ഐ എസ് എൽ ഗോദയിലേ പുതിയ ടീമുകളെ പ്രഖ്യാപിച്ചു, കേരളത്തിന് രണ്ടാമത്തെ ടീമില്ല

- Advertisement -

ഐ എസ് എല്ലിലെ പുതിയ ടീമുകൾക്കായുള്ള കാത്തിരിപ്പിന് അവസാനം. പ്രതീക്ഷിച്ചതു പോലെ ബെംഗളൂരു എഫ് സിയും ടാറ്റയുടെ ടീമുമായിരിക്കും ഐ എസ് എല്ലിലെ പുതിയ ടീമുകൾ. രണ്ടോ മൂന്നോ ടീമുകൾക്കാകും പുതുതായി അവസരം ലഭിക്കുക എന്നാണ് ഐ എസ് എൽ പറഞ്ഞിരുന്നത്. മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും ഐ എസ് എൽ ബിഡ് സമർപ്പിക്കാതിരുന്നതോടെയാണ് പുതുതായി രണ്ടു ടീമുകൾ മാത്രമായത്.

കഴിഞ്ഞ ദിവസം ഐ എസ് എല്ലിന് എ എഫ് സി അംഗീകാരം നൽകിയിരുന്നു. ഐ എസ് എൽ വിജയികൾക്ക് എ എഫ് സി കപ്പ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത ലഭിക്കും. ജംഷദ്പൂർ ആസ്ഥാനമായായിരിക്കും ടാറ്റയുടെ ടീം വരിക. വർഷങ്ങളായി മികച്ച അക്കാദമിയുള്ള ടാറ്റയുടെ ഐ എസ് എല്ലിലേക്കുള്ള വരവ് ഇന്ത്യൻ ഫുട്ബോളിനു ഗുണം ചെയ്യും. ബെംഗളൂരു ഐ എസ് എല്ലിലേക്ക് വരുന്നതോടെ ഐ ലീഗിന്റെ നിറം വീണ്ടും മങ്ങാൻ സാധ്യതയുണ്ട്. എങ്കിലും ഐ ലീഗും ഐ എസ് എല്ലും സമാന്തരമായി നടത്താനും, ഇരു ടൂർണമെന്റുകൾക്കും തത്സമയ ടെലിക്കാസ്റ്റ് നൽകാനും എ ഐ എഫ് എഫ് തീരുമാനിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തിന് പുതുതായി ടീം ഉണ്ടാകുമെന്ന് അഭ്യൂഹങ്ങൾ രണ്ടു ദിവസം മുമ്പ് പരന്നിരുന്നു എങ്കിലും അങ്ങനെയൊരു ബിഡ് ഉണ്ടായിട്ടില്ല എന്നാണ് അറിയാൻ കഴിയുന്നത്. ഇത്തവണ ഐ എസ് എൽ അണ്ടർ 17 ലോകകപ്പിനു ശേഷമായിരിക്കും നടക്കുക. ബെംഗളൂരുവിന്റെ ഐ എസ് എല്ലിലേക്കുള്ള കുടിയേറ്റം ഐ ലീഗിന്റെ ഘടനയിലും വൻ മാറ്റങ്ങൾക്ക് കാരണമായേക്കും. പുതിയ ടീമുകൾ പ്രഖ്യാപിച്ചുവെങ്കിലും ഒരുപാട് അനിശ്ചിതത്വങ്ങൾ ഇനിയും ഇന്ത്യൻ ഫുട്ബോളിൽ ബാക്കിയായി ഇരിക്കുകയാണ്.

വിനീത്
@ISL

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement