സ്റ്റേഡിയത്തിൽ ടിക്കറ്റ് വിൽപ്പന തുടങ്ങി, കൊച്ചിയിലെ ആദ്യ മത്സരത്തിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി മഞ്ഞക്കടലാവാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ സ്റ്റേഡിയം കൗണ്ടറിൽ ടിക്കറ്റ് വിൽപന തുടങ്ങി. ഓൺലൈൻ ടിക്കറ്റ് വിൽപന നേരത്ത തുടങ്ങിയിരുന്നെങ്കിലും സ്റ്റേഡിയത്തിലെ ടിക്കറ്റ് വിൽപന ഇന്ന് മുതലാണ് തുടങ്ങിയത്. രാവിലെ 10 മുതൽ വൈകിട്ട് 6.30 വരെ സ്റ്റേഡിയം കൌണ്ടർ തുറന്ന് പ്രവർത്തിക്കും.

സ്റ്റേഡിയം കൗണ്ടറുകൾക്ക് പുറമെ മുത്തൂറ്റ് ഫിൻകോർപ്പിലും ടിക്കറ്റുകൾ വിൽപ്പനക്ക് വെച്ചിട്ടുണ്ട്.  മുത്തൂറ്റ് ഫിൻകോർപിന്റെ കേരളത്തിലെ എല്ലാ ശാഖകളിലും കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങളുടെ ടിക്കറ്റുകൾ ലഭ്യമാണ്. ഇതിനു പുറമെ അടുത്തിടെ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സ്പോൺസറായ മൈ ജിയുടെ ഷോറൂമിൽ വെച്ചും മത്സരങ്ങളുടെ ടിക്കറ്റുകൾ ലഭിക്കും.

ഒക്ടോബർ 5ന് വെള്ളിയാഴ്ച മുംബൈ സിറ്റിയുമായാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം. നേരത്തെ കൊൽക്കത്തയിൽ വെച്ച് നടന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് എ.ടി.കെയെ പരാജയപ്പെടുത്തിയിരുന്നു.