്മദൻ എസ്‌സിക്ക് നിർണായക ലീഡ് നൽകി.

ബംഗളൂരു എഫ്‌സിക്ക്, ആധിപത്യം ഉണ്ടായിരുന്നിട്ടും, അവസരങ്ങൾ മുതലാക്കുന്നതിൽ പരാജയപ്പെട്ടു.

വെനസ്വേലൻ ഫോർവേഡ് റിച്ചാർഡ് സെലിസിനെ ഈസ്റ്റ് ബംഗാൾ എഫ്‌സി സൈൻ ചെയ്തു

വെനസ്വേലൻ ദേശീയ ടീമിൻ്റെ ഫോർവേഡ് റിച്ചാർഡ് എൻറിക് സെലിസ് സാഞ്ചസിനെ നിലവിലെ സീസണിലെ ശേഷിക്കുന്ന സീസണിലേക്ക് സൈൻ ചെയ്ത് ഈസ്റ്റ് ബംഗാൾ എഫ്‌സി അവരുടെ ആക്രമണ നിരയെ ശക്തിപ്പെടുത്തി. തലാലിന് പകരക്കാരനായി റെഡ് ആൻഡ് ഗോൾഡ് ബ്രിഗേഡിൽ ചേരുന്ന 28-കാരൻ അന്താരാഷ്ട്ര അനുഭവം ടീമിലേക്ക് കൊണ്ടുവരുന്നു.

2024 ഒക്ടോബറിൽ വെനസ്വേലയുടെ ഫസ്റ്റ് ഡിവിഷൻ ടീമായ അക്കാഡമിയ പ്യൂർട്ടോ കാബെല്ലോയ്ക്കുവേണ്ടിയാണ് സെലിസ് അവസാനമായി കളിച്ചത്. സെലിസ് ഈസ്റ്റ് ബംഗാളിൻ്റെ ആക്രമണ ശേഷി ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈസ്റ്റ് ബംഗാളിന്റെ പ്ലേ ഓഫ് സാധ്യതകൾ ഇപ്പോൾ വിദൂരത്താണ്.

കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ ഇഷാൻ പണ്ഡിത പരിക്ക് മാറി എത്തുന്നു

കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ സ്‌ട്രൈക്കർ ഇഷാൻ പണ്ഡിത പൂർണ്ണ ഫിറ്റ്‌നസിലേക്ക് അടുക്കുന്നു. അടുത്ത 7-10 ദിവസത്തിനുള്ളിൽ താരം കളത്തിലിറങ്ങുമെന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു.

നേരത്തെ പരിക്കേറ്റിരുന്ന ഇഷാൻ പരിക്കിൽ നിന്ന് മോചിതനായെങ്കിലും ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തിന് ദിവസങ്ങൾക്ക് മുമ്പ് വീണ്ടും പരിക്കിന്റെ തിരിച്ചടി നേരിടുക ആയിരുന്നു. രണ്ടാമത്തെ പരിക്കിൽ നിന്ന് മോചിതനായ ഇഷാൻ, പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്.

ഇഷാൻ മാത്രമല്ല ജീസസ്, വിബിൻ എന്നിവരും പരിക്ക് മാറി വരുന്നതിന് അടുത്താണ്.

സന്തോഷ് ട്രോഫി ഹീറോ റാബി ഹൻസ്ദയെ മൊഹമ്മദൻസ് സ്വന്തമാക്കി

ഈ കഴിഞ്ഞ സന്തോഷ് ട്രോഫി ടൂർണമെന്റിലെ ടോപ് സ്‌കോററായ റാബി ഹൻസ്ദയുടെ സൈനിംഗ് മുഹമ്മദൻ സ്‌പോർട്ടിംഗ് ക്ലബ് സ്ഥിരീകരിച്ചു. കേരളത്തിനെതിരായ ഫൈനലിലെ നിർണായക വിജയ ഗോൾ നേടിയ താരമാണ് റാബി. ഈ ഗോൾ ഉൾപ്പെടെ ടൂർണമെൻ്റിനിടയിൽ മികച്ച 12 ഗോളുകൾ നേടാബ് 25 കാരനായ താരത്തിനായി.

ക്ലിനിക്കൽ ഫിനിഷിംഗിനും ചടുലതയ്ക്കും പേരുകേട്ട ഹൻസ്‌ഡ, മുമ്പ് കൊൽക്കത്ത ആസ്ഥാനമായുള്ള ക്ലബ്ബുകൾക്കൊപ്പം കളിച്ചിട്ടുണ്ട്. കൊൽക്കത്ത കസ്റ്റംസ്, റെയിൻബോ എസി എന്നിവയിൽ തൻ്റെ കഴിവുകൾ താരം മുമ്പ് തെളിയിച്ചിട്ടുണ്ട്.

