നൗഷാദ് മൂസ ബെംഗളൂരു എഫ്‌സിയിൽ പുതിയ കരാർ ഒപ്പിട്ടു

ബെംഗളൂരു എഫ് സിയുടെ സഹ പരിശീലകനായ നൗഷാദ് മൂസ ക്ലബിൽ പുതിയ കരാർ ഒപ്പുവെച്ചു. മൂന്നു വർഷത്തെ കരാർ ആണ് അദ്ദേഹം ഒപ്പുവെച്ചത്. പുതിയ പരിശീലകൻ മാർക്കോ പെസായുവോളിക്ക് കീഴിൽ അസിസ്റ്റന്റ് കോച്ചായി നൗഷാദ് മൂസ ഉണ്ടാകും. സീനിയർ ടീം കോച്ചിംഗ് സ്റ്റാഫിന്റെ ഭാഗമാകുന്നതിനൊപ്പം ബെംഗളൂരുവിന്റെ യുവടീമുകളുടെ മേൽനോട്ടവും എ‌എഫ്‌സി പ്രോ-ലൈസൻസുള്ള പരിശീലകനായ മൂസക്ക് ആയിരിക്കും.

“മൂന്ന് വർഷം കൂടി ബെംഗളൂരു എഫ്‌സിക്ക് സമർപ്പിക്കുന്നതിൽ താൻ സന്തുഷ്ടനാണ്. ഞാൻ ഇവിടെ ചിലവഴിച്ച സമയത്ത്, നിരവധി യുവ കളിക്കാർ വളർന്നു വരുന്നത് ഞങ്ങൾ കണ്ടു, കഴിഞ്ഞ വർഷത്തിൽ, പ്രത്യേകിച്ച്, അവരിൽ പലരും സീനിയർ ടീമിന്റെ ഭാഗവുമായി. ഇത് തനിക്ക് ഏറെ സന്തോഷം നൽകുന്നു” നൗഷാദ് മൂസ കരാർ ഒപ്പുവെച്ചു കൊണ്ട് പറഞ്ഞു. 2017ൽ ആയിരുന്നു മൂസ ബെംഗളൂരു എഫ്‌സിയിൽ എത്തിയത്. കഴിഞ്ഞ സീസണിൽ അവസാനം ബെംഗളൂരു എഫ് സിയുടെ താൽക്കാലിക ഹെഡ് കോച്ചായി അദ്ദേഹം പ്രവർത്തിച്ചിരുന്നു.

മുൻ ഫുട്ബോൾ താരമായ മൂസ എയർ ഇന്ത്യ, ചർച്ചിൽ ബ്രദേഴ്സ്, ഈസ്റ്റ് ബംഗാൾ എഫ്സി, മഹീന്ദ്ര യുണൈറ്റഡ്, മുഹമ്മദ് സ്പോർട്ടിംഗ് എന്നിവർക്കായി 12 വർഷത്തിലേറെ നീണ്ട കരിയറിൽ കളിച്ചു. ബെംഗളൂരു എഫ്‌സി റിസർവ് ടീമിന്റെ ഹെഡ് കോച്ച് എന്ന നിലയിൽ, 2019 ലും 2020 ലും ബിഡിഎഫ്എ സൂപ്പർ ഡിവിഷൻ ലീഗ് കിരീടം നേടാനും അദ്ദേഹത്തിനായി.