“ഗോവയിൽ വെറുതെ ചടങ്ങിന് പോകുന്നതല്ല കേരള ബ്ലാസ്റ്റേഴ്സ്” – വിൻഗാഡ

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഗോവയിൽ പോകുന്നത് വെറുതെ ഒരു ചടങ്ങിൽ പങ്കെടുക്കാനല്ല എന്ന് പരിശീലകൻ വിൻഗാഡ. എഫ് സി ഗോവയ്ക്ക് ഏറ്റവും കടുപ്പമുള്ള പോരാട്ടം തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നൽകും. ഗോവ കരുത്തരായ ടീമാണ്. അവർ മികച്ച ഫോമിലാണ്‌. പക്ഷെ അതൊന്നു ഓർത്ത് കേരളം നിൽക്കില്ല‌. വിജയിക്കാൻ വേണ്ടി മാത്രമായിരിക്കും കളിക്കുന്നത്. അദ്ദേഹം പറഞ്ഞു.

എല്ലാ മത്സരവും 0-0 എന്ന രീതിയിലാണ് തുടങ്ങുന്നത് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കഴിഞ്ഞ കളിയിൽ ചെന്നൈയിനെ തോൽപ്പിച്ചത് താരങ്ങളുടെ ആത്മവിശ്വാസം വർധിപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു‌. ബെംഗളൂരു എഫ് സിക്ക് എതിരെയും ചെന്നൈയിനെതിരെയും തങ്ങൾ എത്ര മികച്ച ടീമാണെന്ന് കാണിക്കാൻ താരങ്ങൾക്കായെന്നും അദ്ദേഹം പറഞ്ഞു.

നെലോ വിൻഗാഡ വന്ന ശേഷം മികച്ച ഫുട്ബോൾ ആണ് കേരള ബ്ലാസ്റ്റേഴ്സ് കാഴ്ചവെക്കുന്നത്. ഡേവിഡ് ജെയിംസിന്റെ കീഴിൽ ലോംഗ് ബോൾ ടാക്ടിക്സ് കാരണം കേരള ബ്ലാസ്റ്റേഴ്സിന്റെ ഫുട്ബോൾ ശൈലി വിരസമായിരുന്നു. ഇപ്പോൾ അതിൽ നിന്ന് വലിയ മാറ്റം തന്നെ വന്നിരിക്കുകയാണ്.