മരണപോരാട്ടത്തിനു നോർത്ത് ഈസ്റ്റ് ഇന്ന് ഡൽഹിക്കെതിരെ

വിജയത്തിൽ കുറഞ്ഞ എന്തും തുടർച്ചയായ മൂന്നാം സീസണിലും സെമി ഫൈനൽ കാണാതെ പുറത്താകും എന്നതിനാൽ ജയിക്കാനായി മാത്രമാവും ഇന്ന് നോർത്ത് ഈസ്റ്റ് ഡൽഹിക്കെതിരെ ഇറങ്ങുക. ഇന്ന് നോർത്ത് ഈസ്റ്റ് സമനിലയോ പരാജയമോ വഴങ്ങിയാൽ കേരള ബ്ലാസ്റ്റേഴ്സിൻ്റെ സെമി പ്രവേശനം ഏതാണ്ട് ഉറപ്പാകും. അതിനാൽ തന്നെ എന്ത് വില കൊടുത്തും ജയിക്കാനാവും നോർത്ത് ഈസ്റ്റ് ശ്രമം. കഴിഞ്ഞ മത്സരത്തിൽ പരാജയത്തിൻ്റേയും പുറത്താകലിൻ്റേയും വക്കത്ത് നിന്ന് ഇഞ്ച്വറി സമയത്ത് സൗവിക് ഗോഷ് നേടിയ ഗോളാണ് നോർത്ത് ഈസ്റ്റിന് ചെന്നൈക്കെതിരെ രക്ഷക്കെത്തിയത്. 12 കളികളിൽ നിന്ന് 15 പോയിന്റുള്ള നോർത്ത് ഈസ്റ്റ് ആശങ്കകളോടെ തന്നെയാവും അവസാന ഹോം മത്സരത്തെ സമീപിക്കുക. ഇന്ന് ജയിച്ച് ഡിസംബർ നാലിന് നടക്കുന്ന അവസാന മത്സരത്തിൽ കേരളത്തോടും ജയിച്ച് സെമിയിൽ കടക്കാനാവും അവരുടെ ശ്രമം.

ചെറിയ പരിക്ക് അലട്ടുന്നെങ്കിലും സുബ്രത പാൽ തന്നെയാവും ഗോൾ വല കാക്കുക. ഇല്ലെങ്കിൽ മലയാളി താരം ടി.പി രഹനേഷ് ടീമിലെത്തും. പ്രതിരോധത്തിൽ സെക്കോറകൊപ്പം റോബിൻ ഗുരുങ്, ഗുസ്താവോ ലസറേറ്റി, നിർമൽ ഛേത്രി എന്നിവർ ഇറങ്ങും. മധ്യനിരയിൽ ബോർഗസ്‌ സസ്പെൻഷനിൽ നിന്ന് കാത്സുമി യോസ പരിക്കിൽ നിന്നും തിരിച്ചെത്തുന്നത് നോർത്ത് ഈസ്റ്റിന് കരുത്താവും. ഒപ്പം മധ്യനിരക്ക് കരുത്തായി റോമിറക്കും വിങുകളിൽ നിക്കോളാസ് വെലസും ഹോളിചരൺ നർസാറിയും ഇറങ്ങും. ഇടക്ക് നിറം മങ്ങിയെങ്കിലും മുന്നേറ്റത്തിൻ്റെ ചുമതല എമിലിയാനോ അൽഫാരക്ക് തന്നെയാവും. എന്നാൽ റോമറിക്, വെലസ് എന്നിവർ സസ്പെൻഷനു ഒരു മഞ്ഞ കാർഡ് അകലെയാണെന്നത് അവർക്ക് ആശങ്ക നൽകുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിലെ ഈ സീസണിലെ ഏറ്റവും മികച്ച ടീമെന്ന് വേണെമെങ്കിൽ ഡൽഹിയെ വിശേഷിപ്പിക്കാം. മത്സരങ്ങൾ തോറും ഗോളുകൾ അടിച്ച് കൂട്ടുന്ന അവർ കഴിഞ്ഞ മത്സരത്തിൽ ഗോവയെ 5 – 1 നാണ് തോൽപ്പിച്ചത്. 12 കളികളിൽ നിന്ന് 20 പോയിൻ്റുമായി ഇപ്പോൾ രണ്ടാമതുള്ള ഡൽഹി ലീഗിലെ ഒന്നാം സ്ഥാനമാവും ലക്ഷ്യം വക്കുക. സൂപ്പർ ലീഗിൽ ഇന്നേ വരെ നോർത്ത് ഈസ്റ്റിനോട് തോൽവി വഴങ്ങിയിട്ടില്ലെന്നത് അവരുടെ ആത്മവിശ്വാസം കൂട്ടുന്നു.

പ്രമുഖ താരങ്ങൾക്ക് സെമി ഫൈനലിനു മുമ്പ് വിശ്രമം നൽകുമെന്ന് ഡൽഹി കോച്ച് സംബ്രോട്ട പറഞ്ഞിട്ടുണ്ട്. ടെബ്ലാസ് തന്നെയാവും ഗോളിൽ. അനസും റൂബനും സീസണിൽ ഉടനീളം പ്രതിരോധത്തിൽ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ലീഗിലെ തന്നെ ഏറ്റവും മികച്ച മധ്യനിരയാൽ അനുഗ്രഹീതമായ ഡൽഹി ലീഗിലെ തന്നെ താരമായ മാർസെലീനോ മാർക്വീ താരം മെലൂദ എന്നിവർക്ക് ഇന്ന് വിശ്രമം നൽകിയേക്കും. അങ്ങനെയെങ്കിൽ മെമോ, മിലാൻ സിങ്, കീൻ ലൂയിസ് എന്നിവർക്കൊപ്പം മധ്യനിരയിൽ (ബൂണോ പെലിസാരി എത്തിയേക്കും. അതോടൊപ്പം മുന്നേറ്റത്തിൽ മികച്ച ഫോമിലുള്ള റിച്ചാർഡ് ഗാഡ്സക്കും വിശ്രമം ലഭിച്ചേക്കും. അങ്ങനെയെങ്കിൽ ബാദ്ജി ഡൽഹി മുന്നേറ്റത്തെ നയിക്കും.

ആദ്യ പാദ മത്സരത്തിൽ ഓരോ ഗോൾ വീതമടിച്ച് സമനില വഴങ്ങിയിരുന്നു. ഇത് വരെ 5 മത്സരങ്ങളിൽ പരസ്പരം ഏറ്റ് മുട്ടിയപ്പോൾ 3 മത്സരവും സമനിലയിൽ അവസാനിച്ചപ്പോൾ 2 മത്സരത്തിൽ ഡൽഹി ജയം കണ്ടു. 7 മണിക്ക് ഗുവാഹട്ടിയിൽ നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിലും ഏഷ്യാനെറ്റ് മൂവീസിലും ഹോട്ട്സ്റ്റാറിലും തൽസമയം കാണാം.