അവസാന നിമിഷം വിജയ ഗോൾ, മുംബൈ സിറ്റി ഐ എസ് എൽ ചാമ്പ്യൻസ്!!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എൽ ഫൈനലിന് ആവേശകരമായ അന്ത്യം. ഇഞ്ച്വറി ടൈമിൽ പിറന്ന ഗോളിന് മുംബൈ സിറ്റി ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം സ്വന്തമാക്കി. എ ടി കെ മോഹൻ ബഗാനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ലബോരയുടെ മുംബൈ സിറ്റി പരാജയപ്പെടുത്തിയത്. കളിയിലെ എല്ലാ ഗോളുകളും ഡിഫൻസീവ് അബദ്ധങ്ങളിൽ നിന്നായിരുന്നു. ഇന്ന് മത്സരം നന്നായി തുടങ്ങിയത് എ ടി കെ ആണ്. തുടക്കത്തിൽ ഹാവി ഹെർണാണ്ടസിന്റെ ഒരു ഫ്രീകിക്കും പിന്നാലെ താരത്തിന്റെ ഒരു ഷോട്ടും മുംബൈ ഡിഫൻസിനെ പ്രതിരോധത്തിലാക്കി.

മുംബൈ സിറ്റിയെ പന്ത് സൂക്ഷിക്കാൻ വിടാതെ പ്രസ് ചെയ്തു കളിച്ച മോഹൻ ബഗാൻ ആ പ്രസിംഗിന്റെ മികവ് കൊണ്ട് തന്നെ ആദ്യ ഗോൾ നേടി. മുംബൈയുടെ അഹ്മദ് ജാഹുവിന്റെ കാലിൽ നിന്ന് പന്ത് നേരെ എത്തിയത് പെനാൾട്ടി ബോക്സിൽ ഉണ്ടായിരുന്ന വില്യംസിനായിരുന്നു. വില്യംസിന്റെ പവർഫുൾ ഷോട്ട് തടയാൻ അമ്രീന്ദറിനായില്ല. 18ആം മിനുട്ടിൽ മോഹൻ ബഗാൻ ഒരു ഗോളിന് മുന്നിൽ.

കളിയിലേക്ക് തിരികെ വരാൻ കഷ്ടപ്പെടുക ആയിരുന്നു മുംബൈ സിറ്റിക്ക് മോഹൻ ബഗാൻ ഡിഫൻസ് ഗോൾ സമ്മാനിക്കുക ആയിരുന്നു. അഹ്മദ് ജഹുവിന്റെ ഒരു ലോംഗ് പാസ് തിരി ഹെഡ് ചെയ്ത് സ്വന്തം വലയിൽ ഇട്ടു‌. സ്കോർ 1-1. ഇതിനു ശേഷം മുംബൈ സിറ്റി അവരുടെ പതിവ് താളത്തിൽ എത്തി. ഹ്യൂഗൊ ബൗമസിന് ലീഡ് എടുക്കാൻ ഒരു മികച്ച അവസരം ലഭിച്ചു എങ്കിലും ഷോട്ട് അരിന്ദത്തിന് നേരെ ആയത് മോഹൻ ബഗാന് ഭാഗ്യമായി. ആദ്യ പകുതിയുടെ അവസാനം മുംബൈ സിറ്റി താരം അമെയ് റണവദെയ്ക്ക് പരിക്കേറ്റത് ഗ്രൗണ്ടിൽ ആശങ്ക ഉണ്ടാക്കി. താരത്തെ ആശുപത്രിയിലേക്ക് മാറ്റി.

രണ്ടാം പകുതിയിൽ ഇരുടീമുകളും അറ്റാക്ക് തുടർന്നു. 54ആം മിനുട്ടിൽ ബൗമസിന് ഒരു സുവർണ്ണാവസരം കിട്ടി എങ്കിലും താരത്തിന്റെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ പറന്നു. സാന്റാനയുടെ ഫ്രീകിക്ക് ആകട്ടെ അരിന്ദം തടുക്കുകയും ചെയ്തു. മറുവശത്ത് ഒരു സെൽഫ് ഗോളിലൂടെ മുന്നിൽ എത്തി എന്ന് കരുതി എങ്കിലും ലൈൻ റഫറി ഓഫ് വിളിച്ചു. മോഹൻ ബഗാൻ താരങ്ങൾ പ്രതിഷേധിച്ചു എങ്കിലും ഫലം ഉണ്ടായില്ല. ബഗാൻ സാവി ഹെർണാാണ്ടസിന്റെ ഷോട്ടിലൂടെ ഗോൾ സ്കോർ ചെയ്യുന്നതിന് അടുത്ത് വീണ്ടും എത്തി. അമ്രീന്ദർ അപ്പോൾ മുംബൈ സിറ്റിയുടെ രക്ഷകനായി.

കളി എക്സ്ട്രാ ടൈമിലേക്ക് പോവുകയാണ് എന്ന് തോന്നിയ സമയത്താണ് മുംബൈ സിറ്റിയുടെ വിജയ ഗോൾ വന്നത്. 90ആം മിനുട്ടിൽ അരിന്ദത്തിന് പറ്റിയ പിഴവിൽ നിന്ന് പന്ത് കൈക്കലാക്കിയ ഒഗ്ബെചെ വളരെ കൂളായി എ ടി കെ ഡിഫൻസിനെ ആകെ വെട്ടിച്ച് പന്ത് ബിപിൻ സിങിന് കൈമാറി. ബിപിൻ ഗോളിയില്ലാ പോസ്റ്റിലേക്ക് പന്ത് എത്തിച്ച് മുംബൈ സിറ്റിയുടെ കിരീട നേട്ടം ആഘോഷിച്ച്. നേരത്ത്ർ ലീഗ് ഷീൽഡ് നേടിയ മുംബൈ സിറ്റിക്ക് ഇത് അവരുടെ ആദ്യ ഐ എസ് എൽ കിരീടമാണ്. എ ടി കെയ്ക്ക് ആകട്ടെ അവരുടെ ഐ എസ് എല്ലിൽ ആദ്യ ഫൈനൽ തോൽവിയും. ഇതിനു മുമ്പ് ഫൈനലിൽ എത്തിയപ്പോൾ ഒക്കെ എ ടി കെ കിരീടം ഉയർത്തിയിരുന്നു.