വിനീത് വിഷയത്തിൽ ഔദ്യോഗിക പ്രതികരണവുമായി മഞ്ഞപ്പട

- Advertisement -

വിനീത് – ബോൾബോയ് വിഷയത്തിൽ അവസാനം മഞ്ഞപ്പടയുടെ പ്രതികരണം എത്തി. സി കെ വിനീതും മഞ്ഞപ്പടയുമായുള്ള പ്രശ്നം നാളെ ഔദ്യോഗിക കുറിപ്പോടെ അവസാനിപ്പിക്കും എന്ന് മഞ്ഞപ്പട പറഞ്ഞു. സി കെ വിനീതും മഞ്ഞപ്പടയും തമ്മിൽ അല്ല പ്രശ്നം എന്നും മറിച്ച് മഞ്ഞപ്പട ഗ്രൂപ്പിൽ ആ വിവാദ ഓഡിയോ സന്ദേശം അയച്ച ആൾക്കെതിരെ മാത്രമാണ് വിനീതിന് പ്രശ്നമുള്ളത് എന്നും മഞ്ഞപ്പട കുറിപ്പിൽ പറയുന്നു. നേരത്തെ മഞ്ഞപ്പടയിലെ ചെറിയ ഒരു വിഭാഗം ചെയ്ത കാര്യത്തിന് മഞ്ഞപ്പടയെ ആകെ പ്രതികൂട്ടിൽ ആക്കുകയാണ് വിനീത് എന്ന് ആരാധക സംഘം പറഞ്ഞിരുന്നു.

ബോൾ ബോയിയെ സി കെ വിനീത് അസഭ്യം പറഞ്ഞു എന്ന രീതിയിൽ പ്രചരിച്ച ഒരു വാട്സാപ്പ് ഓഡിയോയിൽ തുടങ്ങിയ പ്രശ്നം ഇന്ന് പോലീസിന് മുന്നിൽ എത്തിയിരുന്നു. ഓഡിയോ അയച്ച മഞ്ഞപ്പട ഗ്രൂപ്പിലെ വ്യക്തിയെ കുറിച്ചുള്ള വിവരങ്ങൾ ഇന്ന് മഞ്ഞപ്പട അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകി. കേസ് അവസാനിപ്പിക്കാൻ മഞ്ഞപ്പട ഔദ്യോഗികമായി കുറിപ്പ് നൽകണമെന്ന് വിനീതിന് വേണ്ടി ഹാജരായവർ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കുറിപ്പ് കൂടിയാലോജിച്ച ശേഷം പുറത്തിറക്കാം എന്ന് മഞ്ഞപ്പടയുടെ കൊച്ചി വിങ്ങ് പ്രസിഡന്റ് അന്വേഷണ സംഘത്തോട് പറഞ്ഞു.

എന്നാൽ ഈ വാർത്ത തെറ്റായാണ് മാധ്യമങ്ങൾ നൽകിയത് എന്നും, അത്തരം മാധ്യമങ്ങൾക്ക് എതിരെ വ്യാജ പ്രചരണത്തിന്റെ പേരിൽ നിയമ നടപടി എടുക്കും എന്നും മഞ്ഞപ്പട ഔദ്യോഗിക കുറിപ്പിൽ പറഞ്ഞു. കേസന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ ഈ കാര്യങ്ങൾ എത്തിച്ചിട്ടുണ്ട് എന്നും മഞ്ഞപ്പട പറഞ്ഞു.

Advertisement