നോർത്ത്‌ ഈസ്‌റ്റിനെ തുരത്തി ബ്ലാസ്റ്റേഴ്സ്

Newsroom

Img 20220204 210925
Download the Fanport app now!
Appstore Badge
Google Play Badge 1

തിലക്‌ മൈതാൻ സ്‌റ്റേഡിയം (ഗോവ):
നോർത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡിനെ 2–1ന്‌ തുരത്തി ഐഎസ്‌എലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ അതിമനോഹര തിരിച്ചുവരവ്‌. ജോർജ്‌ ഡയസും അൽവാരോ വാസ്‌കസും സുന്ദരഗോളുകളുമായി കളം പിടിച്ചപ്പോൾ പോയിന്റ്‌ പട്ടികയിൽ ബ്ലാസ്‌റ്റേഴ്‌സ്‌ രണ്ടാം സ്ഥാനത്തേക്ക്‌ മുന്നേറി. ആയുഷ്‌ അധികാരി രണ്ട്‌ മഞ്ഞക്കാർഡ്‌ വഴങ്ങി പുറത്തായതിനെ തുടർന്ന്‌ പത്തുപേരുമായാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ കളിച്ചത്‌. വാസ്‌കസിന്റെ ഗോൾ ഇതിനുശേഷമായിരുന്നു. അവസാന കളിയിൽ ബംഗളൂരു എഫ്‌സിയോട്‌ തോൽവി വഴങ്ങിയിരുന്നു. 13 കളിയിൽ 23 പോയിന്റാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്‌.

ബ്ലാസ്‌റ്റേഴ്‌സ്‌ പ്രതിരോധത്തിൽ റുയ്-വാ ഹോർമിപാം, മാർകോ ലെസ്കോവിച്ച്, നിഷു കുമാർ, ഹർമൻജോത് ഖബ്ര എന്നിവരായിരുന്നു. മധ്യനിരയിൽ പുയ്‌ട്ടിയക്ക്‌ പകരം ആയുഷ്‌ അധികാരിയെത്തി. ജീക്ൺ സിങ്, സഹൽ അബ്ദുൾ സമദ്, അഡ്രിയാൻ ലൂണ എന്നിവരായിരുന്നു മധ്യനിരയിലെ മറ്റു താരങ്ങൾ. മുന്നേറ്റത്തിൽ ജോർജ് ഡയസും അൽവാരോ വാസ്കസും. ഗോൾ മുഖത്ത് പ്രഭ്സുഖൻ ഗിൽ. നോർത്ത്‌ ഈസ്‌റ്റ്‌ ഗോൾ വലയ്‌ക്ക്‌ മുന്നിൽ സുഭാശിഷ്‌ റോയ്‌. പ്രതിരോധത്തിൽ മഷൂർ ഷെരീഫ്‌, സക്കറിയ ഡിയാല്ലോ, ഗുർജീന്ദർ കുമാർ, മുഹമ്മദ്‌ ഇർഷാദ്‌ എന്നിവർ. മധ്യനിരയിൽ ജോ സോഹെർലിയാന, പ്രഗ്യാൻ ഗൊഗോയ്‌, ഹെർണൻ സന്റാന. മുന്നേറ്റത്തിൽ മാർകോ ഷാനെക്‌, വി സുബൈർ, മാഴ്‌സെലീന്യോ.

തുടക്കത്തിൽ തന്നെ ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റങ്ങളായിരുന്നു. അഞ്ചാം മിനിറ്റിൽ ആയുഷ്‌ അധികാരി പന്തുമായി മുന്നേറി. നോർത്ത്‌ ഈസ്‌റ്റ്‌ പ്രതിരോധത്തെ പിന്നിലാക്കി വലതുഭാഗത്ത്‌ സഹലിന്‌ പന്തിട്ടു. എന്നാൽ സഹലിന്റെ ക്രോസ്‌ കൃത്യമായിരുന്നില്ല. പന്ത്‌ പുറത്തേക്ക്‌ പോയി. ഇതിനിടെ ബ്ലാസ്‌റ്റേഴ്‌സ്‌ ഗോൾമുഖത്ത്‌ വച്ച്‌ വി പി സുഹൈർ തൊടുത്ത ഷോട്ട്‌ ക്രോസ്‌ ബാറിന്‌ തൊട്ടരുമ്മി കടന്നുപോയി. പതിന്മൂന്നാം മിനിറ്റിൽ ലൂണയുടെ കോർണർ കിക്ക്‌ നോർത്ത്‌ ഈസ്‌റ്റിനെ വിറപ്പിച്ചു. ഇടതുഭാഗത്ത്‌ നിഷുകുമാറിനാണ്‌ കിട്ടിയത്‌. നിഷുവിന്റെ വോളി മഷൂർ തടയുകയായിരുന്നു. പതിനെട്ടാം മിനിറ്റിൽ ജോർജ്‌ ഡയസിന്റെ ബോക്‌സിന്‌ പുറത്തുനിന്നുള്ള അടി പുറത്തുപോയി. പിന്നാലെ നിഷുവിന്റെ ക്രോസ്‌ ബോക്‌സിലേക്ക്‌ കൃത്യമായി ഇറങ്ങിയെങ്കിലും സഹലിന്‌ എത്തിപ്പിടിക്കാനായില്ല.

ഇതിനിടെ മാഴ്‌സെലീന്യോയുടെ നേതൃത്വത്തിൽ നോർത്ത്‌ ഈസ്‌റ്റ്‌ ആക്രമണത്തിന്‌ ഇറങ്ങി. എന്നാൽ ബ്ലാസ്‌റ്റേഴ്‌സ്‌ ചെറുത്തു. അരമണിക്കൂർ തികയുമ്പോൾ സഹലിന്റെ നീക്കം പ്രതീക്ഷ നൽകിയതാണ്‌. ഒറ്റയ്‌ക്ക്‌ മുന്നേറിയ സഹൽ ബോക്‌സിന്‌ മുന്നിൽവച്ച്‌ ആയുഷിന്‌ പന്ത്‌ നൽകി. പക്ഷേ, ആയുഷിന്‌ ലക്ഷ്യം കാണാനായില്ല. പന്ത് നോർത്ത് ഈസ്റ്റ് പ്രതിരോധത്തിൽ തട്ടി തെറിച്ചു. 40–ാം മിനിറ്റിൽ ജോർജ് ഡയസിനെ തടയാനുള്ള ശ്രമത്തിനിടെ നോർത്ത് ഈസ്റ്റ് വീണ്ടും കോർണർ വഴങ്ങി. ലൂണയുടെ കോർണറിൽ ജീക്സൺ ശക്തമായി തലവച്ചു. പന്ത് ക്രോസ് ബാറിൽ തട്ടിത്തെറിക്കുകയായിരുന്നു. ആദ്യപകുതിയിലെ ഏറ്റവും മികച്ച അവസരവും അതായിരുന്നു. ആദ്യ പകുതിയിൽ പന്ത്‌ നിയന്ത്രണത്തിലും പാസുകളിലും ബ്ലാസ്‌റ്റേഴ്‌സായിരുന്നു മുന്നിൽ. ആറ്‌ കോർണറുകളും കിട്ടി. എന്നാൽ ഗോൾ മാത്രം വന്നില്ല.

രണ്ടാംപകുതിയുടെ തുടക്കവും ബ്ലാസ്റ്റേഴ്സ് നിയന്ത്രണത്തിലാക്കി. വാസ്കസിന്റെ ഒന്നാന്തരം ലോങ് റേഞ്ച് ഷോട്ട് നേരിയ വ്യത്യാസത്തിലാണ് പുറത്തുപോയത്. 55–ാം മിനിറ്റിൽ നിഷുവിന്റെ ഇടതുപാർശ്വത്തിലൂടെയുള്ള കുതിപ്പ് പ്രതിരോധം തടഞ്ഞു. പിന്നാലെ മറ്റൊരു നിമിഷവും പിറന്നു. ബോക്സിലേക്കുള്ള തകർപ്പൻ ക്രോസ്. ജോർജ് ഡയസ് സുന്ദരമായി പന്ത് നിയന്ത്രിച്ച് അടി തൊടുക്കാൻ ശ്രമിച്ചെങ്കിലും പ്രതിരോധം വീണ്ടും ഇടപെട്ടു. തൊട്ടടുത്ത നിമിഷം വാസ്കസിന്റെ കരുത്തുറ്റ ഷോട്ട് നോർത്ത് ഈസ്റ്റ് ഗോൾ കീപ്പർ സുഭാശിഷിൽ തട്ടിത്തെറിച്ചു. ആക്രമണം നിർത്തിയില്ല. നിരന്തരമായി മുന്നേറി. ഒരു തവണ ലൂണയുടെ ഹെഡർ നേരിയ വ്യത്യാസത്തിലാണ് ഗോളിൽനിന്ന് അകന്നത്. ഖബ്രയുടേതായിരുന്നു ക്രോസ്. എല്ലാ ശ്രമങ്ങൾക്കുമൊടുവിൽ 62–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് വല തകർത്തു. ഡയസിന്റെ മിന്നുന്ന ഹെഡർ. നിഷുവിന്റെ ക്രോസിൽനിന്നായിരുന്നു തുടക്കം. ഇടതുഭാഗത്തുനിന്നുള്ള നിഷുവിന്റെ ക്രോസ് ബോക്സിൽ ഖബ്രയ്ക്ക്. ഖബ്ര തല കൊണ്ട് കുത്തി. വലയ്ക്ക് മുന്നിൽ ഡയസിലേക്ക്. ഡയസിന്റെ ഹെഡർ സുഭാശിഷിനെ കീഴടക്കി.
20220204 223808

പിന്നാലെ കളിയിലെ ആദ്യ മാറ്റം വരുത്തി. സഹലിന് പകരം വിൻസി ബരെറ്റോ കളത്തിലിറങ്ങി. എന്നാൽ ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി അടുത്ത നിമിഷം കിട്ടി. രണ്ടാം മഞ്ഞക്കാർഡ് വഴങ്ങി ആയുഷ് പുറത്ത്. ബ്ലാസ്റ്റേഴ്സ് പത്തുപേരായി ചുരുങ്ങി. ആളെണ്ണം കുറഞ്ഞത് ബ്ലാസ്റ്റേഴ്സിന്റെ കളിയെ ബാധിച്ചില്ല. ഒന്നാന്തരം കളിയിലൂടെ കളംനിറഞ്ഞു. 82–ാം മിനിറ്റിൽ അതിമനോഹര ഗോളിലൂടെ വാസ്കസ് ബ്ലാസ്റ്റേഴ്സിന്റെ ലീഡുയർത്തി. നോർത്ത് ഈസ്റ്റ് പ്രതിരോധ താരത്തിന്റെ മിസ് പാസ് പിടിച്ചെടുത്ത വാസ്കസ് നിന്നനിൽപ്പിൽ ഒന്നാന്തരം അടിപായിച്ചു. 55 വാര ദൂരത്തുനിന്നുള്ള ആ ഉഗ്രൻ ഷോട്ട് സുഭാശിഷിന് എത്തിപ്പിടിക്കാനായില്ല. സീസണിലെ തന്നെ ഏറ്റവും മനോഹര ഗോളായിരുന്നു അത്.

പിന്നാലെ ഡയസിന് പകരം സന്ദീപ് സിങ് കളത്തിലെത്തി. ഹോർമിപാമിന്‌ പകരം എണെസ്‌ സിപോവിച്ചും നിഷുവിന്‌ പകരം ധെനെചന്ദ്ര മീട്ടിയുമെത്തി. അവസാന നിമിഷങ്ങളിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ പൂർണ നിയന്ത്രണത്തിലായി കളി. അതിനിടെ ഇർഷാദിലൂടെ നോർത്ത്‌ ഈസ്‌റ്റ്‌ ഒരു ഗോൾ തിരിച്ചടിച്ചു. ഈ മാസം പത്തിന്‌ ജംഷഡ്‌പൂർ എഫ്‌സിയുമായാണ്‌ ബ്ലാസ്റ്റേഴ്സിൻ്റെ അടുത്ത മത്സരം.