10 പേരുമായി പൊരുതിയ ഹൈദരാബാദിനെ മറികടന്ന് ഒഡിഷ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ സൂപ്പർ ലീഗിൽ 10 പേരുമായി പൊരുതിയ ഹൈദരബാദ് എഫ്.സിയെ തോല്പിച്ച് ഒഡിഷ എഫ്.സി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഒഡിഷ എഫ്.സി വിജയം സ്വന്തമാക്കിയത്. രണ്ടാം പകുതി മുഴുവൻ 10 പേരുമായി കളിച്ചിട്ടും ഒഡിഷക്കെതിരെ മികച്ച പ്രകടനമാണ് ഹൈദരാബാദ് രണ്ടാം പകുതിയി പുറത്തെടുത്തത്.

മത്സരത്തിന്റെ ഒന്നാം മിനുട്ടിൽ തന്നെ മർസെലിഞ്ഞോയിലൂടെ ഗോളിലൂടെ ഹൈദരാബാദ് ആണ് മത്സരത്തിൽ ലീഡ് നേടിയത്. എന്നാൽ ഹൈദരാബാദിന്റെ ലീഡിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. 15ആം മിനുട്ടിൽ അരിഡാനെയിലൂടെയാണ് ഒഡിഷ സമനില പിടിച്ചത്. തുടർന്ന് മത്സരത്തിൽ ലീഡ് ഉയർത്താനുള്ള സുവർണ്ണാവസരം ഹൈദരാബാദിന് പെനാൽറ്റിയിലൂടെ ലഭിച്ചു. എന്നാൽ പെനാൽറ്റിഎടുത്ത ബോബോയുടെ ശ്രമം ഒഡിഷ ഗോൾ കീപ്പർ ഫ്രാൻസിസ്‌കോ ഡോറാൺസോറോ രക്ഷപ്പെടുത്തുകയായിരുന്നു.

തുടർന്ന് ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിലാണ് മത്സരത്തിന്റെ വിധി നിർണയിച്ച ഗോൾ വീണത്. അരിഡാനെ ഹൈദരാബാദ് താരം ഡിംപിൾ ഭഗത് ഫൗൾ ചെയ്തതിന് ഒഡിഷക്ക് അനുകൂലമായി റഫറി പെനാൽറ്റി വിധിക്കുകയായിരുന്നു. തുടർന്ന് ഡിംപിൾ ഭഗതിന് റഫറി രണ്ടാമത്തെ മഞ്ഞ കാർഡും തുടർന്ന് ചുവപ്പ് കാർഡും നൽകുകയായിരുന്നു. പെനാൽറ്റി എടുത്ത അരിഡാനെ ഒഡിഷക്ക് ലീഡ് നേടികൊടുക്കുകയായിരുന്നു.

10 പേരുമായി രണ്ടാം പകുതി ആരംഭിച്ച ഹൈദരാബാദ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പലപ്പോഴും ഭാഗ്യം കൊണ്ട് മാത്രമാണ് അവർക്ക് സമനില ഗോൾ നേടാനാവാതെ പോയത്. ജയത്തോടെ നാലാം സ്ഥാനത്ത് 5 പോയിന്റിന്റെ ലീഡ് ഉണ്ടാക്കാനും ഒഡിഷക്കായി.