സെമി സാധ്യത നിലനിർത്താൻ മുംബൈ ഇന്ന് നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെ

- Advertisement -

ഐ എസ് എല്ലിൽ ഇന്ന് സെമി പ്രവേശനം തേടി ഇറങ്ങുന്ന മുംബൈ സിറ്റി എഫ് സി നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. മുംബൈ ഫുട്ബോൾ അറീനയിൽ വെച്ചാണ് മത്സരം. ലീഗിൽ മൂന്ന് മത്സരം മാത്രം ശേഷിക്കുന്ന മുംബൈക്ക് സെമി ഫൈനൽ സാധ്യത നിലനിർത്താൻ വിജയം കൂടിയേ തീരു. ഇന്നത്തെ മത്സരത്തിൽ ഒരു സമനില പോലും അവരുടെ സെമി പ്രതീക്ഷകൾ ഇല്ലാതാക്കും.

ലീഗിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ പാടുപെടുന്ന എ ടി കെ ക്കെതിരെ ജയിച്ചാണ് മുംബൈ നോർത്ത് ഈസ്റ്റിനെ നേരിടാനിറങ്ങുന്നത്. കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ 2-1നാണു മുംബൈ എ ടി കെയെ മറികടന്നത്. അതെ സമയം സ്വന്തം ഗ്രൗണ്ടിൽ മോശം പ്രകടനമാണ് മുംബൈയെ വലക്കുന്നത്.  അവസാനം കളിച്ച നാല് മത്സരങ്ങളും സ്വന്തം ഗ്രൗണ്ടിൽ മുംബൈ തോറ്റിരുന്നു. മുംബൈ നിരയിൽ വിലക്ക് കാരണം ബൽവന്ത് സിങ്ങിന് ഇന്നത്തെ മത്സരം നഷ്ട്ടമാകും. 15 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുമായി മുംബൈ ഏഴാം സ്ഥാനത്താണ്.

കഴിഞ്ഞ നാല് മത്സരങ്ങളും 1-0എന്ന നേരിയ സ്കോറിന് പരാജയപെട്ടാണ് നോർത്ത് ഈസ്റ്റിന്റെ വരവ്. പുതിയ കോച്ചിന് കീഴിൽ മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും അവർ ആഗ്രഹിച്ച വിജയം നേടാൻ അവർക്കായിരുന്നില്ല. ഗോളടിക്കാൻ പാകത്തിലുള്ള ആക്രമണ നിര ഇല്ല എന്നതാണ് നോർത്ത് ഈസ്റ്റിന്റെ പ്രധാന വെല്ലുവിളി. ലീഗിൽ ഏറ്റവും കുറവ് ഗോളടിച്ച ടീമും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ്. 16 മത്സരങ്ങളിൽ നിന്ന് വെറും 10 ഗോൾ മാത്രമാണ് അവർ നേടിയത്.

കഴിഞ്ഞ ദിവസം ഡൽഹി ഗോവക്കെതിരെ സമനില പിടിച്ചതോടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. 16 മത്സരങ്ങളിൽ നിന്ന് നോർത്ത് ഈസ്റ്റിനു 11 പോയിന്റാണ് ഉള്ളത് . ലീഗിൽ ഏറ്റവും കൂടുതൽ മത്സരത്തിൽ തോൽവിയേറ്റുവാങ്ങിയ റെക്കോർഡും നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ആണ്. കേരള ബ്ലാസ്റ്റേഴ്സിനെതിരായ കഴിഞ്ഞ മത്സരത്തിൽ റഫറി ചുവപ്പ് കാർഡ് കാണിച്ച് ഗാലറിയിലേക്ക് പറഞ്ഞയച്ച കോച്ച് അവ്റാം ഗ്രാന്റിന് ഇന്നത്തെ മത്സരത്തിൽ സൈഡ് ലൈനിൽ ഇരിക്കാനാവില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement