ഫിൽ ബ്രൗൺ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനാവുമെന്ന് സൂചനകൾ

അടുത്ത സീസണിൽ പുതിയ പരിശീലകനെ തേടി കേരള ബ്ലാസ്റ്റേഴ്‌സ്. ഗോൾ ഡോട്ട് കോം ആണ് ഈ സീസണിൽ അവസാന 6 മത്സരങ്ങളിൽ പൂനെ സിറ്റിയെ പരിശീലിപ്പിച്ച ഫിൽ ബ്രൗൺ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനാവുമെന്ന് റിപ്പോർട്ട് ചെയ്തത്. തുടർച്ചയായ രണ്ടു സീസണിൽ മോശം പ്രകടനം കാഴ്ചവെച്ച കേരള ബ്ലാസ്‌റ്റേഴ്‌സിനെ ആരാധകരും കൈവിട്ടിരുന്നു. കഴിഞ്ഞ സീസണുകളിൽ 60000 കാണികൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഈ സീസണിൽ വെറും നാലായിരത്തിൽ താഴെ മാത്രമാണ് കാണികൾ എത്തിയത്.

ഇംഗ്ലീഷുകാരനായ ഫിൽ ബ്രൗൺ ഹൾ സിറ്റിയടക്കം നിരവധി ഇംഗ്ലീഷ് ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ആദ്യമായി ഹൾ സിറ്റിയെ പ്രീമിയർ ലീഗിലേക്ക് എത്തിച്ചതും ഫിൽ ബ്രൗൺ ആയിരുന്നു. ഹൾ സിറ്റിയെ കൂടാതെ ബ്ലാക്ക്പൂൾ, ഡെർബി കൗണ്ടി, പ്രെസ്റ്റൻ നോർത്ത് എൻഡ്, സൗത്ത് ഏൻഡ് എന്നീ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. സ്വിൻഡൻ ടൗണിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് കഴിഞ്ഞ ഡിസംബറിൽ ഫിൽ ബ്രൗൺ പൂനെ സിറ്റിയുടെ പരിശീലകനായത്. കഴിഞ്ഞ ദിവസം ഇന്ത്യൻ ആരോസിനോട് നാണംകെട്ട തോൽവിയേറ്റുവാങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ കപ്പിൽ നിന്ന് പുറത്തായിരുന്നു. മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം ഇഷ്ഫാഖ് അഹമ്മദ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാവുമെന്നും ഗോൾ ഡോട്ട് കോമിന്റെ റിപ്പോർട്ടിൽ ഉണ്ട്.