
ഇഞ്ചുറി ടൈമിൽ രണ്ട് ഗോൾ പിറന്ന മത്സരത്തിൽ മുംബൈ സിറ്റിയെ സമനിലയിൽ കുടുക്കി ഗോവയുടെ വമ്പൻ തിരിച്ചുവരവ്. ഒരു വേള മത്സരത്തിൽ 2-0 പിറകിൽ പോവുകയും തുടർന്ന് സമനില പിടിക്കുകയും തുടർന്ന് വീണ്ടും ഇഞ്ചുറി ടൈമിൽ പിറകിൽ പോയിട്ടും ചോരാത്ത പോരാട്ട വീര്യം ഗോവക്ക് സമനില നേടികൊടുക്കുകയായിരുന്നു.
മത്സരത്തിൽ 3-3നാണു ഐ.എസ്.എല്ലിൽ ഒന്നാം സ്ഥാനത്ത് കുതിക്കുന്ന മുംബൈ സിറ്റിയെ ഗോവ സമനിലയിൽ തളച്ചത്. മത്സരത്തിന്റെ ആദ്യ അര മണിക്കൂറിനുള്ളിൽ തന്നെ രണ്ട് ഗോളുകൾ ഗോവൻ വലയിൽ അടിച്ചുകയറ്റി മുംബൈ സിറ്റി കരുത്തുകാട്ടി. ബൗമസും ഫോൻഡ്രെയുമാണ് മുംബൈ സിറ്റിയുടെ ഗോളുകൾ നേടിയത്.
എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് ഗോവ ഒരു ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചുവന്നു. പെനാൽറ്റി ബോക്സിനു പുറത്ത് നിന്നും ഗ്ലാൻ മാർട്ടിനസിന്റെ ബുള്ളറ്റ് ഷോട്ട് മുംബൈ ഗോൾ വല കുലുക്കുകയായിരുന്നു. തുടർന്ന് രണ്ടാം പകുതിയുടെ തുടക്കത്തിൽ അംഗുലോയുടെ ഹെഡറിൽ ഗോവ ഗോൾ നേടുകയും സമനില പിടിക്കുകയുമായിരുന്നു.
എന്നാൽ മത്സരത്തിന്റെ അവസാന മിനുട്ടിൽ മുംബൈ സിറ്റി താരം റൗളിങ് ബോർഗസ് ഗോൾ നേടി മുംബൈയെ മത്സരത്തിൽ വീണ്ടും മുൻപിൽ എത്തിച്ചെങ്കിലും ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷങ്ങളിൽ പകരക്കാരനായി ഇറങ്ങിയ ഇഷാൻ പണ്ഡിത ഗോവക്ക് സമനില നേടികൊടുക്കുകയായിരുന്നു.