സ്വന്ത ഗ്രൗണ്ടിൽ വിജയ വഴിയിൽ തിരിച്ചെത്താൻ ബെംഗളൂരു എ.ടി.കെക്കെതിരെ

കഴിഞ്ഞ തവണത്തെ ഐ.എസ്.എൽ ജേതാക്കളായ എ.ടി.കെ ലീഗിലെ തുടക്കക്കാരായ ബെംഗളൂരു എഫ്.സിയെ നേരിടും. ബെംഗളൂരിവിന്റെ ഹോം ഗ്രൗണ്ടായ ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ കൊച്ചിയിൽ വെച്ച് 3-1ന് തോൽപ്പിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ബെംഗളൂരു എഫ്.സി ഇറങ്ങുന്നത്. അതെ സമയം ലീഗിലെ തുടക്കത്തിലേ തിരിച്ചടികൾ മറികടന്നു ഫോമിലേക്കുയരുന്ന എ.ടി.കെ എഫ്.സി ഗോവയുമായി സമനില പിടിച്ചതിന്റെ പിന്നാലെയാണ് ഇന്നത്തെ മത്സരത്തിന് ഇറങ്ങുന്നത്. കഴിഞ്ഞ 3 മത്സരത്തിൽ തോൽവിയറിയാത്തതും സൂപ്പർ താരം റോബി കീൻ ഫോമിലെത്തിയതും എ.ടി.കെയുടെ പ്രതീക്ഷ വർദ്ധിപ്പിക്കും.

സ്വന്തം ഗ്രൗണ്ടിൽ മികച്ച പ്രകടനം പുറത്തെടുത്ത ബെംഗളൂരുവിന് പക്ഷെ അവസാന രണ്ട് കളികളിൽ സ്വന്ത ഗ്രൗണ്ടിൽ വിജയിക്കാനായിട്ടില്ല. സ്വന്തം ഗ്രൗണ്ടിൽ ജംഷഡ്‌പൂരും ചെന്നൈയിനുമാണ് ബെംഗളൂരു എഫ്.സിയെ അവസാന മത്സരങ്ങളിൽ തറപറ്റിച്ചത്. ഇന്നത്തെ മത്സരം ജയിച്ചാൽ ബെംഗളുരുവിന് പൂനെ സിറ്റിയെ മറികടന്ന് ലീഗിൽ ഒന്നാം സ്ഥാനത്തെത്താനും സാധിക്കും. അത് കൊണ്ട് തന്നെ ഒരു വിജയത്തിൽ കുറഞ്ഞതൊന്നും ബെംഗളൂരു കോച്ച് ആൽബർട്ട് റോക്ക ആഗ്രഹിക്കുന്നില്ല.

സ്വന്തം ഗ്രൗണ്ടിൽ അവസാനം തോറ്റ രണ്ട് മത്സരങ്ങളിലും അവസാന മിനിറ്റുകളിൽ ഗോൾ വഴങ്ങിയാണ് ബെംഗളൂരു എഫ്.സി മത്സരങ്ങൾ കൈവിട്ടത്. 8 ഗോളുകൾ നേടി മികച്ച ഫോമിലുള്ള മിക്കുവാണ് ബെംഗളൂരു എഫ്.സിയുടെ തുറുപ്പുശീട്ട്. മുൻ ബെംഗളൂരു കോച്ച് ആഷ്‌ലി വെസ്റ്റ്ഡി വുഡിന് ബെംഗളൂരുവിലേക്കുള്ള തിരിച്ച് വരവ് കൂടിയാവും ഇത്. ഈ സീസണിന്റെ തുടക്കത്തിലാണ് വെസ്റ്റ് വുഡ്  ബംഗളുരുവിൽ നിന്ന് എ.ടി.കെയിലെത്തിയത്.

പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്തുള്ള എ.ടി.കെ ലീഗിലെ ആദ്യ മത്സരങ്ങളിൽ ഏറ്റ തിരിച്ചടിക്ക് ശേഷം മികച്ച ഫോമിലാണ്. റോബി കീൻ പരിക്ക് മാറി ടീമിനൊപ്പം ചേർന്നതോടെ ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും റോബി കീൻ ഗോൾ നേടിയിരുന്നു. അതെ സമയം ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പ് ക്ലബായ വോൾവ്സ് റോബി കീനായി രംഗത്ത് എത്തിയതായി കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. വാർത്ത സത്യമാണെങ്കിൽ അത് എ.ടി.കെക്ക് തിരിച്ചടിയാവും. അവസാന മൂന്ന് മത്സരങ്ങളിൽ നിന്ന് 7 പോയിന്റ് നേടി ടീം ഫോമിലേക്കുള്ള ലക്ഷണങ്ങൾ കാണിച്ചതും ആരാധകർക്ക് പ്രതീക്ഷ നൽകും. 7 മത്സരങ്ങളിൽ നിന്ന് 9 പോയിന്റുമായി എ.ടി.കെ ലീഗിൽ ഏഴാം സ്ഥാനത്താണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

തോൽ‌വിയിൽ നിന്ന് കരകയറാൻ ഡൽഹി ഡൈനാമോസ് ഇന്ന് ചെന്നൈയിനെ നേരിടും

പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്തുള്ള ഡൽഹി ഡൈനാമോസ് ഇന്ന് ഒന്നാം സ്ഥാനം ലക്‌ഷ്യം വെച്ചിറങ്ങുന്ന ചെന്നൈയിൻ എഫ്.സിയെ നേരിടും. ചെന്നൈയിൽ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. 8 മത്സരങ്ങളിൽ നിന്ന് 5 ജയവും 1 സമനിലയും 2 തോൽവിയുമായി 16 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് ചെന്നൈയിൻ.  ഡൽഹി ഡയനാമോസ് ആവട്ടെ 7 മത്സരം കളിച്ചത്തിൽ 6 മത്സരവും തോറ്റാണ് വരുന്നത്. ഒരു മത്സരം ജയിച്ച അവർ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്.

റഫറിക്കെതിരെ മോശം പരാമർശം നടത്തിയതിന്റെ പേരിൽ 3 മത്സരത്തിൽ വിലക്ക് നേരിടുന്ന ജോൺ ഗ്രിഗറിയുടെ സേവനം ചെന്നൈയിന് ഇന്ന് നഷ്ടമാകും. ഗ്രിഗറിയുടെ അഭാവത്തിൽ അസിസ്റ്റന്റ് കോച്ച് സയിദ് സാബിർ പാഷ ആവും ടീമിനെ ഇറക്കുക. ഹെൻറിക് സെറെനോയും മൈൽസൺ അൽവസും ചേർന്നുള്ള പ്രതിരോധവും ജെജെയും റാഫേൽ അഗസ്റ്റോയുമുള്ള ആക്രമണ നിരയും മികച്ച ഫോമിലാണ്.

ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ വഴങ്ങിയ പ്രതിരോധം തന്നെയാവും ഡൽഹിയുടെ പ്രധാന പ്രശ്നം. ലീഗിലെ ആദ്യ മത്സരം ജയിച്ചു തുടങ്ങിയ ഡൽഹി തുടർന്നുള്ള എല്ലാ മത്സരങ്ങളും പരാജയപെടുകയായിരുന്നു. പ്രതിരോധനിര വരുത്തുന്ന വ്യക്തിപരമായ തെറ്റുകളാണ് ഡൽഹിക്ക് വിനയാകുന്നതെന്ന് കോച്ച് മിഗേൽ പോർച്ചുഗൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഇന്ത്യൻ U17 താരത്തിനെ ടീമിലെത്തിച്ച് ഡൽഹി ഡൈനാമോസ്

ഡൽഹി ഡൈനാമോസ് ഇന്ത്യൻ U17 താരമായ ശുഭം സാരംഗിയെ തങ്ങളുടെ ടീമിലേക്കെത്തിച്ചു. പൂനെയിലെ ആർമി പബ്ലിക്ക് സ്‌കൂളിൽ വിദ്യാർത്ഥിയായ ശുഭം സാരംഗി ട്രാൻസ്ഫർ വിൻഡോയിലൂടെ ഡല്ഹിയിലെത്തുന്ന രണ്ടാം താരമാണ്. ഇന്ത്യയുടെ ടീമിലെ പ്രധാനതാരമായ ശുഭം ഐഎസ്എലിൽ ചേരുമെന്ന് ഒട്ടേറെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇന്നലെയാണ് ഡൽഹി ക്ലബ് സ്ഥിതീകരിച്ചത്.

12 ആം വയസിൽ ഇറാനിൽ നടന്ന എഎഫ്‌സി U14 ക്വാളിഫയറിൽ ശുഭം ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടിത്തട്ടിലാണ് ഡൽഹി ഡൈനാമോസിന്റെ സ്ഥാനം. ശുഭം സാരംഗിയുടെ വരവ് ടീമിന് ഗുണം ചെയ്യുമെന്നാണ് ഡൈനാമോസ് മാനേജ്‌മെന്റും കോച്ച് മിഗ്വേൽ എയ്ഞ്ചേലും കരുതുന്നത്. ചെന്നെയിൻ എഫ്‌സിക്കെതിരെ ഇന്നാണ് ഡൽഹി ഡൈനാമോസിന്റെ അടുത്ത മത്സരം

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഗോവയെ വീഴ്ത്തി നോര്‍ത്തീസ്റ്റ്

ഐഎസ്എല്‍ 40ാം മത്സരത്തില്‍ ഗോവയെ വീഴ്ത്തി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ഇന്ന് ഗുവഹാട്ടിയിലെ ഇന്ദിര ഗാന്ധി അത്‍ലറ്റിക് സ്റ്റേഡിയത്തില്‍ കളി കാണാനെത്തിയ അയ്യായിരത്തോളം വരുന്ന കാണികളുടെ മുന്നില്‍ വെച്ചാണ് ഗോവയെ 2-1 എന്ന മാര്‍ജിനില്‍ ഹൈലാന്‍ഡേഴ്സ് വീഴ്ത്തിയത്. ഒന്നാം പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടിയപ്പോള്‍ രണ്ടാം ഗോളില്‍ നോര്‍ത്തീസ് വിജയ ഗോള്‍ കണ്ടെത്തി.

പകുതി സമയത്ത് ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടിയാണ് വിട പറഞ്ഞത്. ആദ്യ പകുതിയുടെ 21ാം മിനുട്ടില്‍ മാര്‍സീനോ ആണ് ഹൈലാന്‍ഡേഴ്സിനെ മുന്നിലെത്തിച്ചത്. ഏഴ് മിനുട്ടുകള്‍ക്ക് ശേഷം എഫ് സി ഗോവ ഗോള്‍ മടക്കി. മാന്വല്‍ അരാനയാണ് സമനില ഗോള്‍ കണ്ടെത്തിയത്. പിന്നീട് ഒന്ന് രണ്ട് അവസരങ്ങള്‍ കൂടി സൃഷ്ടിക്കാന്‍ ടീമിനായെങ്കിലും ഗോള്‍ മാത്രം പിറന്നില്ല.

രണ്ടാം പകുതി തുടങ്ങി ഏഴ് മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ നോര്‍ത്തീസ്റ്റ് തങ്ങളുടെ രണ്ടാം ഗോളും മത്സരത്തിലെ ലീഡും നേടി. സീമിന്‍ലെന്‍ ഡൗംഗല്‍ ആയിരുന്നു ഗോള്‍ നേടിയത്. പത്താം നമ്പര്‍ താരവും ആദ്യ ഗോളിനു ഉടമയുമായ മാര്‍സിനോ ആയിരുന്നു അസിസ്സ്റ്റിനു ഉടമ.

