നോർത്ത് ഈസ്റ്റിന് പ്ലേ ഓഫ് യോഗ്യത, കേരള ബ്ലാസ്റ്റേഴ്സ് സീസണ് തോൽവിയോടെ അവസാനം

Img 20210226 211224
Credit: Twitter
- Advertisement -

ഐ എസ് എല്ലിൽ പ്ലേ ഓഫിൽ എത്തുന്ന മൂന്നാം ടീമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മാറി. ഇന്ന് ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചതോടെയാണ് നോർത്ത് ഈസ്റ്റ് പ്ലേ ഓഫ് ഉറപ്പിച്ചത്. കേരള ബ്ലാസ്റ്റേഴ്സിന് ഒന്ന് പൊരുതാൻ പോലും ഇന്ന് ആയില്ല. വിജയത്തോടെ സീസൺ അവസാനിപ്പിക്കാം എ‌ന്ന കേരള ബ്ലാസ്റ്റേഴ്സ് മോഹവും നടന്നില്ല. 10 മത്സരങ്ങളിൽ 17 പോയിന്റുമായി പത്താം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ് സീസൺ അവസാനിപ്പിച്ചത്.

ഇന്ന് തുടക്കത്തിൽ ഒരു ഫ്രീ ഹെഡറിൽ നിന്ന് ഗോൾ നേടാൻ ഉള്ള അവസരം കേരള ബ്ലാസ്റ്റേഴ്സ് സെന്റർ ബാക്ക് കോനയ്ക്ക് ലഭിച്ചു എങ്കിലും താരത്തിന് ഹെഡർ ടാർഗറ്റിലേക്ക് തൊടുക്കാൻ ആയില്ല. ഇത് മാത്രമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിൽ സൃഷ്ടിച്ച നല്ല അവസരം. മത്സരത്തിന്റെ 34ആം മിനുട്ടിൽ മലയാളി താരം വി പി സുഹൈർ ആണ് നോർത്ത് ഈസ്റ്റിന് ലീഡ് നൽകിയത്.

കോനെയുടെ ഒരു അബദ്ധത്തിൽ നിന്ന് പന്ത് ലഭിച്ച സുഹൈർ അനായാസം ഗോളിയെയും കബളിപ്പിച്ച് പന്ത് വലയിലേക്ക് എത്തിക്കുക ആയിരുന്നു‌. സുഹൈർ ഇത് തുടർച്ചയായ രണ്ടാം മത്സരത്തിലാണ് നോർത്ത് ഈസ്റ്റിനായി ഗോൾ നേടുന്നത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ആയിരുന്നു നോർത്ത് ഈസ്റ്റിന്റെ രണ്ടാം ഗോൾ. ലാലെങ്മാവിയയുടെ ലോങ് റേഞ്ചറിലൂടെ ആയിരുന്നു നോർത്ത് ഈസ്റ്റിന്റെ രണ്ടാം ഗോൾ അപുയിയ നേടിയ ഗോൾ ഈ സീസൺ ഐ എസ് എൽ കണ്ട ഏറ്റവും മികച്ച ഗോളുകളിൽ ഒന്നാണ്.

രണ്ടാം പകുതിയിൽ രണ്ട് ടീമുകളും വിരസമായി കളിച്ചതോടെ ഖാലിദ് ജമീലിന്റെ ടീമിന്റെ പ്ലേ ഓഫ് യോഗ്യത ഉറച്ചു. ഇന്ന് ഒരു സമനില മതിയായിരുന്നു നോർത്ത് ഈസ്റ്റിന് പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കാൻ. 33 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് നോർത്ത് ഈസ്റ്റ് ഉള്ളത്. മുംബൈ സിറ്റിയും ഹൈദരബാദും തമ്മിലുള്ള മത്സര ശേഷമെ പ്ലേ ഓഫിലെ നാലാം ടീം ഏതെന്ന് വ്യക്തമാവുകയുള്ളൂ.

Advertisement