മുംബൈ സിറ്റിയെ വീണ്ടും തോൽപ്പിച്ച് നോർത്ത് ഈസ്റ്റ്

ഖാലിദ് ജമീലിന്റെ കീഴിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പറക്കുകയാണ്‌. ഇന്ന് ലീഗിൽ അപരാജിത കുതിപ്പ് നടത്തിക്കൊണ്ടിരുന്ന മുംബൈ സിറ്റിയെ ആണ് നോർത്ത് ഈസ്റ്റ് പരാജയപ്പെടുത്തിയത്. ഖാലിദ് ജമീൽ പരിശീലകൻ ആയ ശേഷമുള്ള തുടർച്ചയായി മൂന്നാം വിജയവും നാലാമത്തെ അപരാജിത മത്സരവുമാണ് നോർത്ത് ഈസ്റ്റിന ഇത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഇന്നത്തെ വിജയം.

സീസണിൽ ഇത് രണ്ടാം തവണയാണ് നോർത്ത് ഈസ്റ്റ് മുംബൈ സിറ്റിയെ തോൽപ്പിക്കുന്നത്. മുംബൈ സിറ്റി ഈ സീസണിൽ ആകെ തോറ്റതും നോർത്ത് ഈസ്റ്റിനോട് മാത്രമായിരുന്നു. 12 മത്സരങ്ങൾ അപരാജിതമായി കുതിക്കുക ആയിരുന്നു മുംബൈ സിറ്റി. ഇന്ന് കൂടെ പരാജയപ്പെട്ടില്ലായിരുന്നു എങ്കിൽ അവർക്ക് ഐ എസ് എല്ലിൽ റെക്കോർഡ് ഇടാമായിരുന്നു. ഇന്ന് തുടക്കത്തിൽ തന്നെ രണ്ടു ഗോളുകളാണ് മുംബൈ വഴങ്ങിയത്.

ബെംഗളൂരു എഫ് സിയിൽ നിന്ന് ലോണിൽ എത്തിയ ബ്രൗൺ ഇന്നും ഗോളുകളുമായി തിളങ്ങി. ആദ്യ 9 മിനുട്ടിൽ തന്നെ നോർത്ത് ഈസ്റ്റ് ഇന്ന് രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തി. ആറാം മിനുട്ടിലും 9ആം മിനുട്ടിലുമായിരുന്നു ബ്രൗണിന്റെ ഗോളുകൾ. ഈ ഷോക്കിൽ നിന്ന് തിരികെയെത്താൻ മുംബൈ സിറ്റിക്ക് ആയില്ല. 85ആം മിനുറ്റിൽ ലെ ഫോണ്ട്രെയിലൂടെ ഒരു ഗോൾ മടക്കി എങ്കിലും പരാജയം ഒഴിവാക്കാൻ മുംബൈ സിറ്റിക്ക് ആയില്ല.

ഈ വിജയത്തോടെ നോർത്ത് ഈസ്റ്റ് 21 പോയിന്റുമായി നാലാം സ്ഥാനത്ത് എത്തി. 30 പോയിന്റുമായി മുംബൈ സിറ്റി ലീഗിൽ ഒന്നാമത് തന്നെ നിൽക്കുകയാണ്.