ഇയാൻ ഹ്യൂം കളത്തിൽ തിരിച്ചെത്തുന്നു, പൂനെ സിറ്റി സ്ക്വാഡിൽ ഉടൻ എത്തും

- Advertisement -

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ഇയാൻ ഹ്യൂം നീണ്ട ഇടവേളയ്ക്ക് ശേഷം കളത്തിൽ തിരിച്ചെത്തുന്നു. പരിക്ക് കാരണം കഴിഞ്ഞ ഐ എസ് എൽ സീസൺ അവസാനം മുതൽ പുറത്തായ ഇയാൻ ഹ്യൂം പൂനെ സിറ്റിക്ക് ഒപ്പം ചേർന്നിരുന്നു എങ്കിലും ഇതുവരെ കളത്തിൽ ഇറങ്ങാനോ പൂനെയുടെ സ്ക്വാഡിൽ എത്താനോ ആയിരുന്നില്ല. എന്നാൽ പൂനെ സിറ്റി തങ്ങളുടെ സ്ട്രൈക്കറായ എമിലിയാനോ അൽഫാരോയെ ലോൺ അടിസ്ഥാനത്തിൽ എ ടി കെയിൽ അയച്ചതോടെ ഹ്യൂം ടീമിൽ എത്തുമെന്ന് ഉറപ്പായി.

അൽഫാരോ പോയതോടെ പൂനെ സിറ്റിക്ക് ഇപ്പോൾ ഐ എസ് എൽ സ്ക്വാഡിൽ ആറ് വിദേശ താരങ്ങൾ മാത്രമെ ഉള്ളൂ. ഏഴാം വിദേശ താരമായി ഇയാൻ ഹ്യൂമിനെ ടീമിൽ എത്തിക്കും. പരിക്കിൽ നിന്ന് മുക്തനായി വരുന്ന ഇയാൻ ഹ്യൂം പൂനെ സിറ്റിയുടെ ഫസ്റ്റ് ടീമിനൊപ്പം ട്രെയിനിങ് ആരംഭിച്ചിട്ടുണ്ട്. കൊൽക്കത്തയിൽ കേരളത്തിലും കാഴ്ചവെച്ച തന്റെ മികവ് പൂനെയിലും ഹ്യൂം കാണിക്കും എന്നാണ് ആരാധകർ കരുതുന്നത്‌.

ഐ എസ് എല്ലിലെ എക്കാലത്തെയും ടോപ്പ് സ്കോറർ ആണ് ഇയാൻ ഹ്യൂം. കഴിഞ്ഞ വർഷം കേരള ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തിയ ഹ്യൂമിന് പരിക്ക് കാരണം സീസണിൽ നിരവധി മത്സരങ്ങൾ പുറത്തിരിക്കേണ്ടി വന്നിരുന്നു. രണ്ട് സീസണുകളിലായി കേരളത്തിനായി 10 ഗോളുകൾ ഇയാൻ ഹ്യൂം നേടിയിട്ടുണ്ട്. ഹ്യൂമിന്റെ സ്കോറിംഗ് ബൂട്ടുകൾ പൂനെ സിറ്റിയെ കഷ്ടകാലത്തിൽ നിന്ന് രക്ഷിക്കും എന്നാണ് ടീമിന്റെയും പ്രതീക്ഷ.

Advertisement