മുംബൈ പിടിക്കാൻ എ.ടി.കെ

- Advertisement -

കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാർ നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ മുംബൈ സിറ്റി എഫ്.സിയെ നേരിടും.  മുംബൈയുടെ ഗ്രൗണ്ടായ മുംബൈ ഫുട്ബോൾ അറീനയിൽ വെച്ചാണ് മത്സരം. 4 മത്സരങ്ങളിൽ നിന്ന് വെറും 2 പോയിന്റുമായി എ.ടി.കെ അവസാന സ്ഥാനത്താണ്. ജയത്തോടെ പോയിന്റ് പട്ടികയിൽ മുന്നേറാനാവും മുംബൈ സിറ്റിയുടെ ശ്രമം. അഞ്ച് മത്സരങ്ങളിൽ നിന്ന് 7 പോയിന്റുമായി മുംബൈ സിറ്റി അഞ്ചാം സ്ഥാനത്താണ്.

എ.ടി.കെക്ക്  ഈ സീസണിൽ തൊട്ടതെല്ലാം പിഴച്ചതായിരുന്നു. താരങ്ങളുടെ പരിക്കും എ.ടി.കെക്ക് വിനയായി. ഐ.എസ്.എൽ സീസണിൽ ഇതുവരെ ഒരു മത്സരം പോലും ജയിക്കാനാവാതെ പോയ ഏക ടീമും എ.ടി.കെയാണ്. പരിക്ക് മാറി വന്ന റോബി കീൻ തന്നെയാവും എ.ടി.കെയുടെ ആക്രമണം നയിക്കുക. റോബി കീനിനൊപ്പം ഹിതേഷ് ശർമയും എ.ടി.കെയും ആക്രമണത്തിൽ പങ്കചേരും. ടെഡി ഷെറിങ്ഹാമിന് ഇന്നും ജയം കണ്ടെത്താനായില്ലെങ്കിൽ എ.ടി.കെ മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുള്ള സമ്മർദ്ദം കൂടുകയും ചെയ്യും.

മുംബൈയാവട്ടെ സ്വന്തം ഗ്രൗണ്ടിൽ കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ചാണ് വരുന്നത്. ആക്രമണ നിര ഇത്തവണയും ബൽവന്ത് സിങ് തന്നെയാവും നയിക്കുക. കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിന് എതിരെ ജയിച്ചെങ്കിലും ആക്രമണ നിര മികച്ച ഫോമിലല്ലാത്തത് അലക്സാന്ദ്രേ ഗുയ്മറാസിന് തലവേദനയാകും. മുംബൈ നിരയിൽ ലിയോ കോസ്റ്റയും സകീറും പരിക്കിന്റെ പിടിയിൽ നിന്ന് മോചിതനായിട്ടില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement