ഡല്‍ഹി കീഴടക്കി ഹൈലാന്‍ഡേഴ്സ്, അങ്കത്തിനായി കൊച്ചിയിലേക്ക്

ജയിക്കേണ്ടത് രണ്ട് മത്സരങ്ങള്‍ അതില്‍ ആദ്യ കടമ്പ അവര്‍ ഇന്ന് കടന്നു. ഡല്‍ഹിയെ 2-1 നു തകര്‍ത്ത് തങ്ങളുടെ സെമി പ്രതീക്ഷ നിലനിര്‍ത്തിയിരിക്കുകയാണ്. ഹീറോ ഐഎസ്എല്‍ സീസണ്‍ 3 ലെ അവസാന മത്സരത്തില്‍ മാത്രമേ സെമി ഫൈനലിലേക്കു പ്രവേശിക്കുന്ന നാലാമത്തെ ടീം ഏതെന്ന് അറിയുവാന്‍ സാധിക്കുകയുള്ളു. കേരളത്തിനു സെമി പ്രവേശത്തിനു സമനില മതിയാവുമെങ്കിലും നോര്‍ത്ത് ഈസ്റ്റിനു വിജയത്തില്‍ കുറഞ്ഞൊന്നും മതിയാവില്ല. രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും വീണത്. നോര്‍ത്ത് ഈസ്റ്റിനു വേണ്ടി സീത്യസെന്നും റൊമാരിക്കും ഗോള്‍ നേടിയപ്പോള്‍ മത്സരത്തിന്റെ ഇഞ്ച്വറി ടൈമില്‍ ഡല്‍ഹിയ്ക്കായി മാര്‍സെലീനോ ഗോള്‍ മടക്കി.

മത്സരം തുടങ്ങി മൂന്നാം മിനുട്ടില്‍ തന്നെ റിച്ചാര്‍ഡ് ഗാഡ്സേ അവസരം നഷ്ടപ്പെടുത്തുന്നതാണ് കാണുവാന്‍ കഴിഞ്ഞത്. മത്സരം പുരോഗമിക്കുമ്പോളേക്കും ആതിഥേയര്‍ ശക്തമായ മുന്നേറ്റങ്ങള്‍ പുറത്തെടുക്കുന്ന കാഴ്ചയാണ് കാണുവാന്‍ കഴിഞ്ഞത്. ആദ്യ പകുതിയിലെ മികച്ച അവസരം ലഭിച്ച സീത്യസെന്നിനു എന്നാല്‍ പന്ത് ഡോബ്ലാസിനു നേരെ നിറയൊഴിക്കാന്‍ മാത്രമാണ് കഴിഞ്ഞത്. ഇരു ടീമുകളും അവസരങ്ങള്‍ നഷ്ടപ്പെടുത്തുവാന്‍ മത്സരിച്ചപ്പോള്‍ ആദ്യ പകുതി ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു.

രണ്ടാം പകുതിയില്‍ അറുപതാം മിനുട്ടിലാണ് സീത്യസെന്‍ നോര്‍ത്തീസ്റ്റിനു ലീഡ് സമ്മാനിച്ചത്. വലത് വിങ്ങിലൂടെ മുന്നേറിയ സെന്‍ ഷൗവിക് ചക്രബര്‍ത്തിയെ മറികടന്ന് ഡോബ്ലാസിനെയും കബിളിപ്പിച്ച് പന്ത് വലയിലാക്കുകയായിരുന്നു. ഏതാനും മിനുട്ടുകള്‍ക്കപ്പുറം ലീഡ് രണ്ടായി ഉയര്‍ത്തുവാനുള്ള മികച്ച അവസരം തലനാരിഴയ്ക്കാണ് ഹൈലാന്‍ഡേഴ്സിനു നഷ്ടമായത്. റൊമാരിക് എടുത്ത ഷോട്ട് ഡിഫ്ലക്ട് ചെയ്തെങ്കിലും നേരിയ വ്യത്യാസത്തില്‍ പുറത്ത് പോയി.71ാം മിനുട്ടില്‍ റൊമാരിക് നേടിയ ഗോളിലൂടെ നോര്‍ത്തീസ്റ്റ് 2 ഗോളിനു മുന്നിലെത്തി. 83ാം മിനുട്ടില്‍ കാട്സുമി യൂസയുടെ ശ്രമം വിഫലമാവുന്നത് കണ്ട്. മത്സരം മറുപടിയില്ലാത്ത ഗോളുകള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് സ്വന്തമാക്കുമെന്ന് തോന്നിച്ചപ്പോളാണ് ഇഞ്ച്വറി ടൈമില്‍ 93ാം മിനുട്ടില്‍ മാര്‍സെലീനോയിലൂടെ ഡല്‍ഹി ലീഡ് ചുരുക്കിയത്.

ഹീറോ ഓഫ് ദി മാച്ചായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ സീത്യസെന്നിനെ തിരഞ്ഞെടുത്തു.