ഗോള്‍ലൈന്‍ സേവുകളും രഹ്നേഷിന്റെ തകര്‍പ്പന്‍ സേവുകളുമെല്ലാം തന്നെ ഗോവന്‍ ആക്രമണത്തിനെതിരെ പിടിച്ച് നില്‍ക്കുവാന്‍ നോര്‍ത്തീസ്റ്റിനെ പ്രാപ്തരാക്കുകയായിരുന്നു. മത്സരത്തിന്റെ അവസാന മിനുട്ടുകളില്‍ മാര്‍സീനോയ്ക്ക് പകരം മലയാളിത്താരം അബ്ദുള്‍ ഹക്കുവിനെ ഇറക്കി നോര്‍ത്ത് ഈസ്റ്റ് തങ്ങളുടെ പ്രതിരോധം കൂടുതല്‍ ശക്തിയാക്കി.

അഞ്ച് മിനുട്ട് അധിക സമയം നല്‍കിയെങ്കിലും ഗോള്‍ മടക്കുവാനുള്ള ഗോവന്‍ ശ്രമങ്ങള്‍ വിജയം കാണാതെ പോയപ്പോള്‍ നോര്‍ത്തീസ്റ്റിനു നാട്ടിലെ ആരാധകരുടെ മുന്നില്‍ ജയം സ്വന്തമാക്കാനായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ചെന്നൈയിൻ കോച്ച് ജോൺ ഗ്രിഗറിക്ക് ഐ.എസ്.എല്ലിൽ നിന്ന് വിലക്ക്

ഐ.എസ്.എല്ലിൽ കോച്ചുമാർക്ക് കഷ്ടകാലം തുടരുന്നു. ജംഷഡ്‌പൂർ എഫ്.സിക്കെതിരായ മത്സരത്തിനിടെ അച്ചടക്കം ലംഘനം നടത്തിയതിനു ചെന്നൈയിൻ എഫ്.സി കോച്ച് ജോൺ ഗ്രിഗറിയെ ഐ.എസ്.എൽ മൂന്ന് മത്സരങ്ങളിൽ നിന്ന് വിലക്ക് ഏർപ്പെടുത്തി.

മൂന്ന് മത്സരത്തിലെ വിലക്കിനു പുറമെ 4 ലക്ഷം രൂപ പിഴയായും വിധിച്ചിട്ടുണ്ട്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതിയാണ് പിഴ വിധിച്ചിരിക്കുന്നത്.  റഫറിമാറോട് മോശമായി പെരുമാറിയതിനാണ് കോച്ചിന് വിലക്ക് ഏർപ്പെടുത്തിയത്.

കുറച്ച് ദിവസങ്ങൾക്ക് മുൻപ് പൂനെ കോച്ച് റാങ്കോ പോപോവിച്ചിനും വിലക്ക് ഏർപ്പെടുത്തിയിരുന്നു. മത്സര ശേഷമുള്ള പത്ര സമ്മേളനത്തിൽ റഫറിമാരെ വിമർശിച്ചതിനാണ് പോപോവിച്ചിന് അച്ചടക്ക സമിതി വിലക്ക് ഏർപ്പെടുത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കുന്നതിൽ അഭിമാനമുണ്ട് : കിസിറ്റോ കെസിറോൺ

കേരള ബ്ലാസ്‌റ്റേഴ്‌സിനെ പോലെ ഒരു വലിയ ടീമിൽ കളിയ്ക്കാൻ പറ്റുന്നത് വലിയ കാര്യമാണെന്നും അതിൽ അഭിനമുണ്ടെന്നും കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്സിനായി അരങ്ങേറ്റം കുറിച്ച വിദേശം താരം കെസിറോൺ കിസിറ്റോ. കഴിഞ്ഞ ദിവസം രണ്ടാം പകുതിയിൽ ബെർബെറ്റോവിന് പകരക്കാരനായി ഇറങ്ങി താരം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെ കുറിച്ച് ഒരുപാടു കേട്ടിട്ടുണ്ടെന്നും അവർ വളരെ മികച്ചതാണെന്നും അവരുടെ മുൻപിൽ കൂടുതൽ മത്സരങ്ങൾ കളിക്കാനാണ് ആഗ്രഹവുമെന്നും താരം പറഞ്ഞു. “മിഡ്‌ഫീൽഡിൽ ഏതൊരു സ്ഥലത്തും താൻ കളിയ്ക്കാൻ തയ്യാറാണ്. ഉഗാണ്ടയും ഇന്ത്യയും ഒരുപോലെയാണ്. ടീമിനൊപ്പം കുറച്ച് കാലമായി ഉണ്ട്. അത് കൊണ്ട് തന്നെ ബ്ലാസ്റ്റേഴ്‌സ് തനിക്ക് സ്വന്തം വീട് പോലെയാണ്”. കിസിറ്റോ പറഞ്ഞു.

ഉഗാണ്ടയിൽ നിന്നുള്ള ഈ താരം ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ ഇടം നേടിയത്. കഴിഞ്ഞ പ്രീ സീസൺ മുതൽ ടീമിനൊപ്പമുള്ള താരം പക്ഷെ സീസണിന്റെ ആദ്യ പകുതിയിൽ ടീമിനൊപ്പം കളിച്ചിരുന്നില്ല. പൂനെക്കെതിരെ മികച്ച പ്രകടനം കാഴ്ച വെച്ച കിസിറ്റോ അടുത്ത മത്സരത്തിൽ ആദ്യ പതിനൊന്നിൽ ഇടം നേടുമെന്നാണ് കരുതപെടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പുതിയ പ്രതീക്ഷകളുമായി നോർത്ത് ഈസ്റ്റ് ഇന്ന് ഗോവക്കെതിരെ

പുതിയ കോച്ചിന് കീഴിൽ മികച്ച തുടക്കം പ്രതീക്ഷിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സ്വന്തം ഗ്രൗണ്ടിൽ എഫ്.സി ഗോവയെ നേരിടും. മുൻ ചെൽസി പരിശീലകനും ഘാന ദേശീയ ടീമിന്റെ പരിശീലകനുമായിരുന്ന അവ്റാം ഗ്രാന്റിനെ നോർത്ത് ഈസ്റ്റ് പരിശീലകനായി നിയമിച്ചിരുന്നു. ടീമിന്റെ ടെക്നിക്കൽ അഡ്വൈസർ എന്ന നിലയിലാണ് ഗ്രാന്റ് നോർത്ത് ഈസ്റ്റിൽ എത്തിയതെങ്കിലും ഈ സീസണിന്റെ അവസാനം വരെ ടീമിന്റെ പരിശീലകനായി അവ്റാം ഗ്രാന്റ് തുടരും.

മോശം പ്രകടനത്തെ തുടർന്ന് ജാവോ ഡി ഡിയസിനെ കഴിഞ്ഞ ദിവസം ക്ലബ് പുറത്താക്കിയിരുന്നു. 7 മത്സരങ്ങൾ കഴിഞ്ഞതോടെ നോർത്ത് ഈസ്റ്റ് ഒൻപതാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയതോടെയാണ് കോച്ചിനെ പുറത്താക്കാൻ നോർത്ത് ഈസ്റ്റ് നിർബന്ധിതനായത്. കഴിഞ്ഞ മത്സരത്തിൽ പൂനെ സിറ്റിക്കെതിരെ 5 – 0 നാണ് നോർത്ത് ഈസ്റ്റ് തോൽവിയേറ്റുവാങ്ങിയത്. തുടർച്ചയായ നാല് പരാജയങ്ങളുടെ പിന്നാലെയാണ് ഇന്ന് നോർത്ത് ഈസ്റ്റ് ഇറങ്ങുന്നത്. ഗോൾ നേടാൻ പാടുപെടുന്ന ആക്രമണ നിരയാണ് നോർത്ത് ഈസ്റ്റിന്റെ പ്രധാന പ്രശ്നം. ലീഗിൽ ഇതുവരെ വെറും 2 ഗോൾ മാത്രമാണ് നോർത്ത് ഈസ്റ്റ് ഇതുവരെ നേടിയത്.

മികച്ച ഫോമിൽ കളിച്ചിരുന്ന ഗോവ അവസാന രണ്ട് മത്സരങ്ങളിൽ വിജയം കണ്ടെത്താനാവാതെ പോയത് അവർക്ക്‌ തിരിച്ചടിയായിരുന്നു. 7 മത്സരങ്ങളിൽ നിന്ന് 13 പോയിന്റുമായി  ഗോവ അഞ്ചാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള പൂനെയെക്കാൾ രണ്ട് മത്സരം കുറച്ച് കളിച്ച ഗോവക്ക് ഇനിയുള്ള മത്സരങ്ങൾ ജയിച്ച് ഒന്നാം സ്ഥാനം പിടിച്ചെടുക്കാനാവും ശ്രമം. സീസണിൽ ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയത് എഫ്.സി ഗോവയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സ്വന്തം തട്ടകത്തിൽ ജയമില്ലാതെ വീണ്ടും ജംഷദ്പൂർ

സ്വന്തം തട്ടകത്തിൽ ജയമെന്ന സ്വപ്നം ജംഷദ്പൂരിന് ഇന്നും സാധ്യമായില്ല. ഇന്ന് മുംബൈ എഫ് സിയെ നേരിട്ട ജംഷദ്പൂർ രണ്ട് ഗോളുകൾ അടിച്ചിട്ടും ജയവും മൂന്നു പോയന്റും ലഭിച്ചില്ല. നാലു ഗോളുകൾ പിറന്ന മത്സരത്തിൽ 2-2 എന്ന സമനിലയിലാണ് കളി അവസാനിച്ചത്.

തുടക്കത്തിലെ കളിക്ക് വേഗത കൂട്ടിക്കൊണ്ട് സ്റ്റീവ് കോപ്പലും സംഘവും തുടങ്ങി എങ്കിലും 24ആം മിനുട്ടിൽ തിയാഗോ സാന്റോസിലൂടെ മുംബൈയാണ് കളിയിൽ ആദ്യം ലീഡ് എടുത്തത്. പക്ഷെ ശക്തമായ തിരിച്ചുവരവ് നടത്തിയ ജംഷദ്പൂർ അസുകയുടെ ഇരട്ട ഗോളിൽ കളി മാറ്റിമറിച്ചു. ഹാഫ് ടൈമിന് തൊട്ടുമുന്നേ ആയിരുന്നു അസുകയുടെ രണ്ട് ഗോളുകളും പിറന്നത്.

രണ്ടാം പകുതിയിലും ജംഷദ്പൂർ തന്നെ മികച്ചു നിന്നു. പക്ഷെ കളിയിടെ ഗതിക്ക് വിപരീതമായി 71ആം മിനുട്ടിൽ തിയാഗോ സാന്റോസ് എവർട്ടൺ സാന്റോസിന്റെ അസിസ്റ്റിൽ മുംബൈക്ക് സമനില ഗോൾ നേടികൊടുത്തി. സമനിലയോടെ ജംഷദ്പൂർ ആറാം സ്ഥാനത്തേക്ക് കയറി. 8 കളികളിൽ നിന്നായി 10 പോയന്റാണ് ജംഷദ്പൂരിന് ഇപ്പോഴുള്ളത്. മുംബൈ നാലാം സ്ഥാനത്ത് തന്നെ തുടരുകയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സ്വന്തം ഗ്രൗണ്ടിൽ ആദ്യ ജയം തേടി ജംഷഡ്‌പൂർ മുംബൈക്കെതിരെ

ഇന്ത്യൻ സൂപ്പർ ലീഗിൽ കോപ്പാലശാന്റെ ജംഷഡ്‌പൂർ എഫ്.സി മികച്ച ഫോമിലുള്ള മുംബൈ സിറ്റി എഫ്.സിയെ നേരിടും. കഴിഞ്ഞ രണ്ടു മത്സരങ്ങളും ജയിച്ച് മികച്ച ഫോമിലാണ് മുംബൈ സിറ്റി വരുന്നത്. അതെ സമയം കഴിഞ്ഞ മത്സരം ചെന്നൈയിനോട് തോറ്റാണ് ജംഷഡ്‌പൂർ വരുന്നത്. ജംഷഡ്‌പൂരിന്റെ സ്വന്തം ഗ്രൗണ്ടായ ജെ.ആർ.ഡി ടാറ്റ കോംപ്ലക്സിൽ വെച്ചാണ് മത്സരം.

രണ്ട് ഗോൾ മാത്രം വഴങ്ങിയ പ്രതിരോധം ആണ് ജംഷഡ്‌പൂരിന്റെ ശ്കതി. സ്വന്തം ഗ്രൗണ്ടിൽ ആദ്യ ജയം  കൂടി തേടിയാവും ജംഷഡ്‌പൂർ ഇന്നിറങ്ങുന്നത്. ബ്ലാസ്റ്റേഴ്സിനെതിരെയുള്ള മത്സരത്തിൽ പരിക്കേറ്റ് പുറത്തുപോയ അനസ് ഇന്നും ടീമിൽ ഇടം നേടിയേക്കില്ല. അനസിന്റെ അഭാവത്തിലും മികച്ച ഫോമിലുള്ള ആന്ദ്രേ ബികെയും ടിരിയും മികച്ച ഫോമിലാണ്. ഗോളടിക്കാൻ മറക്കുന്ന ആക്രമണ നിരയാണ് ജംഷഡ്‌പൂരിന്റെ തലവേദന.

കഴിഞ്ഞ രണ്ട് മത്സരത്തിലും കൂടി 6 ഗോൾ അടിച്ചാണ് ലീഗിലെ മികച്ച പ്രതിരോധ നിരയുള്ള ജംഷഡ്‌പൂരിനെ നേരിടാൻ മുംബൈ സിറ്റി വരുന്നത്. ഡൽഹിക്കെതിരെ നാല് ഗോളും നോർത്ത് ഈസ്റ്റിനെതിരെ രണ്ടു ഗോളും നേടിയ മുംബൈ രണ്ടു മത്സരത്തിലും ഒരു ഗോൾ പോലും വഴങ്ങിയിരുന്നില്ല. മുംബൈ നിരയിൽ പരിക്കിൽ നിന്ന് മോചിതനായി ഗോൾ കീപ്പർ അമരീന്ദർ സിങ് ഇന്ന് ഇറങ്ങും. കഴിഞ്ഞ മത്സരത്തിൽ ചുവപ്പ് കാർഡ് കിട്ടിയ സെഹ്‌നജ് സിങ്ങിന് ഇന്നത്തെ മത്സരം നഷ്ട്ടമാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആരാധകര്‍ക്ക് ആവേശമായി ബ്ലാസ്റ്റേഴ്സിന്റെ എവേ കിറ്റ് എത്തുന്നു

നേരത്തെ എവേ ജഴ്സിയെക്കുറിച്ച് പുറത്ത് വന്ന വാര്‍ത്തകള്‍ ശരിയാണെന്ന് സ്ഥിതീകരിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ബ്ലാസ്റ്റേഴ്സിന്റെ എവേ ജഴ്സിയുടെ പ്രകാശനം ഉടനുണ്ടാകുമെന്നാണ് ടീമിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ അറിയിപ്പ് വന്നത്.

https://twitter.com/KeralaBlasters/status/949121323271299072

നേരത്തെ കേരളത്തിന്റെ എവേ ജഴ്സിയെന്ന് പറയപ്പെടുന്ന കറുത്ത ജഴ്സി അണിഞ്ഞ് നില്‍ക്കുന്ന ടീം താരങ്ങളുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. എന്നാല്‍ ഇതാണ് എവേ കിറ്റ് എന്നും അല്ല ഇത് ട്രെയിനിംഗ് കിറ്റാണെന്നും ആരാധകര്‍ക്കിടയില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. എന്ത് തന്നെയായാലും ഏറെ വൈകാതെ ആരാധകരുടെ ഈ തര്‍ക്കത്തിനൊരു ഉത്തരം വരുമെന്നാണിപ്പോള്‍ ബ്ലാസ്റ്റേഴ്സ് അറിയിച്ചിരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

