ഒഡീഷയിലെ ആദ്യ മത്സരം വിജയിച്ച് ഒഡീഷ എഫ് സി

ഐ എസ് എല്ലിൽ ഇന്ന് നടന്ന മത്സരത്തിൽ ഒഡീഷ എഫ് സിക്ക് വിജയം. സ്വന്തം ഹോം ഗ്രൗണ്ടിൽ ആദ്യമായി ഇറങ്ങിയ ഒഡീഷ ഇന്ന് ജംഷദ്പൂർ എഫ് സിയെ ആണ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു വിജയം. അവസാന കുറേ മത്സരങ്ങളായി ദയനീയ ഫോമിൽ ഉള്ള ജംഷദ്പൂരിന് കൂടുതൽ തലവേദനകൾ നൽകുന്ന ഫലമായി ഇത് മാറി.

ഇന്ന് മത്സരത്തിന്റെ ആദ്യ പകുതിയിൽ ആണ് മൂന്നു ഗോളുകളും പിറന്നത്. കളിയുടെ 28ആം മിനുട്ടിൽ അരിയാണ്ടെ സാന്റനയിലൂടെ ഒഡീഷ ആണ് ലീഡ് എടുത്തത്. എന്നാൽ 38ആം മിനുട്ടിൽ പെനാൾട്ടി ഗോളിലൂടെ ജംഷദ്പൂർ ഗോൾ മടക്കി. മോൺറോയ് ആയിരുന്നു പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. പക്ഷെ 45ആം മിനുട്ടിൽ വീണ്ടും ഒരു സാന്റന ഗോൾ ഒഡീഷയ്ക്ക് ലീഡും വിജയവും നൽകി.

ഈ വിജയത്തോടെ ഒഡീഷ 12 പോയന്റിൽ എത്തി. നാലാം സ്ഥാനത്തുള്ള ജംഷദ്പൂരിനെക്കാൾ ഒരു പോയന്റ് മാത്രം പിറകിലാണ് ഒഡീഷയുള്ളത്.

Exit mobile version