ഈസ്റ്റ് ബംഗാളിനെതിരെ ത്രില്ലർ ജയിച്ച് മുംബൈ സിറ്റി

കൊൽക്കത്ത, ജനുവരി 6: വിവേകാനന്ദ യുബ ഭാരതി ക്രിരംഗനിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) പോരാട്ടത്തിൽ മുംബൈ സിറ്റി എഫ്‌സി ഈസ്റ്റ് ബംഗാൾ എഫ്‌സിയെ 3-2 എന്ന സ്കോറിന് തോൽപ്പിച്ചു. ഈ വിജയം മുംബൈയെ ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് നയിച്ചു.

ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ സൃഷ്ടിച്ച് മുംബൈ സിറ്റി 39-ാം മിനിറ്റിൽ ബ്രാൻഡൻ ഫെർണാണ്ടസിൻ്റെ അതിമനോഹരമായ ത്രൂ-ബോളിലൂടെ ലാലിയൻസുവാല ചാങ്തെയെ കണ്ടെത്തി. ചാങ്തെ പന്ത് ഇടത് മൂലയിലേക്ക് സ്ലോട്ട് ചെയ്തു. സ്കോർ 1-0.

ഹാഫ്‌ടൈമിന് മിനിറ്റുകൾക്ക് മുമ്പ്, യോയൽ വാൻ നീഫിൻ്റെ പാസ് കരേലിസിനെ സജ്ജീകരിച്ചു, അദ്ദേഹം മുംബൈയുടെ ലീഡ് ഇരട്ടിയാക്കി.

ഇടവേളയ്ക്കുശേഷം ഈസ്റ്റ് ബംഗാൾ ആക്രമിച്ചു. 66-ാം മിനിറ്റിൽ സെൽഫ് ഗോളിലൂടെ അവർ കളിയിലേക്ക് തിരികെ വന്നു‌. 83-ാം മിനിറ്റിൽ ഡേവിഡ് ലാൽലൻസംഗ സമനില പിടിച്ചു.

എന്നിരുന്നാലും, മുംബൈ അതിവേഗം പ്രതികരിച്ചു, 87-ാം മിനിറ്റിൽ നഥാൻ റോഡ്രിഗസിൻ്റെ കൃത്യമായ പാസിൽ നിന്ന് കരേലിസ് തൻ്റെ രണ്ടാം ഗോളും നേടി വിജയം ഉറപ്പിച്ചു.

2 ചുവപ്പ് കാർഡ് കിട്ടിയിട്ടും പൊരുതി ജയിച്ച് കേരള ബ്ലാസ്റ്റേഴ്സ്!!

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് പഞ്ചാബ് എഫ് സിയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് പൊരുതി വിജയിച്ചു. ഇന്ന് രണ്ട് ചുവപ്പ് കാർഡുകൾ ബ്ലാസ്റ്റേഴ്സിന് ലഭിച്ച മത്സരത്തിൽ അവസാന 20 മിനുറ്റിൽ അധികം 9 പേരുമായി കളിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. ഏക ഗോളിനായിരുന്നു ജയം.

ആദ്യ പകുതിയുടെ അവസാനമാണ് കേരള ബ്ലാസ്റ്റേഴ്സ് ഗോൾ കണ്ടെത്തിയത്. 43ആം മിനിറ്റിൽ നോഹയെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി നോഹ തന്നെ ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു. ഈ ഗോളിന് മുൻപ് തന്നെ കേരള ബ്ലാസ്റ്റേഴ്സിന് നിരവധി നല്ല അവസരങ്ങൾ ലഭിച്ചിരുന്നു. പക്ഷേ ഗോൾ മാത്രം പിറന്നില്ല. അപ്പോഴാണ് കേരളത്തിന് അർഹിച്ച രീതിയിൽ ഒരു പെനാൽറ്റി ലഭിക്കുകയും അത് ഗോളായി മാറുകയും ചെയ്തത്.

രണ്ടാം പകുതിയിൽ ഈ പ്രകടനം തുടർന്ന് വിജയം ഉറപ്പിക്കുക ആയിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. പക്ഷെ രണ്ടാം പകുതിയിൽ രണ്ട് ചുവപ്പ് കാർഡുകൾ പ്രശ്നമായി. ആദ്യം 58ആം മിനുട്ടിൽ ഡ്രിഞ്ചിച് രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായി. പിന്നാലെ 75 ആം മിനുട്ടിൽ ഐബാൻ ചുവപ്പ് കാർഡ് കാണുകയും ചെയ്തു. ഇതോടെ കേരള ബ്ലാസ്റ്റേഴ്സ് 9 പേരായി ചുരുങ്ങി.

ഇത് കളി പഞ്ചാബിന്റെ കയ്യിലേക്ക് എത്തിച്ചു. പഞ്ചാബ് തുടർച്ചയായി ആക്രമണങ്ങൾ നടത്തി എങ്കിലും കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസ് ഉറച്ചു നിന്നു.

ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് 17 പോയിന്റുമായി ഒമ്പതാം സ്ഥാനത്തേക്ക് ഉയർന്നു. 18 പോയിന്റുള്ള പഞ്ചാബ് എട്ടാം സ്ഥാനത്താണ്.

പഞ്ചാബിന് എതിരായ ലൈനപ്പ് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു

ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് പഞ്ചാബ് എഫ് സിയെ നേരിടുകയാണ്. ഈ മത്സരത്തിനായുള്ള ലൈനപ്പ് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു. ഇന്നും കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ സ്ട്രൈക്കർ ജീസസ് ഇല്ല. പരിക്ക് മാറിയ ഐമൻ ടീമിൽ തിരികെ എത്തിയിട്ടുണ്ട്.

സച്ചിൻ സുരേഷാണ് വല കാക്കുന്നത്. ഡിഫൻസിൽ ഹോർമിപാം, മിലോസ്, ഐബൻ, നവൊച എന്നിവർ ഇറങ്ങുന്നു. ഫ്രെഡിയും ഡാനിഷും ആണ് മധ്യനിരയിൽ ഉള്ളത്. കോറോ, പെപ്ര, ലൂണ, നോഹ എന്നിവർ അറ്റാക്കിലും ഉണ്ട്. ഐമൻ ബെഞ്ചിൽ ആണ്.

ജൗഷുവ സോട്ടിരിയോ കേരള ബ്ലാസ്റ്റേഴ്സുമായി പിരിഞ്ഞു

29 കാരനായ ഓസ്‌ട്രേലിയൻ ഫോർവേഡ് ജൗഷുവ സോട്ടിരിയോ താൻ കേരള ബ്ലാസ്റ്റേഴ്സുമായുള്ള കരാർ അവസാനിപ്പിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. 2023-ൽ രണ്ട് വർഷത്തെ കരാറിൽ ക്ലബിൽ ചേർന്ന സോട്ടിരിയോ പരിശീലന സെഷനിൽ പരിക്കേറ്റതിനെ തുടർന്ന് ടീമിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു, അതിനുശേഷം ഇതുവരെ ടീമിനായി കളിക്കാൻ കഴിഞ്ഞിരുന്നില്ല.

തൻ്റെ വികാരങ്ങൾ പ്രകടിപ്പിച്ചുകൊണ്ട്, സോട്ടിരിയോ ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് പങ്കുവെച്ചു, “ഞാൻ ഈ ക്ലബ്ബിനായി ശാരീരികമായും മാനസികമായും എല്ലാം നൽകി, അത് മതിയാകാത്തതിൽ സങ്കടമുണ്ട്. ക്ലബ്ബിനും ആരാധകർക്കും ഭാവിയിൽ എല്ലാ വിജയങ്ങളും നേരുന്നു.” അദ്ദേഹം ഇൻസ്റ്റയിൽ പറഞ്ഞു.

രണ്ട് തവണയും പ്രീ സീസണിൽ ആയിരുന്നു താരത്തിന് പരിക്കേറ്റത്.

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് പഞ്ചാബ് എഫ് സിക്ക് എതിരെ!! വിജയം അത്യാവശ്യം!!

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ പഞ്ചാബ് എഫ് സിയെ നേരിടും. ഇന്ന് പഞ്ചാബിന്റെ ഹോം ഗ്രൗണ്ടിൽ വെച്ചാകും മത്സരം നടക്കുക. നേരത്തെ കൊച്ചിയിൽ വെച്ച് ഇരുവരും ഏറ്റുമുട്ടിയപ്പോൾ പഞ്ചാബ് എഫ് സി വിജയിച്ചിരുന്നു. ഇന്ന് അതിന് മറുപടി നൽകാൻ ആകും കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുക.

കേരള ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താാൻ വിജയം ആവശ്യമാണ്. ഇപ്പോൾ 14 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ലീഗിൽ പത്താം സ്ഥാനത്താണ്. 18 പോയിന്റുള്ള പഞ്ചാബ് എട്ടാം സ്ഥാനത്തും നിൽക്കുന്നു.

ഇന്ന് ജീസസും വിബിനും ബ്ലാസ്റ്റേഴ്സിന് ഒപ്പം ഉണ്ടാകില്ല. പരിക്ക് മാറിയ ഐമൻ സ്ക്വാഡിൽ ഉണ്ടാകും. രാത്രി 7.30ന് നടക്കുന്ന മത്സരം തത്സമയം ജിയോ സിനിമയിൽ കാണാം.

Exit mobile version