“കിരീടമുയർത്താനുള്ള നിലവാരം ടീമിനില്ലായിരുന്നു എങ്കിൽ കേരളത്തിലേക്ക് വരില്ലായിരുന്നു” ജെയിംസ്

കേരള ബ്ലാസ്റ്റേഴ്സിലേക്ക് വന്നത് വെറും ബ്ലാസ്റ്റേഴ്സ് ആരാധകനായതു കൊണ്ടു മാത്രമല്ല എന്ന് വ്യക്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഡേവിഡ് ജെയിംസ്. ഇന്നലെ തന്റെ ഈ സീസണിലെ ആദ്യ മത്സരത്തിനു ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് ജെയിംസ് ഈ കാര്യം വ്യക്തമാക്കിയത്.


കേരള ബ്ലാസ്റ്റേഴ്സ് ടീമിന് ഐ എസ് എൽ കപ്പുയർത്താനുള്ള നിലവാരം ഉണ്ടെന്നും അങ്ങനെ നിലവാരമുണ്ട് എന്നതു കൊണ്ടാണ് താൻ കേരളത്തിലേക്ക് വന്നത് എന്നും ജെയിംസ് വ്യക്തമാക്കി. അങ്ങനെ അല്ലായിരുന്നു എങ്കിൽ വരില്ലായിരുന്നു.

വളർന്നു വരുന്ന ഒരു ലീഗാണ് ഐ എസ് എൽ. ഫുട്ബോൾ വളരുന്ന ഒരു രാജ്യത്തെ ലീഗിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്നും കേരള ബ്ലാസ്റ്റേഴ്സ് കോച്ച് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഏറ്റവും മികച്ച മത്സരത്തിന് ഏറ്റവും കുറവ് കാണികൾ

ഈ‌ സീസണിൽ കൊച്ചി കണ്ട ഏറ്റവും മികച്ച മത്സരമായിരുന്നു ഇന്ന് കേരള ബ്ലാസ്റ്റേഴ്സും പൂനെ സിറ്റിയുമായി നടന്നത്. പക്ഷെ അത് കാണാൻ വന്നതാകട്ടെ സീസണിലെ ഏറ്റവും കുറവ് കാണികളും. വെറും 26586പേരാണ് ഇന്നത്തെ കലൂർ സ്റ്റേഡിയത്തിലെ അറ്റൻഡൻസ്.

കേരള ബ്ലാസ്റ്റേഴ്സ് കടന്നു പോകുന്ന പ്രതിസന്ധി ഘട്ടമാണ് ആരാധകരെ ഗ്യാലറിയിൽ നിന്ന് അകറ്റിയത് എന്നു വേണം കരുതാൻ. കോച്ച് റെനെ മുളൻസ്റ്റീൻ രാജിവെച്ചതും ബെംഗളൂരുവിനോടേറ്റ കനത്ത പരാജയവും ടിക്കറ്റ് കയ്യിൽ ഉള്ളവരെ വരെ‌ സ്റ്റേഡിയത്തിൽ എത്തിച്ചില്ല. വീക്ക് ഡേ ആണ് എന്നതും ആൾക്കാരുടെ എണ്ണം കുറച്ചു.

ആളുകൾ കുറവായിരുന്നു എങ്കിലും ആവേശം ഇന്ന് ഒട്ടും കുറഞ്ഞില്ല. കളി കാണാൻ വന്നവർക്ക് മികച്ച മത്സരം തന്നെ ഇന്ന് കാണാനായി. ഈ പ്രകടനം അടുത്ത കളിയോടെ ആരാധകരെ വീണ്ടും സ്റ്റേഡിയത്തിലേക്ക് എത്തിക്കും എന്നാണ് കരുതുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version