ബൽവന്ത് സിംഗിന്റെ ഇരട്ട ഗോളിൽ മുംബൈ

- Advertisement -

നോർത്ത് ഈസ്റ്റിനു സ്വന്തം ഗ്രൗണ്ടിലെ വിജയത്തിന് ഇനിയും കാത്തിരിക്കണം. മുംബൈ സിറ്റിക്കെതിരായ  മത്സരത്തിൽ നോർത്ത് ഈസ്റ്റിന് 2 – 0  തോൽവി. സ്വന്തം ഗ്രൗണ്ടിലെ ആദ്യ ഗോളും ആദ്യ വിജയവും തേടി ഗ്രൗണ്ടിൽ ഇറങ്ങിയ നോർത്ത് ഈസ്റ്റിനെ ഇരു പകുതികളുമായി  ബൽവന്ത് സിങ് നേടിയ ഗോളുകളിൽ മുംബൈ സിറ്റി മറികടക്കുകയായിരുന്നു.

മത്സരം തുടങ്ങി മൂന്നാം മിനുട്ടിൽ തന്നെ നോർത്ത് ഈസ്റ്റ് ഗോളിനടുത്ത് എത്തിയെങ്കിലും മാർസിഞ്ഞോയുടെ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങുകയായിരുന്നു. തുടർന്ന് ലെൻ ഡുങ്കലിന് കിട്ടിയ മികച്ചൊരു അവസരം  മുംബൈ ഗോൾ കീപ്പർ അമരീന്ദർ മാത്രം മുൻപിൽ നിൽക്കെ പുറത്തടിച്ചു കളയുകയായിരുന്നു.

തുടർന്നാണ് ബൽവന്ത് സിങ് മുംബൈ സിറ്റിക്ക് ലീഡ് നേടി കൊടുത്തത്. കാമറൂൺ താരം ഏമാനാ നൽകിയ മികച്ചൊരു ത്രൂ പാസ് ഗോൾ കീപ്പറുടെ കാലിനടിയിലൂടെ ഗോളാക്കുകയായിരുന്നു.

തുടർന്ന് രണ്ടാം പകുതിയിൽ നോർത്ത് ഈസ്റ്റ് പ്രതിരോധ നിര വരുത്തിയ പിഴവിൽ നിന്നാണ് മുംബൈ രണ്ടാമത്തെ ഗോൾ നേടിയത്. റൗളിങ് ബോർജസ് നൽകിയ മൈനസ് പാസ് പിടിച്ചെടുത്ത് ഏമാനാ നൽകിയ പാസ് ഒഴിഞ്ഞ പോസ്റ്റിലേക്ക് തട്ടിയിടേണ്ട ആവശ്യം മാത്രമേ ബൽവന്ത് സിങ്ങിന് ഉണ്ടായിരുന്നുള്ളു. ഈ സീസണിൽ ബൽവന്ത് സിംഗിന്റെ നാലാമത്തെ ഗോളായിരുന്നു ഇത്. ഐ.എസ്.എല്ലിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ഇന്ത്യക്കാരൻ എന്ന നേട്ടവും ഇതോടെ ബൽവന്ത് സിങ് സ്വന്തമാക്കി.

കളി തീരാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ മുംബൈക്ക് മൂന്നാമത്തെ ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും പോസ്റ്റിലും ബാറിലും തട്ടി പുറത്ത് പോവുകയായിരുന്നു. ഫിനിഷിങ്ങിലെ പിഴവാണ് നോർത്ത് ഈസ്റ്റിന് വിനയായത്. ജയത്തോടെ മുംബൈ നാലാം സ്ഥാനത്ത് എത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement