ഇന്ത്യൻ ഫുട്ബോളിന് മാതൃകയായി മഞ്ഞപ്പട

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ആരാധകക്കൂട്ടായ്മായാണ് മഞ്ഞപ്പട എന്ന കാര്യത്തിൽ തർക്കമില്ല. തോൽവിയിലും സങ്കടം അടക്കി പിടിച്ച് ഗാലറിയും വൃത്തിയാക്കിയാണ് ഇന്ത്യൻ ഫുട്ബോളിന് മാതൃകയായി മഞ്ഞപ്പട മാറിയത്. ഹൈദരാബാദിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സിനെ ആതിഥേയരായ ഹൈദരാബാദ് എഫ്സി പരാജയപ്പെടുത്തിയിരുന്നു.

നിരാശ സമ്മാനിച്ച മത്സരശേഷം ഗാലറി വൃത്തിയാക്കിയതിന് ശേഷമാണ് ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ സ്റ്റേഡിയം വിട്ടത്. ഇതാദ്യമായല്ല ബ്ലാസ്റ്റേഴ്സ് ആരാധകർ ഗാലറി വൃത്തിയാക്കുന്നത്. കഴിഞ്ഞ സീസണിൽ മത്സരശേഷം സ്റ്റേഡിയം വൃത്തിയാക്കാനായൊരു ക്യാമ്പയിൻ തന്നെ മഞ്ഞപ്പട നടത്തിയിരുന്നു. റഷ്യൻ ലോകകപ്പിൽ സെനഗലിന്റെ ജപ്പാന്റെയും ആരാധകർ മത്സര ശേഷം ഗ്യാലറി വൃത്തിയാക്കി കയ്യടി വാങ്ങിയിരുന്നു. തോൽവിയിലും തലയുയർത്തി ഇന്ത്യൻ ഫുട്ബോളിന് മാതൃകയാകുകയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ.