സ്വന്തം ഗ്രൗണ്ടിൽ ആദ്യ ജയം നേടാൻ നോർത്ത് ഈസ്റ്റ് മുംബൈക്കെതിരെ

- Advertisement -

രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം ഐ.എസ്.എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡും മുംബൈ സിറ്റി എഫ്.സിയും ഏറ്റുമുട്ടും. ഒൻപതാം സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റിന് പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ വിജയം കൂടിയേ തീരു. കഴിഞ്ഞ മത്സരത്തിലേറ്റ പരാജയത്തിൽ നിന്ന് പാഠമുൾക്കൊണ്ട് വിജയം നേടാനാണ് ഇരു ടീമുകളും ഇറങ്ങുന്നത്.

കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനോട് തോറ്റാണ് നോർത്ത് ഈസ്റ്റ് മുംബൈ സിറ്റിയെ നേരിടാനിറങ്ങുന്നത്. ഗോളടിക്കാൻ മറന്ന ആക്രമണ നിരയാണ് നോർത്ത് ഈസ്റ്റിന്റെ വെല്ലുവിളി. 5 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോൾ മാത്രമാണ് നോർത്ത് ഈസ്റ്റ് നേടിയത്. ബ്ലാസ്റ്റേഴ്സിനെതിരെ ചുവപ്പ് കാർഡ് ലഭിച്ച മലയാളി താരം രഹനേഷ് ഇന്ന് കളിക്കില്ല. പകരം രവി കുമാറാവും നോർത്ത് ഈസ്റ്റ് വല കാക്കുക.

കഴിഞ്ഞ മത്സരത്തിൽ എ.ടി.കെയോട് തോറ്റാണ് മുംബൈ മത്സരത്തിനിറങ്ങുന്നത്. മുംബൈ നിരയിൽ നാല്‌ മഞ്ഞ കാർഡ് ലഭിച്ച സെഹ്‌നജ് സിംഗിന്റെ സേവനം അവർക്ക് നഷ്ട്ടമാകും. നോർത്ത് ഈസ്റ്റ് സ്വന്തം ഗ്രൗണ്ടിൽ ഇതുവരെ വിജയം നേടിയിട്ടില്ല എന്നതും മുംബൈക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാവും. എവർട്ടൺ സാന്റോസിനെ മുൻ നിർത്തിയാവും മുംബൈ നോർത്ത് ഈസ്റ്റിനെതിരെ ആക്രമണങ്ങൾ മെനയുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement